Sports News
ഇന്ത്യയോട് 3-0ന് തോറ്റാലും പ്രശ്‌നമില്ല, കാരണം ഞങ്ങള്‍ ഇവിടെ വന്നത് മറ്റൊന്നിന്; മൂന്നാം ഏകദിനത്തിന് മുമ്പ് ബെന്‍ ഡക്കറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 11, 10:15 am
Tuesday, 11th February 2025, 3:45 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും ആതിഥേയര്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-0ന് ലീഡ് നേടുകയും പരമ്പര ഇതിനോടകം തന്നെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

ബുധനാഴ്ചയാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് ഡെഡ് റബ്ബര്‍ മത്സരത്തിന് വേദിയാകുന്നത്.

പരമ്പരയിലെ അവസാന മത്സരത്തിലും മികച്ച വിജയം സ്വന്തമാക്കി പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

എന്നാല്‍ പരമ്പര പരാജയപ്പെട്ടാലും കുഴപ്പമില്ല എന്നും ചാമ്പ്യന്‍സ് ട്രോഫി എന്ന ഒറ്റ ലക്ഷ്യവുമായാണ് ഇംഗ്ലണ്ട് എത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കുകയാണ് സൂപ്പര്‍ താരം ബെന്‍ ഡക്കറ്റ്. സ്‌കൈ സ്‌പോര്‍ട്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചാമ്പ്യന്‍സ് ട്രോഫി വിജയിക്കുക എന്ന ഒറ്റ ലക്ഷ്യവുമായാണ് ഞങ്ങള്‍ ഇവിടെയെത്തിയിരിക്കുന്നത്. ഞങ്ങള്‍ ഇന്ത്യയോട് 3-0 എന്ന നിലയില്‍ പരാജയപ്പെട്ടാലും, ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ അവരെ പരാജയപ്പെടുത്താന്‍ സാധിക്കുമെങ്കില്‍ ഇപ്പോഴുള്ള തോല്‍വികളെ കുറിച്ചൊന്നും ഞാന്‍ ചിന്തിക്കുന്നേയില്ല.

ശരിയായ സമയത്ത് മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് പ്രധാനം. ഞങ്ങളുടെ മികച്ച പ്രകടനമല്ല ഇതുവരെ പുറത്തെടുത്തത്, എന്നിട്ടും ഞങ്ങള്‍ ഇന്ത്യക്കൊപ്പം തന്നെ ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലായ്‌പ്പോഴും പോസിറ്റീവായ വശങ്ങളെയാണ് സ്വീകരിക്കാറുള്ളത്,’ ഡക്കറ്റ് പറഞ്ഞു.

പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി ഡക്കറ്റ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ജോ റൂട്ടിന് ശേഷം ഇംഗ്ലണ്ട് നിരയില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതും ഡക്കറ്റ് തന്നെയായിരുന്നു.

എന്നാല്‍ തന്റെ പ്രകടനത്തില്‍ ഒട്ടും തൃപ്തനല്ല എന്നാണ് ഇംഗ്ലീഷ് ഓപ്പണര്‍ അഭിപ്രായപ്പെടുന്നത്.

’65 റണ്‍സ് നേടിയതില്‍ ഞാന്‍ ഒട്ടും തൃപ്തനല്ല, എന്നാല്‍ ഞാന്‍ ഒന്നും തന്നെ മാറ്റാനും പോകുന്നില്ല. പുറത്താകുന്നത് വരെ മികച്ച പ്രകടനമാണ് ഞാന്‍ പുറത്തെടുത്തത്.

ഒരു ഇടംകയ്യന്‍ സ്പിന്നറെ മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സറിന് പറത്താന്‍ ശ്രമിച്ച് പുറത്തായതില്‍ മക്കല്ലം എന്നെ ഒരിക്കലും വിമര്‍ശിക്കില്ല. ഞാന്‍ എല്ലായ്‌പ്പോഴും കളിക്കുന്ന ഷോട്ട് തന്നെയാണത്.

നമ്മള്‍ മെനഞ്ഞ തന്ത്രങ്ങളില്‍ തന്നെ ഉറച്ചുനില്‍ക്കുക. ഡ്രസ്സിങ് റൂമില്‍ ഒരു തരത്തിലുമുളള പ്രശ്‌നങ്ങളില്ല,’ ഡക്കറ്റ് പറഞ്ഞു.

 

Content Highlight: Ben Duckett on Champions Trophy and series against India