ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിച്ചിരിക്കുകയാണ്. രണ്ടാം ദിവസം രാജ്‌ക്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 207 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ എന്ന നിലയിലാണ്.
ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് ബെന്‍ ഡക്ക്‌ലെറ്റ് നടത്തിയത്. 118 പന്തില്‍ പുറത്താവാതെ 133 റണ്‍സ് നേടിയായിരുന്നു ഇംഗ്ലണ്ട് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 21 ഫോറുകളും രണ്ട് സിക്‌സുകളുമാണ് ബെന്നിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ബെന്‍ ഡക്ക്‌ലെറ്റിനെ തേടിയെത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടിയ മൂന്നാമത്തെ താരമെന്ന ചരിത്ര നേട്ടമാണ് ബെന്‍ ഡക്ക്‌ലെറ്റ് സ്വന്തമാക്കിയത്. 88 പന്തില്‍ നിന്നുമാണ് താരം സെഞ്ച്വറി നേടിയത്.
ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടിയ താരങ്ങളില്‍ മുന്നിലുള്ളത് മുന്‍ ഓസ്‌ട്രേലിയന്‍ ആദം ഗില്‍ഗ്രിസ്റ്റ് ആണ്. 2001ല്‍ മുംബൈയില്‍ നടന്ന മത്സരത്തില്‍ 84 പന്തില്‍ നിന്നുമായിരുന്നു മുന്‍ ഓസീസ് നായകന്‍ സെഞ്ച്വറി നേടിയത്.
1974ല്‍ ഗയാനീസ് ക്രിക്കറ്റ് താരം ക്ലിവ് ലോയ്ഡ് ആണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ 85 പന്തുകളില്‍ നിന്നുമായിരുന്നു താരം സെഞ്ച്വറി നേടിയത്.
ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ സാക്ക് ക്രാവ്‌ലി 28 പന്തില്‍ 15 റണ്‍സും ഒല്ലി പോപ്പ് 55 പന്തില്‍ 39 റണ്‍സും നേടി പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ് നിരയില്‍ ആര്‍.അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി.
അതേസമയം ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 445 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബാറ്റിങ്ങില്‍ നായകന്‍ രോഹിത് ശര്‍മ 196 പന്തില്‍ 131 റണ്‍സും ഓൾ റൗണ്ടര്‍ രവീന്ദ്ര ജഡേജ 225 പന്തില്‍ 112 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.