പാകിസ്ഥാനില്‍ ഹര്‍ദിക് പാണ്ഡ്യയില്ല, അതാണ് ഇന്ത്യയുടെ വിജയം; സ്റ്റാര്‍ ഓള്‍ റൗണ്ടറെ കുറിച്ച് മുന്‍ പാക് സൂപ്പര്‍ താരം
Sports News
പാകിസ്ഥാനില്‍ ഹര്‍ദിക് പാണ്ഡ്യയില്ല, അതാണ് ഇന്ത്യയുടെ വിജയം; സ്റ്റാര്‍ ഓള്‍ റൗണ്ടറെ കുറിച്ച് മുന്‍ പാക് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th August 2022, 9:49 am

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യന്‍ ക്രിക്കറ്റിന്റെ മാമാങ്കം വീണ്ടുമെത്തുകയാണ്. ആതിഥേയരുടെ കാര്യത്തിലുള്ള അനിശ്ചിതത്വങ്ങള്‍ നീക്കി യു.എ.ഇ ഏഷ്യാ കപ്പിന്റെ വേദിയായതോടെ ക്രിക്കറ്റ് ആരാധകരെല്ലാം തന്നെ ആവേശത്തിലാണ്.

ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റമുട്ടുന്നു എന്നത് തന്നെയാണ് ഏഷ്യാ കപ്പിനായി ആരാധകരെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്.

ഇതിന് മുമ്പ് ഇരുവരും കൊരുത്തപ്പോള്‍ വിജയം പാകിസ്ഥാനൊപ്പമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐ.സി.സി ടി-20 ലോകകപ്പിലായിരുന്നു പാകിസ്ഥാന്റെ വിജയം. പത്ത് വിക്കറ്റിനായിരുന്നു പാക് പട ഇന്ത്യയെ തകര്‍ത്തുവിട്ടത്.

ഇതിന് ശേഷം നടക്കുന്ന റീ മാച്ച് എന്ന രീതിയിലാവും ഏഷ്യാ കപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം വിലയിരുത്തപ്പെടുന്നത്.

എന്നാലിതാ വരാനിരിക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ മിഡല്‍ ഓര്‍ഡര്‍ കളിയുടെ ഗതി തന്നെ മാറ്റി മറിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് 1992 വേള്‍ഡ് കപ്പ് വിന്നിങ് പാക് ടീമില്‍ അംഗമായിരുന്ന സ്റ്റാര്‍ പേസര്‍ ആഖിബ് ജാവേദ്.

ഹര്‍ദിക് പാണ്ഡ്യയെ പോലൊരു താരം പാകിസ്ഥാനില്‍ ഇല്ലാത്തതാണ് ഇന്ത്യയ്ക്ക് അനുകൂലമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാക് ടി.വി ഡോട്ട് ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ബാറ്റിങ്ങില്‍ ഇരു ടീമുകളും ഒരുപോലെയാണ്. ഇന്ത്യയുടേത് പരിചയ സമ്പന്നമായ ഒരു ബാറ്റിങ് നിരയാണ്. രോഹിത് ശര്‍മയെ പോലെ ഒരു ബാറ്റര്‍ താളം കണ്ടെത്തിക്കഴിഞ്ഞാല്‍ അദ്ദേഹത്തിന് ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ സാധിക്കും. അതുപോലെ ഫഖര്‍ സമാനും. ശ്രദ്ധിച്ച് കളിച്ചാല്‍ അവന്‍ പാകിസ്ഥാനെ വിജയിപ്പിക്കും.

എന്നാല്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും മിഡില്‍ ഓര്‍ഡര്‍, അവിടെയാണ് വ്യത്യാസമിരിക്കുന്നത്. ഒപ്പം അവരുടെ ഓള്‍ റൗണ്ടര്‍മാരും. അത് വല്ലാത്ത വ്യത്യാസമാണ് ഇരുടീമുകള്‍ക്കുമിടിയില്‍ ഉണ്ടാക്കുന്നത്.

അതില്‍ ഒരു പ്രധാന കാരണം ഹര്‍ദിക് പാണ്ഡ്യ തന്നെയാണ്. അദ്ദേഹത്തെ പോലെ ഒരു ഓള്‍ റൗണ്ടര്‍ പാകിസ്ഥാനില്‍ ഇല്ല. അത് തന്നെയാണ് ഇന്ത്യയുടെ വിജയവും,’ ജാവേദ് പറയുന്നു.

 

ഓഗസ്റ്റ് 28നാണ് ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം. ഇരുടീമുകളും ഇതിനോടകം തന്നെ സ്‌ക്വാഡ് പ്രഖ്യാപിച്ച് പ്രാക്ടീസ് ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പേസ് ബൗളിങ് സ്പിയര്‍ ഹെഡ് ജസ്പ്രീത് ബുംറ പരിക്കേറ്റ് പുറത്തായതാണ് ഇന്ത്യയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുന്നത്.

അതേസമയം, പാകിസ്ഥാന്റെ ഫൈവ് സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രിദിയും പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ അദ്ദേഹം ഏഷ്യാ കപ്പ് കളിക്കുമെന്ന് തന്നെയാണ് പാക് ക്രിക്കറ്റ് അറിയിച്ചിരിക്കുന്നത്.

 

Content highlight: Former Pak cricketer Aaqib Javed about Hardik Pandya