റൊണാള്‍ഡോയെ വീണ്ടും തഴഞ്ഞ് ബയേണ്‍; തന്റെ കരാര്‍ പുതുക്കി ഇബ്രഹാമോവിച്ച്; ചൂടുപിടിച്ച് ഫുട്‌ബോള്‍ ലോകം
Football
റൊണാള്‍ഡോയെ വീണ്ടും തഴഞ്ഞ് ബയേണ്‍; തന്റെ കരാര്‍ പുതുക്കി ഇബ്രഹാമോവിച്ച്; ചൂടുപിടിച്ച് ഫുട്‌ബോള്‍ ലോകം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th July 2022, 11:39 am

ബാഴ്‌സലോണയിലേക്ക് ചേക്കേറിയ റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പരിഗണിക്കുന്നില്ലെന്ന് ബയേണ്‍ മ്യൂണിക്.

ലെവന്‍ഡോസ്‌കിക്ക് പകരക്കാരനായി റൊണാള്‍ഡോ തങ്ങളുടെ പദ്ധതിയിലില്ലെന്നും ഇപ്പോള്‍ ഉയരുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ബയേണ്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബയേണില്‍ നിന്നും ബാഴ്‌സയിലേക്കെത്തിയത്. പോളിഷ് സൂപ്പര്‍ താരം ബയേണിനോട് ബൈ പറഞ്ഞ് സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് റൊണാള്‍ഡോ ബുണ്ടസ് ലീഗയില്‍ കളിക്കാന്‍ ബയേണിലേക്ക് പോകുന്നു എന്ന അഭ്യൂഹം വീണ്ടും ശക്തമായത്.

എന്നാല്‍ ഇക്കാര്യം ബയേണ്‍ പാടേ നിഷേധിക്കുകയായിരുന്നു.

‘റൊണാള്‍ഡോയോട് ഞങ്ങള്‍ക്ക് ഏറെ ബഹുമാനമുണ്ട്. താരത്തിന്റെ കരിയറിനും അദ്ദേഹം നേടിയ വിജയങ്ങള്‍ക്കും അതേ ബഹുമാനം തന്നെയാണ് നല്‍കുന്നതും. എന്നാല്‍ ഞങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നു അത് ഞങ്ങളുടെ വിഷയമാവാന്‍ പോവുന്നില്ല,’ ബയേണിന്റെ സ്‌പോര്‍ടിങ് ഡയറക്ടര്‍ വ്യക്തമാക്കി.

 

 

അതേസയം, സീരി എയില്‍ സ്വീഡന്‍ സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രഹാമോവിച്ച് എ.സി മിലാനില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തയാഴ്ചയോടെ താരം മിലാനുമായുള്ള കരാര്‍ പുതുക്കുമെന്ന് വിവിധ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസം ഇബ്രയുടെ മിലാനുമായുള്ള കരാര്‍ അവസാനിച്ചിരുന്നു. നിലവില്‍ ഫ്രീ ഏജന്റായ താരത്തെ തിരികെ ടീമിലേക്കെത്തിക്കാനാണ് മിലാന്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ സീസണില്‍ മിലാന് വേണ്ടി 27 മത്സരങ്ങള്‍ കളിച്ച ഇബ്രാഹമോവിച്ച് എട്ട് ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ മെയില്‍ ശസ്ത്രക്രിയക്ക് വിധേയനായ ഇബ്രഹാമോവിച്ചിന് അടുത്ത ജനുവരി വരെ കളത്തിലിറങ്ങാന്‍ സാധിക്കില്ല. എന്നിരുന്നാലും താരത്തെ ടീമില്‍ നിലനിര്‍ത്താന്‍ തന്നെയാണ് മിലാന്‍ ഒരുങ്ങുന്നത്.

 

Content Highlight:  Bayern refuses Ronaldo again; Ibrahimovic renews his contract with AC Milan; The football world is heating up