ശ്രേയസിനേക്കാള്‍ 1000 മടങ്ങ് മികച്ച താരമാണ് അവന്‍; വമ്പന്‍ തെരഞ്ഞടുപ്പുമായി മുന്‍ പാകിസ്ഥാന്‍ താരം
sports nws
ശ്രേയസിനേക്കാള്‍ 1000 മടങ്ങ് മികച്ച താരമാണ് അവന്‍; വമ്പന്‍ തെരഞ്ഞടുപ്പുമായി മുന്‍ പാകിസ്ഥാന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th August 2024, 8:29 pm

കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ശ്രീലങ്ക വിജയം സ്വന്തമാക്കിയിരുന്നു. 110 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ലങ്ക സ്വന്തമാക്കിയത്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 26.1 ഓവറില്‍ 138 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ ഏകദിന പരമ്പര 2-0ന് ലങ്കസ്വന്തമാക്കുകയായിരുന്നു.

ഏകദിന പരമ്പരയില്‍ ഏറെ കാലത്തിന് ശേഷം തിരിച്ചുവന്ന ശ്രേയസ് അയ്യര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. ആദ്യ മത്സരത്തില്‍ 23 റണ്‍സും രണ്ടാം മത്സരത്തില്‍ ഏഴ് റണ്‍സും അവസാന മത്സരത്തില്‍ എട്ട് റണ്‍സുമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

ഇപ്പോള്‍ ശ്രേയസിനേക്കാള്‍ മികച്ച താരം ഇന്ത്യയുടെ ടി-20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി. അയ്യരേക്കാള്‍ 1000 മടങ്ങ് മികച്ച താരം സൂര്യയാണെന്നാണ് ബാസിത് പറഞ്ഞത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സ്പിന്നര്‍മാരെ ആക്രമിക്കുവാന്‍ കഴിവുള്ള സൂര്യയെയാണ് ഇന്ത്യയ്ക്ക് ആവശ്യമെന്നാണ്.

‘ശ്രേയസ് അയ്യരുടെ ശരാശരി 40ന് മുകളിലാണ്, എന്നാല്‍ സൂര്യകുമാര്‍ യാദവ് അയ്യരേക്കാള്‍ 1000 മടങ്ങ് മികച്ച താരമാണ്. നിങ്ങള്‍ക്ക് സ്വീപ്പും റിവേഴ്സ് സ്വീപ്പും കളിക്കാന്‍ കഴിയുന്ന ഒരാളെയാണ് വേണ്ടത്. സൂര്യകുമാര്‍ യാദവിനും യശസ്വി ജെയ്സ്വാളിനും ശ്രീലങ്കന്‍ സ്പിന്നര്‍മാരെ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നു,’ ബാസിത് പറഞ്ഞു.

 

Content Highlight: Basit Ali Talking About Suryakumar Yadav