Sports News
ലോകകപ്പില്‍ രണ്ട് സെഞ്ച്വറിയടിച്ചാല്‍ കോഹ്‌ലിയാകില്ല, ഞാന്‍ സെലക്ടറാണെങ്കില്‍ അവന്‍ ആ ടൂര്‍ണമെന്റ് കളിക്കില്ല: ബാസിത് അലി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 14, 08:27 am
Saturday, 14th September 2024, 1:57 pm

ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് മടങ്ങിയെത്താനൊരുങ്ങുന്ന സൂപ്പര്‍ താരം ശ്രേയസ് അയ്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് താരം ബാസിത് അലി. റെഡ് ബോള്‍ ഫോര്‍മാറ്റിന് ശ്രേയസ് ഒരു തരത്തിലുമുള്ള ബഹുമാനവും നല്‍കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ദുലീപ് ട്രോഫിയിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബാസിത് അലി അയ്യര്‍ക്കെതിരെ രംഗത്തെത്തിയത്. താന്‍ ഇന്ത്യന്‍ സെലക്ടറായിരുന്നെങ്കില്‍ ഒരിക്കലും ശ്രേയസിനെ ദുലീപ് ട്രോഫിയുടെ ഭാഗമാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 

‘ശ്രേയസ് അയ്യരിന് റെഡ് ബോള്‍ ഫോര്‍മാറ്റിനോടുള്ള അഭിനിവേശമെല്ലാം തന്നെ നഷ്ടപ്പെട്ടു. ഇപ്പോള്‍ ബൗണ്ടറികള്‍ നേടാന്‍ മാത്രമാണ് അവന് താത്പര്യമുള്ളത്. താന്‍ മുന്‍ഗണന നല്‍കേണ്ടത് എന്തിനാണെന്ന് അവന്‍ തന്നെ തീരുമാനിക്കണം.

ലോകകപ്പില്‍ രണ്ട് സെഞ്ച്വറിയടിച്ചാല്‍ വിരാട് കോഹ്‌ലിയെ പോലെയാണെന്നാണ് അവന്‍ ധരിച്ചിരിക്കുന്നതെങ്കില്‍ അത് അങ്ങനെയല്ല എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അവനെ ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ ആരാധകരെ ഓര്‍ത്ത് എനിക്ക് സങ്കടമുണ്ട്. ഞാനായിരുന്നു ഇന്ത്യയുടെ സെലക്ടറെങ്കില്‍ അവനൊരിക്കലും ദുലീപ് ട്രോഫി കളിക്കില്ലായിരുന്നു. അവന്‍ ആ ഗെയിമിന് ഒരു ബഹുമാനവും നല്‍കുന്നില്ല,’ ബാസിത് അലി പറഞ്ഞു.

അതേസമയം, ആനന്ത്പൂരിലെ റൂറല്‍ ഡെവലപ്മെന്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ എ-ക്കെതിരെ ഇന്ത്യ ഡി-യുടെ മത്സരം തുടരുകയാണ്. ശ്രേയസ് അയ്യരാണ് ഇന്ത്യ ഡി ടീമിന്റെ നായകന്‍.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ സൂപ്പര്‍ താരം ഷാംസ് മുലാനിയുടെയും തനുഷ് കോട്ടിയന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ 290 റണ്‍സ് നേടി. മുലാനി 187 പന്തില്‍ 89 റണ്‍സ് നേടിയപ്പോള്‍ 80 പന്തില്‍ 53 റണ്‍സാണ് തനുഷ് കോട്ടിയന്‍ ടോട്ടലിലേക്ക് സംഭാവന ചെയ്തത്.

ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ഡി-ക്കായി ഹര്‍ഷിത് റാണ നാല് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. വിദ്വത് കവേരപ്പയും അര്‍ഷ്ദീപ് സിങ്ങും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ സൗരഭ് കുമാറും സാരാംശ് ജെയ്നുമാണ് ബാക്കിയുള്ള വിക്കറ്റ് നേടിയത്.

ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഡി-ക്കായി ദേവ്ദത്ത് പടിക്കല്‍ മാത്രമാണ് ചെറുത്തുനിന്നത്. 124 പന്തില്‍ 92 റണ്‍സാണ് താരം നേടിയത്. ശ്രേയസ് അയ്യര്‍ ഏഴ് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായി.

ഒടുവില്‍ ആദ്യ ഇന്നിങ്സില്‍ 183 റണ്‍സിനാണ് ടീം പുറത്തായത്. ഇന്ത്യ എ-യ്ക്കായി ആഖിബ് ഖാനും ഖലീല്‍ അഹമ്മദും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ തനുഷ് കോട്ടിയന്‍, പ്രസിദ്ധ് കൃഷ്ണ, ഷാംസ് മുലാനി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

107 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ 81 ഓവര്‍ പിന്നിടുമ്പോള്‍ 314ന് മൂന്ന് എന്ന നിലയിലാണ്.

സിങ് 189 പന്തില്‍ 122 റണ്‍സ് നേടി പുറത്തായി. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ 87 പന്തില്‍ 56 റണ്‍സും റിയാന്‍ പരാഗ് 31 പന്തില്‍ 20 റണ്‍സും നേടി പുറത്തായി. 132 പന്തില്‍ 77 റണ്‍സുമായി തിലക് വര്‍മയും 48 പന്തില്‍ 34 റണ്‍സുമായി ശാശ്വത് റാവത്തുമാണ് ക്രീസില്‍.

 

 

Content Highlight: Basith Ali slams Shreyas Iyer after poor performance in Duleep Trophy