Daily News
ദല്‍ഹിയില്‍ ആദിവാസി വിഭാഗത്തിന്റെ പ്രതിഷേധമാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്;: പോലീസ് ക്രൂരത വെളിവാക്കുന്ന ചിത്രങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jun 08, 09:48 am
Wednesday, 8th June 2016, 3:18 pm

manippur1

ന്യൂദല്‍ഹി: ദല്‍ഹിയിലെ മണിപ്പൂര്‍ ഭവനിലേക്ക് മണിപ്പൂര്‍ ട്രൈബല്‍  ഫോറം സംഘടിപ്പിച്ച മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ്.

മണിപ്പൂരിലെ ഗോത്രവിഭാഗങ്ങള്‍ക്കെതിരായ മൂന്ന് ബില്ലുകള്‍ സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയതിനെതിരായ പ്രതിഷേധമാര്‍ച്ചിനിടെയായിരുന്നു പോലീസിന്റെ ക്രൂരത.

വളരെ സമാധാനമായി നടന്ന മാര്‍ച്ചിന് നേരെയാണ് പോലീസ് അക്രമം അഴിച്ചുവിട്ടതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.60 പേരെ പോലീസ് അന്യായമായി തടങ്കില്‍വെച്ചിരിക്കുയാണ്. നിരവധി പേരാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. പലരുടേയും നില ഗുരുതരമാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

4008പോലീസ് ക്രൂരതയ്ക്ക് ഇരയായവരുടെ ഞെട്ടിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. അതിക്രൂരമായ മര്‍ദ്ദനത്തിനാണ് പ്രതിഷേധക്കാര്‍ ഇരയായത്. പലരുടേയും ദേഹമാസകലം മര്‍ദ്ദനത്തിന് ഇരയായതിന്റെ പാടുകളുണ്ട്. ചിലരുടെ തലപൊട്ടി രക്തമൊഴുകുന്നതും ചിത്രത്തില്‍ കാണാം.

തങ്ങള്‍ക്ക് സ്വന്തമായ ഭൂമിയുടെ അവകാശം പുറത്ത് നിന്നുള്ള ആളുകള്‍ക്ക് തട്ടിയെടുക്കാന്‍ ഉതകുന്ന രീതിയിലുള്ളതാണ് പാസാക്കിയ ബില്ലുകളെന്നാണ് ഗോത്രവിഭാഗക്കാര്‍ ആരോപിക്കുന്നത്. ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളും മണിപ്പൂര്‍ ട്രൈബല്‍ഫോറം സംഘടിപ്പിച്ചിരുന്നു.

ബില്ല് പ്രിസിഡന്റിന്റെ അനുമതിക്കായി അയക്കാനുള്ള മണിപ്പൂര്‍ മുഖ്യന്ത്രി ഇബോബി സിങ്ങിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്.  എന്നാല്‍ ദല്‍ഹിയിലെ മണിപ്പൂര്‍ ഭവനിലേക്ക് ഗോത്രവിഭാഗക്കാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് അടിച്ചമര്‍ത്തുകയും പ്രതിഷേധക്കാരെ തല്ലിച്ചതക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം മണിപ്പൂര്‍ നിയമസഭയില്‍ സര്‍ക്കാര്‍ മൂന്ന് ബില്ലുകള്‍ പാസാക്കിയതിനെ തുടര്‍ന്നാണ് ചുരഛന്ദ്പൂര്‍ ജില്ലയില്‍ കലാപങ്ങള്‍ പൊട്ടിപുറപ്പെട്ടത്. പ്രൊട്ടക്ഷന്‍ ഓഫ് മണിപ്പൂര്‍ പീപ്പിള്‍ ബില്‍, 2015, മണിപ്പൂര്‍ ലാന്‍ഡ് റെവന്യൂ ആന്‍ഡ് ലാന്‍ഡ് റിഫോംസ് (ഏഴാം ഭേദഗതി), മണിപ്പൂര്‍ ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ബില്‍, 2015 (രണ്ടാം ഭേദഗതി) എന്നിവയായിരുന്നു പാസ്സാക്കിയ ബില്ലുകള്‍. ഇവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

manippur4ഗോത്രവര്‍ഗങ്ങള്‍ താമസിക്കുന്ന മലമ്പ്രദേശങ്ങളിലെ ഭൂമി കൈകാര്യം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കെതിരേയാണ് ഇവര്‍ സമരം ചെയ്തത്. സംസ്ഥാനത്തെ ഗോത്രവര്‍ഗങ്ങളെ അവഗണിക്കുന്നതാണ് വിവാദമായ പുതിയ ബില്ലുകളെന്ന് ഇവര്‍ ആരോപിക്കുന്നു.

പാസാക്കിയ നിയമങ്ങള്‍ റദ്ദുചെയ്യുകയോ പുനപ്പരിശോധിക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം.