മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് ബിബിന്‍ ജോര്‍ജ്. വിഷ്ണു ഉണ്ണികൃഷനുമായി ചേര്‍ന്ന് അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ടാണ് ബിബിന്റെ തുടക്കം. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ കോമ്പോ വെടിക്കെട്ട് എന്ന സിനിമയിലൂടെ സംവിധാനരംഗത്തും സാന്നിധ്യമറിയിച്ചു. ഇതിനിടയില്‍ ഒരു പഴയ ബോബ് കഥ, മാര്‍ഗംകളി എന്നീ ചിത്രങ്ങളില്‍ നായകനായും ബിബിന്‍ തിളങ്ങി.
ഭിന്നശേഷി കാരണം പത്താം ക്ലാസ് വരെ ഒരുപാട് ബുദ്ധിമുട്ടിയിരുന്നെന്ന് പറയുകയാണ് ബിബിന്‍ ജോര്‍ജ്. താന്‍ നേരിട്ട അപമാനത്തിന്റെ വ്യാപ്തി തന്റെ തലയിണക്ക് മാത്രമേ അറിയുള്ളൂവെന്ന് ബിബിന്‍ പറഞ്ഞു. പ്ലസ് ടുവിന് ശേഷം മഹാരാജാസ് കോളേജിലെത്തിയപ്പോഴാണ് താന്‍ ജീവിതത്തെ കുറച്ചുകൂടി പോസിറ്റീവായി കണ്ടുതുടങ്ങിയതെന്ന് ബിബിന്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് തനിക്ക് അങ്ങനെയൊരു കുഴപ്പമില്ലെന്ന് സ്വയം പറഞ്ഞു പഠിപ്പിച്ചെന്നും ബിബിന്‍ പറഞ്ഞു.
തന്റെ രക്ഷിതാക്കള്‍ ഒരിക്കലും തനിക്കുള്ളത് കുറവാണെന്ന് പറഞ്ഞിട്ടില്ലെന്നും അവര്‍ തന്ന സപ്പോര്‍ട്ട് വലുതായിരുന്നെന്നും ബിബിന്‍ കൂട്ടിച്ചേര്‍ത്തു. ചെറുപ്പത്തില്‍ കൂട്ടുകാര്‍ തന്റെ കുറവിനെ കളിയാക്കി സംസാരിക്കുമായിരുന്നെന്നും അന്ന് അവര്‍ക്ക് ബോഡിഷെയ്മിങ് എന്താണെന്ന് അറിയില്ലായിരുന്നെന്നും ബിബിന്‍ പറഞ്ഞു. അപ്പോഴും തന്റെ അമ്മ തന്നെ ആശ്വസിപ്പിക്കാറുണ്ടായിരുന്നെന്ന് ബിബിന്‍ കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ബിബിന്‍.
‘പത്താം ക്ലാസ് വരെ ഞാന്‍ നേരിട്ട കഷ്ടപ്പാട് ചിന്തിക്കാന്‍ പോലും പറ്റില്ല. ഞാന്‍ നേരിട്ട അപമാനത്തിന്റെയും കളിയാക്കലിന്റെയും വ്യാപ്തി എന്റെ തലയിണക്ക് മാത്രമേ അറിയുള്ളൂ. അത്രമാത്രം കരഞ്ഞിട്ടുണ്ട് ഞാന്‍. പ്ലസ് ടു കഴിഞ്ഞ് മഹാരാജാസില്‍ ഡിഗ്രി ചെയ്തതാണ് എന്റെ ലൈഫിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ്. അവിടെ നിന്നാണ് ലൈഫിനെ പോസിറ്റീവായി കാണാന്‍ തുടങ്ങിയത്. പിന്നീട് സിനിമയില്‍ ഇതുവരെ എത്തിയത് ആ ചിന്ത കൊണ്ടാണ്. ചില സിനിമയില്‍ അവസരം കിട്ടാതെ വരുമ്പോള്‍ പോലും അധികം സങ്കടപ്പെടാറില്ല.
കുട്ടിക്കാലത്ത് എനിക്ക് ഒരു കുറവും ഇല്ലെന്ന് എന്നെ പറഞ്ഞ് പഠിപ്പിച്ചത് എന്റെ പാരന്റ്‌സാണ്. അവരുടെ സപ്പോര്‍ട്ട് എത്രമാത്രം പ്രധാനമാണെന്ന് ഇപ്പോഴാണ് മനസിലാകുന്നത്. ചെറിയ പ്രായത്തില്‍ ഫ്രണ്ട്‌സുമായി തര്‍ക്കിക്കുന്ന സമയത്ത് അവര്‍ ഉത്തരം മുട്ടുമ്പോള്‍ ബോഡിഷെയ്മിങ് ചെയ്യുമായിരുന്നു.
അന്ന് അതൊക്കെ ബോഡിഷെയ്മിങ്ങാണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. അതൊക്കെ കേള്‍ക്കുമ്പോള്‍ അമ്മ പറയുന്നത് ‘നിനക്കൊരു കുഴപ്പവുമില്ലെടാ, നീ അടിപൊളിയാണ്’ എന്നാണ്. അതൊക്കെ വലിയ രീതിയില്‍ ഹെല്‍പ് ചെയ്തിട്ടുണ്ട്,’ ബിബിന്‍ ജോര്‍ജ് പറഞ്ഞു.
Content Highlight: Bibin George says how he overcome from the Bodyshaming he faced