എവിടെയില്ലെങ്കിലും കേരളത്തിലുണ്ടാകും; ഭഗത് സിംഗിനെ കന്നഡ പാഠഭാഗത്ത് നിന്ന് ഒഴിവാക്കിയതിന് പിന്നാലെ വി. ശിവന്‍കുട്ടി
Kerala News
എവിടെയില്ലെങ്കിലും കേരളത്തിലുണ്ടാകും; ഭഗത് സിംഗിനെ കന്നഡ പാഠഭാഗത്ത് നിന്ന് ഒഴിവാക്കിയതിന് പിന്നാലെ വി. ശിവന്‍കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th May 2022, 5:43 pm

തിരുവന്തപുരം: കര്‍ണാടക സര്‍ക്കാര്‍ പത്താം ക്ലാസിലെ കന്നഡ പാഠപുസ്തകത്തില്‍ നിന്ന് ഭഗത് സിംഗിനെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കിയതിന് പിന്നാലെ കേരളത്തിലെ പാഠഭാഗങ്ങളില്‍ ഭഗത് സിംഗിന്റെ ചരിത്രം ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്.

കേരളമെന്തായാലും പാഠപുസ്തകങ്ങളിലൂടെ വിദ്യാര്‍ഥികളെ ഭഗത് സിംഗിന്റെ ചരിത്രം പഠിപ്പിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

ഇന്ത്യയുടെ ധീര പുത്രനാണ്, രക്തസാക്ഷി ഭഗത് സിംഗ്. എവിടെയില്ലെങ്കിലും കേരളത്തിലെ പാഠ പുസ്തകങ്ങളില്‍ ഭഗത് സിംഗ് ഉണ്ടാകും. ചരിത്രത്തെ എങ്ങിനെ വളച്ചൊടിച്ചാലും ഭഗത് സിംഗിനെ മായ്ക്കാനാവില്ല. ലാല്‍സലാം… എന്നായിരുന്നു മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കര്‍ണാടക സര്‍ക്കാര്‍ പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്ന് ഭഗത് സിംഗിനെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കി ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തി എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയന്നുവന്നിരുന്നു.

ആര്‍.എസ്.എസ് അജണ്ടയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും ബി.ജെ.പി ഭരണത്തിന് കീഴില്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും വിദ്യാഭ്യാസ വിദഗ്ധനായ വി.പി. നിരഞ്ജനാരാദ്യ പ്രതികരിച്ചിരുന്നു.

അതേസമയം ആര്‍.എസ്.എസിനെക്കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശമില്ലെന്നും യുവജനങ്ങള്‍ക്ക് പ്രചോദനമാകേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഹെഡ്ഗേവാറിന്റെ പ്രസംഗം മാത്രമാണ് ഉള്‍പ്പെടുത്തിയതെന്നുമാണ് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷിന്റെ വിശദീകരണം.

2022-23 അധ്യയന വര്‍ഷത്തെ പുസ്തകത്തിലാണ് ‘ആരാണ് മികച്ച പുരുഷ മാതൃക’ എന്ന തലക്കെട്ടില്‍ ഹെഡ്ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Content Highlights: Bhagat Singh history to be included in Kerala textbooks