കൊല്‍ക്കത്ത: കര്‍ഷക പ്രതിഷേധത്തില്‍ സുപ്രീംകോടതി സ്വീകരിച്ച നടപടിയെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. കോടതി പ്രവര്‍ത്തിക്കേണ്ടത് ഭരണഘടനക്കനുസരിച്ചായിരിക്കണമെന്നും അല്ലാതെ രാഷ്ട്രീയം കളിക്കാന്‍ നില്‍ക്കരുതെന്നും മഹുവ പറഞ്ഞു.
പഞ്ചായത്ത് സ്റ്റൈലില്‍ ഒരു കമ്മിറ്റി ഉണ്ടാക്കിവെച്ച കോടതിയെ കര്‍ഷകര്‍ വിശ്വസിക്കുമെന്നാണോ ചീഫ് ജസ്റ്റിസ് പ്രതീക്ഷിക്കുന്നത് എന്നും എസ്.എ ബോബ്‌ഡെയോട് മഹുവ മൊയ്ത്ര ചോദിച്ചു.
കര്‍ഷകര്‍ വഞ്ചിക്കപ്പെടുകയും അപമാനിക്കപ്പെടുകയുമാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
നിലവില്‍ മൂന്ന് കര്‍ഷക നിയമങ്ങളും സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. പ്രശ്‌നം പഠിക്കാന്‍ നാലംഗ സമിതിയേയും നിയമിച്ചിരുന്നു. എന്നാല്‍ സമിതിക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. കര്‍ഷകരും സമിതിക്കെതിരെ രംഗത്തുവന്നിരുന്നു.
അതേസമയം കേന്ദ്രവും കര്‍ഷകരും തമ്മിലുള്ള പത്താം വട്ട ചര്‍ച്ച ഇന്ന് നടക്കും.
അതേസമയം, സമരം ശക്തമായിത്തന്നെ തുടരുമെന്നും റിപ്പബ്ലിക് ദിനത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ട്രാക്ടര്‍ റാലിയുമായി മുന്നോട്ട് പോകുമെന്നും കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.
റിപ്പബ്ലിക്ക് ദിനത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ട്രാക്ടര്‍ റാലി തടയണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസ് നല്‍കിയ ഹരജി ഇന്നലെ സുപ്രീംകോടതി പരിഗണിച്ചിരുന്നു. ക്രമസമാധാന വിഷയമായതിനാല്‍ കോടതിയ്ക്ക് ഇടപെടാന്‍ പരിധിയുണ്ടെന്നും റാലി തടയണോ വേണ്ടയോ എന്ന് പൊലീസിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കര്‍ഷക സംഘടനകള്‍ മുന്നോട്ട് വെച്ച ഭൂരിഭാഗം ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചെന്നാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്ങ് തോമര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. നിയമം പിന്‍വലിക്കുന്നത് സാധ്യമല്ലെന്നും നിയമത്തില്‍ വരുത്തേണ്ട ഭേദഗതികളെക്കുറിച്ച് വിശദമായി ചര്‍ച്ച നടത്താമെന്നും മന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക