കര്‍ണാടക: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് തെഹല്‍ക്കയില്‍ വന്ന റിപ്പോര്‍ട്ടിന്റെ പേരില്‍ ഷാഹിനക്കെതിരെ കര്‍ണ്ണാടക പൊലീസ് ചമച്ച കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങി. []
പൊലീസ് രജിസ്റ്റര്‍ചെയ്ത രണ്ടു കേസുകളിലൊന്ന് കുടക് ജില്ലയിലെ സോമവാര്‍പ്പേട്ട് ജുഡിഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മാര്‍ച്ച് 30 ലേക്ക് മാറ്റിവച്ചു.
മടിക്കേരി സെഷന്‍സ് കോടതിയിലുള്ള രണ്ടാമത്തെ കേസ് വരുന്ന ചൊവ്വാഴ്ച പരിഗണിക്കുന്നുണ്ട്. രാവിലെ പതിനൊന്ന് മണിക്കാണ് സോമവാര്‍പ്പേട്ട് കോടതി കേസ് പരിഗണിച്ചത്.
ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യത്തിലായിരുന്നതിനാല്‍ വിചാരണക്കോടതിയില്‍ ഹാജരായി സാധാരണ ജാമ്യം എടുക്കുന്ന നടപടിയാണ് ഇന്ന് നടന്നത്. കോടതി പരിസരത്ത് ആര്‍.എസ്സ്.എസ്സ് ഹിന്ദുജാഗരണ്‍ വേദിക്കാരുടെ പ്രകടമായിരുന്നു ഇന്ന് കാണാന്‍ കഴിഞ്ഞത്.
ഷാഹിനയുടെ ജാമ്യക്കാരനായി എത്തിയ രവി എന്നയാളെ പിടിച്ചുകൊണ്ടു പോയി മാറ്റിനിര്‍ത്തി അവര്‍ ഭീഷണിപ്പെടുത്തി.
ഷാഹിനക്ക് ജാമ്യം നിന്നാല്‍ ഹിന്ദുസമൂഹം നിന്നെ ഊരുവിലക്കുമെന്നും കേസില്‍ കുടുക്കുമെന്നുമായിരുന്നു ഭീഷണി. കോടതി നടപടികള്‍ കവര്‍ചെയ്യാനെത്തിയ മീഡിയാവണ്‍ വാര്‍ത്താ സംഘത്തേയും ഇവര്‍ ഭീഷണിപ്പെടുത്തി.
ക്യാമറ പിടിച്ചുവാങ്ങുകയും ദൃശ്യങ്ങള്‍ മായ്ച്ചില്ലെങ്കില്‍ പോകാനനുവദിക്കില്ലെന്ന് പറഞ്ഞ് ഏറെ നേരം തടഞ്ഞുവക്കുകയും ചെയ്തു. ഷാഹിനക്കൊപ്പം പോയ ജിഷ ജോസഫ് ശ്രീജിത് ശിവരാമന്‍ എന്നിവരേയും ഇവര്‍ തെറിവിളിച്ചു.
നേരത്തെ 2011 ഡിസംബറില്‍ തിരിച്ചറിയല്‍ പരേഡിന് പോയപ്പോഴും ഷാഹിനക്കു നേരെ ഈ “ഹിന്ദുഗുണ്ടാസംഘം” ആക്രമണത്തിന് മുതിര്‍ന്നിരുന്നു.