തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ പരാജയപ്പെട്ടതിന് കാരണം ഐക്യമില്ലായ്മയാണെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഇക്കാര്യം ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
ശക്തി കേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ എന്‍.ഡി.എയ്ക്കായില്ലെന്നും തുഷാര്‍ വിമര്‍ശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ. പി. നദ്ദയുമായി തുഷാര്‍ ചര്‍ച്ച ചെയ്യും.
അതേസമയം തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നാണ് കഴിഞ്ഞ ദിവസം തുഷാര്‍ പറഞ്ഞത്.
2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 37 സീറ്റുകളിലായിരുന്നു ബി.ഡി.ജെ.എസ് മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ 39 സീറ്റുകള്‍ ആവശ്യപ്പെടുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയത്.
സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് എ. ജി തങ്കപ്പന്‍ സംഗീത വിശ്വനാഥന്‍ എന്നിവരുടെ പേരുകളും തുഷാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം കേരളത്തിലെ ബി.ജെ.പിയിലേയും എന്‍.ഡിഎയിലെയും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ജനുവരി 15ന് കേരളത്തിലെത്തും. സംഘടനാ ജനറല്‍ സെക്രട്ടറി ബി. എല്‍ സന്തോഷാണ് തര്‍ക്ക പരിഹാരത്തിനായി കേരളത്തിലെത്തുന്നത്.
തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് ഈ മാസം അവസാനത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാനാണ് തീരുമാനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക