വാഷിങ്ടൺ: യു.എസ് പ്രസിഡൻ്റ് തെരെഞ്ഞെടുപ്പിൽ നിന്നും പിന്മാറി പ്രസിഡന്റ് ജോ ബൈഡൻ. ഡെമോക്രാറ്റിക് പാർട്ടിയുടെ പുതിയ സ്ഥാനാർത്ഥിയായി വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ പ്രഖ്യാപിച്ചു.
ബൈഡൻ മത്സരത്തിൽ നിന്നും പിന്മാറണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
‘എൻ്റെ പാർട്ടിയുടെയും രാജ്യത്തിൻ്റെയും താത്പര്യം മുൻനിർത്തി ഞാൻ പിൻവാങ്ങുകയാണ്’ ജോ ബൈഡൻ പറഞ്ഞു.
പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആവശ്യമായ മാനസികാരോഗ്യവും ശാരീരികാരോഗ്യവും ബൈഡനില്ലെന്ന ആരോപണം ശക്തമായിരുന്നു. 81 കാരനായ ബൈഡന് മത്സരിക്കാൻ മതിയായ യോഗ്യതയില്ലെന്നായിരുന്നു മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആരോപണം.
എന്നിരുന്നാലും, ബൈഡനെ മാത്രം കേന്ദ്രീകരിച്ച് തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടിരുന്ന ട്രംപിൻ്റെ റിപബ്ലിക്കൻ പാർട്ടിക്ക് ഇത് കനത്ത തിരിച്ചടി നൽകുമെന്നാണ് റിപ്പോർട്ടുകൾ.
പ്രസിഡൻ്റായത് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്ന് തീരുമാനം പങ്കു വെച്ചു കൊണ്ട് ബൈഡൻ എക്സിൽ കുറിച്ചു.
‘വീണ്ടും തെരഞ്ഞെടുപ്പിന് ശ്രമിച്ചത് എൻ്റെ ഉദ്ദേശമാണെങ്കിലും, എൻ്റെ പാർട്ടിയുടെയും രാജ്യത്തിൻ്റെയും താത്പര്യത്തിലാണ് ഇപ്പോൾ ഞാൻ വിശ്വസിക്കുന്നത്. പ്രസിഡൻ്റ് എന്ന നിലയിലുള്ള എൻ്റെ കാലാവധിയുടെ ശേഷിക്കുന്ന സമയം പ്രസിഡൻ്റ് എന്ന നിലയിലുള്ള ചുമതലകൾ നിറവേറ്റുന്നതിൽ മാത്രമായിരിക്കും ഇനി ശ്രദ്ധ,’ ബൈഡൻ എക്സിൽ പറഞ്ഞു.
സ്ഥാനാർത്ഥി കമലാ ഹാരിസിന് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. യു.എസ് തെരെഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത്രയും വൈകി മത്സരത്തിൽ നിന്ന് പിന്മാറുന്ന പ്രസിഡൻ്റാണ് ജോ ബൈഡൻ.
Content Highlight: Biden Drops Out Of Re-election Battle With Trump