അടുത്തിടെ സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ചയായിരുന്നു മാരി സെല്‍വരാജ് ചിത്രം മാമന്നന്‍. തിയേറ്റര്‍ പ്രദര്‍ശനത്തില്‍ ചിത്രം വ്യാപകമായി അഭിനന്ദിക്കപ്പെട്ടപ്പോള്‍ ഒ.ടി.ടി റിലീസിന് ശേഷം ഫഹദിന്റെ വില്ലന്‍ കഥാപാത്രം ആഘോഷിക്കപ്പെട്ടിരുന്നു. ഫഹദിന്റെ പ്രകടനത്തിന് അപ്പുറം രത്‌നവേലു എന്ന ക്രൂരനായ വില്ലനെ ആഘോഷിക്കുന്നത് ശരിയായ പ്രവണതയല്ലെന്ന വിമര്‍ശനവും ഇതിനൊപ്പം ഉയര്‍ന്നിരുന്നു.
ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് നടന്‍ ഭരത്. ഫഹദിനെ മാത്രമല്ല സെലിബ്രേറ്റ് ചെയ്യുന്നതെന്നും വടിവേലുവിനും ഉദയനിധിക്കുമുള്‍പ്പെടെയുള്ള താരങ്ങള്‍ക്കും അഭിനന്ദനം ലഭിച്ചിരുന്നുവെന്നും ഭരത് പറഞ്ഞു. സമാറ എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് ഭരത് മാമന്നനെ പറ്റി പറഞ്ഞത്.
‘ഫഹദിനെ മാത്രമല്ല സെലിബ്രേറ്റ് ചെയ്യുന്നത്. ഫഹദിനെ ആഘോഷിക്കുന്നതിന്റെ കാരണം നമുക്ക് അറിയാം. അദ്ദേഹം ഒരു അമേസിങ് ആക്ടറാണ്. ആ സിനിമയില്‍ വടിവേലു സാറിനും നല്ല റിവ്യു വന്നിരുന്നു. ഉദയനിധി സാറിനും നല്ല റിവ്യൂ വന്നിരുന്നു. അതിനൊപ്പം ഫഹദ് ഫാസില്‍ സാറിനും നല്ല റിവ്യു വന്നു. സിനിമ ഒരു ടീം എഫേര്‍ട്ടാണ്. പടം ഓടിയിട്ടുണ്ടെങ്കില്‍ അതില്‍ എല്ലാവര്‍ക്കും പങ്കുണ്ട്. ഫഹദ് ഒരു യുണീക്ക് ആക്ടറാണ്,’ ഭരത് പറഞ്ഞു.
കരിയറില്‍ വരാറുള്ള ഗ്യാപ്പിനെ പറ്റിയും ഭരത് സംസാരിച്ചു. ‘അത് ഞാന്‍ മനപ്പൂര്‍വമായി എടുക്കുന്ന ഗ്യാപ്പല്ല. ഹീറോ ആയി അഭിനയിച്ച ഒരു സിനിമ ഓടിയില്ലെങ്കില്‍ ഓട്ടോമാറ്റിക്കലി ഒരു ഗ്യാപ്പ് ഉണ്ടാവും. പിന്നെ പ്ലാന്‍ ചെയ്ത് വെച്ചിരുന്ന സിനിമ പോലും സംഭവിക്കില്ല. ചില സമയങ്ങളില്‍ മനപ്പൂര്‍വം എടുക്കുന്ന ഗ്യാപ്പ് ഉണ്ടാവാറുണ്ട്, ചില സമയത്ത് അങ്ങനെയല്ല. ഒരു ആക്ടറിന് അത് അങ്ങനെയാണ് വര്‍ക്കാവുന്നത്,’ ഭരത് പറഞ്ഞു.
അതേസമയം റഹ്‌മാന്‍ നായകനാവുന്ന സമാറ ഓഗസ്റ്റ് പത്തിനാണ് റിലീസ് ചെയ്യുന്നത്. പുതുമുഖ സംവിധായാകന്‍ ചാള്‍സ് ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം പീകോക്ക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം.കെ. സുഭാകരന്‍, അനുജ് വര്‍ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ബിനോജ് വില്ല്യ, സഞ്ജന ദിപു എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: bharath tallks about fahad fassil and maamannan issue