കുറഞ്ഞ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളായി മാറിയ ആളാണ് ബേസില്‍ ജോസഫ്. അദ്ദേഹത്തിന്റെ സിനിമകള്‍ക്കെല്ലാം സെപ്പറേറ്റ് ഫാന്‍ ബേസുണ്ട്. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി സിനിമാ ജീവിതം ആരംഭിച്ച ബേസില്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞിരാമായണം. 2015 ല്‍ ഓണം റിലീസായി എത്തിയ ചിത്രം ഹിറ്റടിക്കുകയായിരുന്നു.
കുഞ്ഞിരാമായണം എന്ന സിനിമയുടെ ലൊക്കേഷന്‍ പാലക്കാട് ആയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ലൊക്കേഷനായി താന്‍ ആദ്യം മനസില്‍ കണ്ടത് വയനാട് ജില്ലയിലെ ബൈരകുപ്പ എന്ന സ്ഥലമായിരുന്നെന്ന് ബേസില്‍ ജോസഫ് പറയുന്നു. എന്നാല്‍ സിനിമ മേഖലയിലെ ചില സംസാരങ്ങള്‍ കാരണം വയനാട് മാറ്റി പാലക്കാട് ആക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിന്നല്‍ മുരളി എന്ന സിനിമക്ക് വേണ്ടി ഒരു ആര്‍ട്ടിസ്റ്റിനെ കണ്ട് കഥ പറഞ്ഞപ്പോള്‍ അയാള്‍ ഓക്കേ പറഞ്ഞെന്നും എന്നാല്‍ വയനാട് ആണ് ലൊക്കേഷന്‍ എന്ന് പറഞ്ഞപ്പോള്‍ അത് വേണോ എന്ന് ചോദിച്ചെന്നും ബേസില്‍ പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആദ്യത്തെ സിനിമ കുഞ്ഞിരാമായണം ചെയ്യാന്‍ വേണ്ടി ഞാന്‍ ഉദ്ദേശിച്ചിരുന്നത് മിന്നല്‍ മുരളി സിനിമ ഷൂട്ട് ചെയ്ത അതേ ലൊക്കേഷനിലാണ്. കുറുക്കന്‍മൂല ആയിട്ട് മിന്നല്‍ മുരളിയില്‍ കാണിച്ചത് ബൈരകുപ്പ എന്ന് പറയുന്ന വയനാട്ടിലെ കര്‍ണാടകയോട് അടുത്ത് കിടക്കുന്ന സ്ഥലത്താണ്. കേരളം- കര്‍ണാടക ബോര്‍ഡറിലാണ് ഈ ബൈരകുപ്പ എന്ന് പറയുന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. അവിടെയാണ് കുഞ്ഞിരാമായണം ഷൂട്ട് ചെയ്യാന്‍ ഇരുന്നത്.
അത് തീരുമാനിച്ചുകൊണ്ടിരുന്നപ്പോഴാണ് അങ്ങനെ ഇങ്ങനെയുള്ള പറച്ചിലുകളും ആ ലൊക്കേഷന്‍ ശരിയല്ല എന്ന രീതിയിലുള്ള സംസാരവുമെല്ലാം വരാന്‍ തുടങ്ങുന്നത്. എല്ലാവരും അങ്ങനെ പറയുന്നത് കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കും പിന്നെ പേടിയായി. ഇനി ഞാന്‍ എങ്ങാനും വാശിപിടിച്ചിട്ട്, എന്റെ ആദ്യത്തെ സിനിമയാണ്, അതുകൊണ്ട് തന്നെ ഒരു പരിധിയില്‍ കൂടുതലൊന്നും എനിക്ക് വാശിപിടിക്കാന്‍ പറ്റില്ല.
അങ്ങനെയാണ് നമ്മള്‍ പാലക്കാടിലേക്ക് ആ സിനിമയുടെ ലൊക്കേഷന്‍ മാറ്റുന്നത്. മിന്നല്‍ മുരളി തുടങ്ങുന്നതിന് മുമ്പ് ഒരു ആര്‍ട്ടിസ്റ്റിന്റെ അടുത്ത് കഥ പറയാന്‍ പോയപ്പോഴും അദ്ദേഹം ആദ്യം ഓക്കേ എല്ലാം പറഞ്ഞു. അതിന് ശേഷം എവിടെയാ നമ്മള്‍ ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ വയനാട് ആണെന്ന് പറഞ്ഞു. അപ്പോഴേക്കും അദ്ദേഹത്തിന്റെ മുഖമെല്ലാം മാറി.
‘വയനാടോ..അത് വേണോ’ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. പ്രേത സിനിമയിലെല്ലാം പോകുന്ന വഴിക്ക് ഒരു മൂപ്പന്‍ നിന്ന് അങ്ങോട്ട് പോകരുത് അവിടെ അപകടമാണെന്ന്..നാശത്തിലേക്കാണ് നിങ്ങള്‍ പോകുന്നത് എന്നൊക്കെ പറയില്ലേ ആ ഒരു ലൈന്‍ ആയിരുന്നു അദ്ദേഹത്തിന്,’ ബേസില്‍ ജോസഫ് പറയുന്നു.
Content Highlight: Basil Joseph Talks About Location Selection Of Kunjiramayanam Movie