ആ കൂട്ടത്തില്‍ ബി.സി.സി.ഐ പ്രസിഡന്റായ ഞാനില്ല; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച 1983 സ്‌ക്വാഡിലെ റോജര്‍ ബിന്നി
Sports News
ആ കൂട്ടത്തില്‍ ബി.സി.സി.ഐ പ്രസിഡന്റായ ഞാനില്ല; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച 1983 സ്‌ക്വാഡിലെ റോജര്‍ ബിന്നി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd June 2023, 12:16 pm

ഒരു മാസത്തിലധികമായി തെരുവില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി 1983 ലോകകപ്പ് ടീം രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഗുസ്തി താരങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നായിരുന്നു സംയുക്ത പ്രസ്താവനയിലൂടെ കപിലിന്റെ ചെകുത്താന്‍മാര്‍ ആവശ്യപ്പെട്ടത്.

മുന്‍ ഇന്ത്യന്‍ താരങ്ങളുടെ ഈ പ്രവൃത്തിയെ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. നിലവിലെ ഇന്ത്യന്‍ താരങ്ങളോ സോ കോള്‍ഡ് ലെജന്‍ഡുകളോ വിഷയം കണ്ടതായി പോലും ഭാവിക്കാതെ നില്‍ക്കുമ്പോഴാണ് 1983 ടീം ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയറിയിച്ചത്.

എന്നാല്‍ താന്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് പറയുകയാണ് 1983 ലോകകപ്പ് ടീമിലെ അംഗവും നിലവിലെ ബി.സി.സി.ഐ അധ്യക്ഷനുമായ റോജര്‍ ബിന്നി.

 

1983 ടീം പുറത്തിറക്കിയ പ്രസ്താവനയില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും സ്‌പോര്‍ട്‌സും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

‘ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഞാന്‍ ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല എന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ആ പ്രശ്‌നം എന്തുതന്നെയായാലും അത് പരിഹരിക്കാന്‍ അധികാരികള്‍ക്ക് സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഒരു മുന്‍ ക്രിക്കറ്റ് താരം എന്ന നിലയില്‍ സ്‌പോര്‍ട്‌സില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ റോജര്‍ ബിന്നി പറഞ്ഞു.

കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, കൃഷ്ണമാചാരി ശ്രീകാന്ത് അടക്കമുള്ള താരങ്ങളായിരുന്നു കഴിഞ്ഞ ദിവസം ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായെത്തിയത്.

 

ഗുസ്തി താരങ്ങള്‍ മെഡലുകള്‍ ഗംഗയിലെറിയാന്‍ പോയ സംഭവവും, പാര്‍ലമെന്റ് മാര്‍ച്ചിനിടയില്‍ അവരെ പൊലീസ് കൈകാര്യം ചെയ്ത വിധവും തങ്ങളെ നിരാശരാക്കിയെന്നും മാനസികമായി തളര്‍ത്തിയെന്നും താരങ്ങള്‍ സംയുക്ത വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഗുസ്തി താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനം മാത്രമല്ലെന്നും അവരാണ് യഥാര്‍ത്ഥ സന്തോഷമെന്നും വെറ്ററന്‍ താരങ്ങള്‍ പറയുന്നു. രാജ്യത്തെ നിയമങ്ങള്‍ വിജയിക്കട്ടെയെന്നും അതുവരേക്കും ബുദ്ധിമോശമൊന്നും കാണിക്കാതിരിക്കാന്‍ താരങ്ങള്‍ക്ക് കഴിയട്ടെയെന്നും അവര്‍ പറയുന്നു.

വര്‍ഷങ്ങളുടെ ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും ശ്രമഫലമായി ലഭിച്ച മെഡലുകള്‍ ഒഴുക്കികളയില്ലെന്ന് പ്രതീക്ഷിക്കുകയാണെന്നും മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ഗുസ്തി താരങ്ങള്‍ അവരുടെ മെഡലുകള്‍ ഒഴുക്കി കളയാന്‍ തീരുമാനിച്ചത് ഹൃദയഭേദകമാണെന്ന് മുന്‍ ക്രിക്കറ്റ് താരം മദന്‍ ലാലും എ.എന്‍.ഐയോട് പറഞ്ഞു.

വീരേന്ദര്‍ സെവാഗ്, ഇര്‍ഫാന്‍ പത്താന്‍, റോബിന്‍ ഉത്തപ്പ എന്നിവരൊഴികെയുള്ള മറ്റ് ക്രിക്കറ്റ് താരങ്ങളൊന്നും ഗുസ്തി താരങ്ങളെ പിന്തുണച്ചിട്ടില്ല. കഴിഞ്ഞ ദിവസം വിഷയത്തില്‍ മൗനം പാലിക്കുന്ന സച്ചിന്റെ മുംബൈയിലെ വസതിക്ക് മുന്നില്‍ മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.

 

Content Highlight: BCCI President Roger Binny distances himself from his statement about Indian wrestlers from the 1983 World Cup team.