Sports Entertainment
ലക്ഷ്മണന്‍ കാണിയുടെ ജീവിത കാഴ്ചകളുമായി സോഹന്‍ സീനുലാല്‍ ചിത്രം ഭാരത സര്‍ക്കസ് നാളെ മുതല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 08, 04:00 pm
Thursday, 8th December 2022, 9:30 pm

സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ‘ഭാരത സര്‍ക്കസ്’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ബെസ്റ്റ് വേ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജി നിര്‍മിക്കുന്ന ചിത്രം കേരളത്തിലും പുറത്തുമായി നൂറിലേറെ തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, എം.എ. നിഷാദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

നീതി തേടി പൊലീസ് സ്റ്റേഷനില്‍ എത്തുന്ന ലക്ഷ്മണന്‍ കാണി എന്ന ആദിവാസി യുവാവിന്റെ ജീവിതത്തില്‍ അടുത്ത ആറ് ദിവസങ്ങളിലായി സംഭവിക്കുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ലക്ഷ്മണന്‍ എന്ന കേന്ദ്ര കഥാപാത്രത്തില്‍ എത്തുന്നത് ബിനു പപ്പുവാണ്. ജയചന്ദ്രന്‍ നായര്‍ എന്ന സര്‍ക്കിള്‍ ഓഫീസര്‍ ആയിട്ടാണ് എം.എ. നിഷാദ് എത്തുന്നത്.

‘ടു മെന്‍’ എന്ന ചിത്രത്തിന് ശേഷം അദ്ദേഹത്തിന്റെ ശക്തമായ കഥാപാത്രമാണ് ഭാരത സര്‍ക്കസിലേത്. അനൂപ് എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടാണ് ഷൈന്‍ ടോം ചാക്കോ സിനിമയിലെത്തുന്നത്.

ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘ തോമസ്, ആരാധ്യ ആന്‍, സുനില്‍ സുഖദ, സരിത കുക്കു, അഭിജ, കലാഭവന്‍ പ്രജോദ്, ജയകൃഷ്ണന്‍, അനു നായര്‍, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായര്‍, നിയ തുടങ്ങിയവര്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്ന സിനിമയുടെ തിരക്കഥ എഴുതിയത് മുഹാദ് വെമ്പായമാണ്.

റിലീസിന് മുമ്പായി സിനിമയിലെ രണ്ട് ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. പി.എന്‍.ആര്‍.കുറുപ്പിന്റെ ‘പുലയാടി മക്കള്‍ക്ക് പുലയാണ് പോലും’ എന്ന കവിതയാണ് ആദ്യം പുറത്തിറങ്ങിയത്. അതിന് പിന്നാലെ ധാരാളം വിവാദങ്ങളും സൃഷ്ടിക്കപ്പെട്ടിരുന്നു.

ബിനു കുര്യന്‍ ഛായാഗ്രഹണം നല്‍കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വി. സാജനാണ്. ബി.കെ. ഹരി നാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കി. ഷോബിസ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണം.

 

content highlight: bharatha circus movie releasing tomorrow