ഓസ്‌ട്രേലിയയ്ക്ക് 5-0ന് ഇന്ത്യയെ പരാജയപ്പെടുത്താം, പക്ഷെ ഒരു പ്രശ്‌നമുണ്ടല്ലോ പോണ്ടിങ്ങേ!; വമ്പന്‍ പ്രസ്താവനയുമായി ബാസിത് അലി
Sports News
ഓസ്‌ട്രേലിയയ്ക്ക് 5-0ന് ഇന്ത്യയെ പരാജയപ്പെടുത്താം, പക്ഷെ ഒരു പ്രശ്‌നമുണ്ടല്ലോ പോണ്ടിങ്ങേ!; വമ്പന്‍ പ്രസ്താവനയുമായി ബാസിത് അലി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th August 2024, 1:43 pm

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പര നവംബര്‍ 26നാണ് ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26-30 വരെയാണ് നടക്കുക. രണ്ടാം മത്സരം ഡിസംബര്‍ 6-10 തിയ്യതിയിലും മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14-18നും നാലാം ടെസ്റ്റ് 26-30 തിയ്യതിയിലും നടക്കും. ശേഷം അവസാന ടെസ്റ്റ് 2025 ജനുവരി 3-7നുമാണ് നടക്കുക.

ഈ പരമ്പരയ്ക്ക് മുന്നോടിയായി മുന്‍ ഓസീസ് നായകനും പരിശീലകനുമായ റിക്കി പോണ്ടിങ് സംസാരിച്ചിരുന്നു. പരമ്പരയില്‍ ഇന്ത്യയെ 3-1ന് ഓസ്‌ട്രേലിയ പരാജയപ്പെടുത്തുമെന്നാണ് റിക്കി പോണ്ടിങ് പറഞ്ഞത്. എന്നാല്‍  പോണ്ടിങ് പറഞ്ഞ സ്റ്റേറ്റ്‌മെന്റിനേക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി. ഒരു സുപ്രധാന പരമ്പരയ്ക്ക് മുന്നോടിയായി മുന്‍ ഓസീസ് താരങ്ങള്‍ മൈന്‍ഡ് ഗെയിം കളിക്കും എന്നാണ് അലി പറഞ്ഞത്.

‘ഇന്ത്യയ്‌ക്കെതിരെ ഓസ്ട്രേലിയ 3-1ന് ജയിക്കുമെന്ന് റിക്കി പോണ്ടിങ് പറഞ്ഞു. അദ്ദേഹം മൈന്‍ഡ് ഗെയിമുകള്‍ ആരംഭിച്ചതിനാല്‍ ഇത് ഒരു വലിയ പ്രസ്താവനയാണ്. ഈ തന്ത്രങ്ങളെക്കുറിച്ച് ഇന്ത്യന്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും അറിയാം, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ കഴിഞ്ഞ രണ്ട് പതിപ്പുകളിലും ഇന്ത്യ വിജയിച്ചു. ആ കാലവും ഈ സമയവും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാകില്ല,’ അദ്ദേഹം പറഞ്ഞു.

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ ഇല്ലെങ്കില്‍ മാത്രമേ ഓസ്ട്രേലിയയ്ക്ക് ഇന്ത്യയെ വൈറ്റ്‌വാഷ് ചെയ്യാന്‍ കഴിയൂ എന്നും ബാസിത് അഭിപ്രായപ്പെട്ടു.

‘എനിക്ക് ഓസ്ട്രേലിയക്കാരെ നന്നായി അറിയാം. വലിയ പ്രസ്താവനകള്‍ നടത്തുന്ന ശീലം ഇവര്‍ക്കുണ്ട്. വിരാട്, രോഹിത്, യശസ്വി, ബുംറ, ഷമി, സിറാജ് എന്നിവരില്ലാതെ ഇന്ത്യ യാത്ര ചെയ്താല്‍ ഓസ്ട്രേലിയക്ക് ഇന്ത്യയെ 5-0ന് തോല്‍പ്പിക്കാനാകും,’ ബാസിത് പറഞ്ഞു.

 

Content Highlight: Basit Ali React Rickey Ponting’s Statement