ബാഴ്സയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് സ്പാനിഷ് താരം ജെറാര്‍ഡ് പിക്വെ. അപ്രതീക്ഷിതമായി ബാഴ്‌സയില്‍ നിന്ന് പുറത്തുപോകുന്ന കാര്യം താരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നവംബര്‍ ആറിന് ലാ ലീഗയില്‍ അല്‍മേറിയക്കെതിരായ മത്സരത്തോടെ ബൂട്ടഴിക്കുമെന്നാണ് പിക്വെ അറിയിച്ചത്.
പിക്വെയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയാണിപ്പോള്‍ ബാഴ്സലോണ പ്രസിഡന്റ് ലാപോര്‍ട്ട. സാമ്പത്തിക പ്രതിസന്ധിയില്‍ അലയുന്ന ക്ലബ്ബിനെ സഹായിക്കാനാണ് പിക്വെ ഇപ്പോള്‍ ടീം വിടുന്നതെന്നാണ് അദ്ദേഹം പറയുന്നത്. പിക്വെ എല്ലായ്‌പ്പോഴും ബാഴ്സയുടെ സിമ്പലാകുമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.
‘ജെറാര്‍ഡ് പിക്വെ എപ്പോഴും ബാഴ്സലോണയുടെ പ്രതീകമായിരിക്കും. നിലവില്‍ കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള സാമ്പത്തിക കരാറിനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ശരിക്കും പിക്വെ ക്ലബ്ബിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.
അവന്‍ ഞങ്ങളുടെ സാമ്പത്തിക സ്ഥിതി മനസിലാക്കുന്നുണ്ട്. പിക്വെയുടെ കരാര്‍ അടുത്തയാഴ്ച അവസാനിക്കും,’ ലാപോര്‍ട്ട പറഞ്ഞതായി ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നുമായിരുന്നു പിക്വെ കറ്റാലന്‍മാരുടെ പടക്കളത്തിലെത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ നാല് വര്‍ഷത്തില്‍ ആകെ 23 സീനിയര്‍ മത്സരങ്ങള്‍ മാത്രമാണ് പിക്വെക്ക് കളിക്കാന്‍ സാധിച്ചത്.
ബാഴ്സയിലെത്തിയ പിക്വെ ടീമിനായി 653 മത്സരങ്ങളിലാണ് ബൂട്ട് കെട്ടിയത്. 53 ഗോളും 15 അസിസ്റ്റും താരം ബാഴ്‌സക്കായി നേടിയിട്ടുണ്ട്.
ബാഴ്സയുടെ നിരവധി ടൈറ്റില്‍ വിന്നിങ് ക്യാമ്പെയ്നുകളിലും പിക്വെ ഭാഗമായിരുന്നു. ലാ ലീഗ, ചാമ്പ്യന്‍സ് ലീഗ്, കോപ്പ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് തുടങ്ങി എണ്ണമറ്റ കിരീടങ്ങളില്‍ ബാഴ്സ മുത്തമിട്ടപ്പോളെല്ലാം തന്നെ പിക്വെയുടെ സാന്നിധ്യം ടീമിനൊപ്പമുണ്ടായിരുന്നു.
എന്നാല്‍ നിലവില്‍ താരത്തിന് അത്ര മികച്ച സമയമല്ല. സാവിയുടെ കീഴില്‍ ഒമ്പത് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്. എന്നാല്‍ ഭാവിയില്‍ താന്‍ ബാഴ്സയിലേക്ക് മടങ്ങിയെത്തുമെന്ന പ്രഖ്യാപനവും പിക്വെ നടത്തിയിരുന്നു.