അവന്‍ അപകടകാരിയായ ബൗളറാണ്, ഓസ്‌ട്രേലിയക്കെതിരെ അവന്‍ കളിക്കുമെന്ന് കരുതുന്നു: ബാസിത് അലി
Sports News
അവന്‍ അപകടകാരിയായ ബൗളറാണ്, ഓസ്‌ട്രേലിയക്കെതിരെ അവന്‍ കളിക്കുമെന്ന് കരുതുന്നു: ബാസിത് അലി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd September 2024, 3:16 pm

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 280 റണ്‍സിനാണ് രോഹിത് ശര്‍മയും സംഘവും ബംഗ്ലാദേശിനെ തകര്‍ത്തുവിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 515 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 234 റണ്‍സിന് പുറത്താവുകയായിരുന്നു.

ആര്‍. അശ്വിന്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റുകള്‍ നേടിക്കൊണ്ടാണ് അശ്വിന്‍ കരുത്തുകാട്ടിയത്. 21 ഓവറില്‍ 88 റണ്‍സ് വിട്ടു നല്‍കിയാണ് അശ്വിന്‍ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

മാത്രമല്ല ആദ്യ ഇന്നിങ്‌സില്‍ ജസ്പ്രീത് ബുംറ നാല് വിക്കറ്റുകള്‍ നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു. ഇന്ത്യയുടെ മുന്‍നിര ബൗളര്‍മാരെല്ലാവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന് പുറമെ യുവ ബൗളര്‍മാരും മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു.

ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തെക്കുറിച്ച് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി സംസാരിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ പാകിസ്ഥാന്‍ ഇതിഹാസ ബൗളര്‍മാരുടെ നിലവാരം കാണിക്കുന്നുണ്ടെന്നും ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ യുവ താരം മയങ്ക് യാദവ് കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും ബാസിത് പറഞ്ഞു.

‘വസീം അക്രം, ഷൊയ്ബ് അക്തര്‍, വഖാര്‍ യൂനിസ് എന്നിവരുടെ അതേ നിലയിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍. പക്ഷെ ആ ഗ്രൂപ്പിലെ മുഹമ്മദ് ഷമി ഇപ്പോള്‍ കളിക്കുന്നില്ല. പക്ഷെ ഓസ്ട്രേലിയയ്ക്കെതിരെ മായങ്ക് യാദവിന്റെ ബൗളിങ് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന്‍ അപകടകാരിയായ ബൗളറാണ്, ഓസ്ട്രേലിയയില്‍ ഒരു ടെസ്റ്റ് മത്സരം അവന്‍ കളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ബാസിത് അലി പറഞ്ഞു.

മായങ്ക് യാദവ് ഇന്ത്യയ്ക്ക് വേണ്ടി ഇതുവരെ ഇന്റര്‍ നാഷണല്‍ അരങ്ങേറ്റം നടത്തിയിട്ടില്ല. ഐ.പി.എല്ലില്‍ 2024 സീസണില്‍ അരങ്ങേറ്റം നടത്തിയ താരം നാല് മത്സരത്തില്‍ നിന്ന് 73 പന്തെറിഞ്ഞ് 85 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 3/14 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിന് ഉണ്ട്.

 

 

Content Highlight: Basit Ali Talking About Mayank Yadav