വോട്ടിങ് ശതമാനം കൂടിയത് ഗുണം ചെയ്യുക ബി.ജെ.പിക്ക്; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ബസവരാജ് ബൊമ്മെ
national news
വോട്ടിങ് ശതമാനം കൂടിയത് ഗുണം ചെയ്യുക ബി.ജെ.പിക്ക്; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ബസവരാജ് ബൊമ്മെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th May 2023, 11:18 pm

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ കടുത്ത പോരാട്ടമുണ്ടാകുമെന്നും തൂക്ക് സഭയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഭരണകക്ഷിയായ ബി.ജെ.പി കേവല ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു.

‘എക്‌സിറ്റ് പോളുകള്‍, എക്‌സിറ്റ് പോളുകളാണ്, ഞങ്ങള്‍ക്ക് ഭരണം നിലനിര്‍ത്താനാവശ്യമായ ഭൂരിപക്ഷം ലഭിക്കും’, വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വോട്ടിങ് ശതമാനം 72 ആണെന്നും ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ നൂറ് ശതമാനം ശരിയാകണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉയര്‍ന്ന വോട്ടിങ് ശതമാനം കോണ്‍ഗ്രസിന് ഗുണം ചെയ്യുമോയെന്ന ചോദ്യത്തിന് അത് മറിച്ചാണെന്നായിരുന്നു ബൊമ്മെയുടെ മറുപടി. ‘ബി.ജെപിക്കാണ് വോട്ടര്‍മാര്‍ കൂടിയത് ഗുണം ചെയ്യുക, കോണ്‍ഗ്രസിനല്ല. ഇതുവരെ വോട്ട് ചെയ്യാത്തവര്‍ പ്രത്യേകിച്ചും നഗരപ്രദേശങ്ങളില്‍ ഉള്ളവര്‍ വോട്ട് ചെയ്തു എന്നതാണ് വോട്ടിങ് ശതമാനം സൂചിപ്പിക്കുന്നത്. അത് ബി.ജെ.പിക്ക് നല്ല സൂചനയാണ് നല്‍കുന്നത്’, ബൊമ്മെ പറഞ്ഞു.

ജെ.ഡി.എസിനെ കുറിച്ച് ചോദിച്ചപ്പോള്‍ തൂക്ക് സഭയുണ്ടാകില്ലെന്നും തങ്ങള്‍ക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നുമായിരുന്നു ബൊമ്മെയുടെ മറുപടി.

റിപ്പബ്ലിക്ക് ടി.വി പുറത്ത് വിട്ട എക്‌സിറ്റ് പോള്‍ ഫലം കോണ്‍ഗ്രസിനാണ് മുന്‍തൂക്കം നല്‍കുന്നത്. കോണ്‍ഗ്രസിന് 94 മുതല്‍ 108 സീറ്റും ബി.ജെ.പിക്ക് 85 മുതല്‍ 100 സീറ്റുമാണ് പ്രവചിക്കുന്നത്. ജെ.ഡി.എസ് 24-32 സീറ്റുകളും മറ്റുള്ളവര്‍ 2-6 സീറ്റുകളും നേടുമെന്നാണ് പ്രവചനം.

ടി.വി9-ഭാരത്‌വര്‍ഷ്-പോള്‍സ്ട്രാറ്റ് കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. കോണ്‍ഗ്രസ് 99-100 സീറ്റും ബി.ജെ.പി 88-98 സീറ്റ് നേടുമെന്നാണ് പ്രവചനം. ജെ.ഡി.എസ് 21-26, മറ്റുളളവര്‍ 0-4 സീറ്റും നേടുമെന്നാണ് പ്രവചനം.

കര്‍ണാടകയില്‍ ആകെ 224 മണ്ഡലങ്ങളാണ് ഉളളത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. ബി.ജെ.പിക്കും കോണ്‍ഗ്രസിനും കേവലഭൂരിപക്ഷമില്ലെങ്കില്‍ ജെ.ഡി.എസാകും കര്‍ണാടകയില്‍ കിങ്‌മേക്കറാകുക. വൈകിട്ട് അഞ്ച് വരെ 65.69 ശതമാനം പോളിങ്ങാണ് ഉണ്ടായത്. 224 മണ്ഡലങ്ങളിലായി 2615 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. മെയ് 13നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുക.

Contenthighglight: Basavaraj bomme reject exit poll result