തിരുവനന്തപുരം: മദ്യം വാങ്ങാൻ വെർച്ച്വൽ ക്യൂ ആപ്പായ ‘ബെവ്ക്യൂ’ തയ്യാറാക്കുന്ന കമ്പനി സെക്യൂരിറ്റി ടെസ്റ്റിൽ തുടർച്ചയായി പരാജയപ്പെടുന്നു. ആപ്പ് ഇനിയും പ്ലേ സ്റ്റോറിൽ എത്താത്തത് അധികൃതർക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. സെക്യൂരിറ്റി ലോഡ് ടെസ്റ്റിങ്ങുകൾ വിജയകരമായി പൂർത്തിയായാൽ മാത്രമേ പ്ലേ സ്റ്റോറിൽ ആപ്പ് സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഡാറ്റയുടെ സുരക്ഷിതത്വം സംബന്ധിച്ച പത്ത് നിർദേശങ്ങൾ പാലിക്കാൻ കമ്പനിയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
ആപ്പ് നിർമ്മിക്കുന്നതിൽ സ്റ്റാർട്ടപ്പ് കമ്പനിയെ തെരഞ്ഞെടുത്തതിൽ അധികൃതർക്ക് വീഴ്ച്ച സംഭവിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്. ഓപ്പൺ വെബ് ആപ്ലിക്കേഷൻ സെക്യൂരിറ്റി പ്രൊജക്ടിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ആപ്പിന്റെ സെക്യൂരിറ്റി ഓഡിറ്റ് ചെയ്യുന്നത്.
മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാനാണ് സർക്കാർ ബെവ്ക്യൂ ആപ്പ് വഴി മദ്യം വിതരണം ചെയ്യുമെന്ന് അറിയിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ച മദ്യശാലകൾ തുറക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം നീട്ടിവെക്കുകയായിരുന്നു. 7 ലക്ഷം പേരാണ് സാധാരണ ദിവസങ്ങളിൽ മദ്യശാലകളിൽ എത്താറുള്ളത് എന്നാണ് കണക്കുൾ സൂചിപ്പിക്കുന്നത്. തിരക്കുള്ള ദിവസങ്ങളിൽ ഇത് 10.5 ലക്ഷവും ആകാറുണ്ട്.
സ്റ്റാർട്ടപ്പ് മിഷന്റെ ടെൻഡറിൽ 29 കമ്പനികൾ പങ്കെടുത്തിരുന്നു. കമ്പനിയുടെ സാങ്കേതിക റിപ്പോർട്ട് മറ്റുള്ളവരിൽ നിന്നും മികച്ചു നിൽക്കുന്നതായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറയുന്നു. സാങ്കേതിക തകരാറുകൾ ഒഴിവാക്കാൻ വ്യത്യസ്ത പരിശോധനകൾ നടക്കുന്നതിനാലാണ് ആപ്പ് ജനങ്ങളിലെത്താൻ വൈകുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക