കടലും,തീരങ്ങളും ഇഷ്ടപ്പെടാത്തവരുണ്ടോ? ഓരോ തീരത്തിനും ഓരോ കഥ പറയാനുണ്ടാകും. ചില തീരങ്ങള്‍ ആഘോഷങ്ങളുടെ ആസ്വാദനം നല്‍കുമ്പോള്‍ ചില തീരങ്ങള്‍ക്ക് മനസ്സിന് ശാന്തതയും ഊര്‍ജ്ജവും പകരാനാകും. എന്നാല്‍ ഒരുപാട് പോരാട്ടങ്ങളുടെയും,സാംസ്‌കാരിക മത പാരമ്പര്യങ്ങളുടെയും ഒരു പരിച്ഛേദമുറങ്ങുന്ന, ചരിത്രപ്രാധാന്യമുള്ള മണ്ണാണ് കര്‍ണാടകയിലെ ബട്കല്‍.
നഗരക്കാഴ്ച്ചകള്‍ക്ക് ശേഷം ഒന്നു ശാന്തമാകാന്‍ വന്നിരിക്കാവുന്ന തീരം.വാസ്തുവിദ്യകളുടെയും വിജയനഗര സാമ്രാജ്യം അടക്കമുള്ള ഏറെ പഴക്കംചെന്ന സാമൂഹ്യ,ജീവിത ചരിത്രങ്ങളുടെയും സംഗമഭൂമിയാണിവിടം. സഞ്ചാരികളുടെ മനം കവരുന്ന ബീച്ചാണ് ബട്കലിന്റെ സൗന്ദര്യം.രാജ്യത്തെ തന്നെ ഏറ്റവും പഴക്കംചെന്ന തുറമുഖങ്ങളില്‍ ഒന്നാണിത്. കൊങ്കണ്‍ വഴി ഇവിടെ ബുദ്ധിമുട്ടില്ലാതെ എത്താം.
ചരിത്രം പറഞ്ഞാല്‍!
ഉത്തര കന്നഡയിലെ ഈ പ്രദേശം ഹൊയ്‌സാല സാമ്രാജ്യത്തിന്റെയും വിജയനഗര സാമ്രാജ്യത്തിന്റെയും,പോര്‍ച്ചുഗീസ്,ടിപ്പുപടയോട്ടങ്ങളുടെയുമൊക്കെ ഭാഗമായി നിലകൊണ്ടിട്ടുണ്ട്. ഈ കാലഘട്ടങ്ങളുടെ അവശേഷിപ്പുകള്‍ ബട്കലില്‍ ഇപ്പോഴും കാണാം.
കടല്‍ത്തീരം
മുരുടേശ്വര കോട്ടയുടെ തീരത്തുള്ള ഈ ബീച്ചിന്റെ സൗന്ദര്യം ഏവരെയും ആകര്‍ഷിക്കും.നേരം പോകുന്നതറിയാതെ ഇരുന്ന് പോകുന്ന ഒരു ബീച്ചാണിത്. ശാന്തമായ കടലിന്റെയും പശ്ചിമഘട്ടത്തിന്റെയും കാഴ്ച മനോഹരമാണ്. പണ്ടുകാലത്ത് ഒരുപാട് സമ്പന്നമായിരുന്ന ഒരു തുറമുഖം കൂടിയാണിത്. ബീച്ചില്‍ വിദൂരകാഴ്ചകള്‍ക്കായി ലൈറ്റ് ഹൗസുമുണ്ട്.
സന്ദര്‍ശിക്കേണ്ടവ
ബട്കലില്‍ ചെന്നാല്‍ കടല്‍തീരത്തെ മനോഹാരിത അനുഭവിക്കുന്നതിനൊപ്പം തന്നെ കേതപ്പയ്യ നാരായണ ക്ഷേത്രം,ജാമിയ മസ്ജിദ്,ഖലീഫ മസ്ജിദ്,നൂര്‍മസ്ജിദ് എന്നിവ സന്ദര്‍ശിക്കാന്‍ മറക്കരുത്.
വാസ്തുവിദ്യകളുടെ പരിച്ഛേദമായി ക്ഷേത്രങ്ങള്‍
കേതപയ്യ ക്ഷേത്രം
കേതപയ്യ ക്ഷേത്രം വിജയനഗര വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്. അഷ്ടദിക്പാലകന്മാര്‍ കാവലാളായുള്ള തരത്തിലാണ് നവഗ്രഹ മണ്ഡപം ഏതൊരു ചരിത്രകുതുകികളെയും ഇങ്ങോട്ട് ആകര്‍ഷിക്കും. കൊത്തുപ്പണികളും അലങ്കാരങ്ങള്‍ക്കുമൊക്കെ നൂറ്റാണ്ടുകളുടെ പഴക്കമു്ട്. കവാടത്തിലെത്തിയാല്‍ വലിയൊരു കൊടിമരവും കാണാം.
നൂറ്റാണ്ടുകള്‍ പ്രായമുള്ള മുസ്ലിം പള്ളികള്‍
കര്‍ണാടകത്തിലെ ഇസ്ലാമിക പാരമ്പര്യത്തിന്റെ നേര്‍ക്കാഴ്ചകളാണ് ഇവിടുത്തെ പള്ളികള്‍. പുരാതന പള്ളികള്‍ എട്ടെണ്ണമാണ് ബട്കലിലുള്ളത്.
ജാമിഅ മസ്ജിദ്
ഹിജ്‌റ 851 ല്‍ നിര്‍മിച്ച ജാമിഅ മസ്ജിദ് ഇസ്ലാമിക ചരിത്രത്തിന്റെ അവിഭാജ്യഘടകമാണ്. ഈ പള്ളിയ്ക്ക് മുകളില്‍ ഒരു സ്വര്‍ണമകുടം ഉണ്ട്. പതിനായിരം പേര്‍ക്ക് ഒരൊറ്റ സമയം പ്രാര്‍ത്ഥനയ്ക്ക് സൗകര്യമുള്ള പള്ളിയാണിത്. നിര്‍മാണത്തിലും നൂറ്റാണ്ടുകളുടെ സൗന്ദര്യം ദര്‍ശിക്കാം
ഖലീഫ മസ്ജിദ്
200 വര്‍ഷം പഴക്കമുള്ള ഖലീഫ മസ്ജിദ് 1966,1972 ലും പൊളിച്ചുനിര്‍മിച്ചു. രണ്ട് വലിയ മിനാരങ്ങള്‍ ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.
സുല്‍ത്താന്‍ പള്ളി
1211 ല്‍ ടിപ്പുവിന്റെ ഭരണകാലത്താണ് ഈ പള്ളി നിര്‍മിച്ചത്. ദ്രാവിഡ വാസ്തുവിദ്യ അത്രത്തോളം മനോഹരമാണ്. ബട്കലിലെ സഞ്ചാരികളുടെ കേന്ദ്രമാണ് ഈ പള്ളി.
കടവിനക്കട്ട അണക്കെട്ട്
ബട്കലിലെ ജലവിതരണത്തിനുള്ള പ്രധാന ആശ്രയമാണ് ഈ അണക്കെട്ട്. മനോഹരമായ അണക്കെട്ട് സന്ദര്‍ശിക്കാമെങ്കിലും പരിസരങ്ങളില്‍ പോലും നീന്തലും കുളിയുമൊന്നും അനുവദനീയമല്ല.
വരാനുള്ള മാര്‍ഗങ്ങള്‍
മംഗലാപുരം വിമാനത്താവളമാണ് ബട്കലിന് ഏറ്റവും അടുത്ത വിമാനത്താവളം. റോഡ്, റെയില്‍ മാര്‍ഗവും ബട്കലില്‍ എത്തുക എളുപ്പമാണ്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്താണ് കൂടുതലായും സഞ്ചാരികള്‍ ഇവിടെയെത്തുന്നത്.ട്രെയിന്‍ യാത്രയാണെങ്കില്‍ കൊങ്കണ്‍ വഴിയും ഇവിടെയെത്താം. നഗരങ്ങളില്‍ നിന്ന് ബസ് സര്‍വീസും ഉണ്ട്