national news
മമത അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ കശ്മീരാകുമെന്ന് സുവേന്തു അധികാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 07, 09:42 am
Sunday, 7th March 2021, 3:12 pm

 

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ കശ്മീരാകുമെന്ന് ബി.ജെ.പി നേതാവ് സുവേന്തു അധികാരി. ബെഹാലയിലെ റാലിയിലായിരുന്നു സുവേന്തുവിന്റെ പരാമര്‍ശം.

”ശ്യാമ പ്രസാദ് മുഖര്‍ജി ഇല്ലായിരുന്നുവെങ്കില്‍ ഈ രാജ്യം ഒരു ഇസ്‌ലാമിക രാജ്യമാകുമായിരുന്നു, നമ്മള്‍ ബംഗ്ലാദേശില്‍ താമസിക്കുമായിരുന്നു. അവര്‍ (ടി.എം.സി) വീണ്ടും അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ കശ്മീരായി മാറും” സുവേന്തു പറഞ്ഞു.

അതേസമയം, ബംഗാള്‍ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്ക് എതിരെ മത്സരിക്കുന്നത് സുവേന്തു അധികാരിയാണ്. മമത ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന സുവേന്തു അധികാരി അടുത്ത കാലത്താണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സുവേന്തുവിനെ നന്ദിഗ്രാമില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

സിറ്റിംഗ് സീറ്റായ ഭബാനിപൂരിലല്ല, സുവേന്തു അധികാരിയുടെ മണ്ഡലമായ നന്ദിഗ്രാമില്‍ നിന്നുമാണ് താന്‍ മത്സരിക്കുകയെന്ന് മമത കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 50 വനിതകളും 42 മുസ്ലിങ്ങളും ഉള്‍പ്പെടുന്നതാണ് തൃണമൂലിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. 294 സീറ്റുകളില്‍ ഉത്തര ബംഗാളിലെ മൂന്ന് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ സഖ്യകക്ഷിയായ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയായിരിക്കും മത്സരിക്കുക.

തൃണമൂലും ബി.ജെ.പിയും ഒരുപോലെ ഉറ്റുനോക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇരു പാര്‍ട്ടികള്‍ക്കും ജീവന്‍ മരണപ്പോരാട്ടമായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇതില്‍ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടമായിരിക്കും നന്ദിഗ്രാമിലേതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 1 വരെയാണ് ബംഗാളില്‍ വോട്ടിംഗ് നടക്കുന്നത്. മെയ് രണ്ടിനാണ് ഫലം പ്രഖ്യാപിക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Bengal Will Become Kashmir If Trinamool Elected”: BJP’s Suvendu Adhikari