നാണംകെട്ട റെക്കോഡ് സ്വന്തമാക്കിയേ അടങ്ങൂ എന്ന് പ്രത്യേക വാശിയാണിവര്‍ക്ക്, അല്ലെങ്കില്‍ ഒരുമാസത്തിനിടെ തന്നെ ഇത് വീണ്ടും ആവര്‍ത്തിക്കുമോ
Sports News
നാണംകെട്ട റെക്കോഡ് സ്വന്തമാക്കിയേ അടങ്ങൂ എന്ന് പ്രത്യേക വാശിയാണിവര്‍ക്ക്, അല്ലെങ്കില്‍ ഒരുമാസത്തിനിടെ തന്നെ ഇത് വീണ്ടും ആവര്‍ത്തിക്കുമോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 17th June 2022, 10:18 am

ടെസ്റ്റ് ക്രിക്കറ്റിലെ നാണംകെട്ട റെക്കോഡുകളില്‍ വീണ്ടും തങ്ങളുടെ പേരെഴുതിച്ചേര്‍ത്ത് ബംഗ്ലാദേശ്. ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ആറ് ബാറ്റര്‍മാര്‍ ഡക്കായി പുറത്തുപോവേണ്ടി വന്നതിന്റെ മോശം റെക്കോഡാണ് വീണ്ടും ബംഗ്ലാ കടുവകളെ തേടിയെത്തിയിരിക്കുന്നത്.

വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സിലാണ് ബംഗ്ലാദേശ് നിരയിലെ ആറ് ബാറ്റര്‍മാര്‍ റണ്ണെടുക്കും മുമ്പേ പുറത്തായത്. ഇതോടെ ബംഗ്ലാദേശ് 103 റണ്‍സിന് ഓള്‍ ഔട്ടാവുകായിരുന്നു.

ഓപ്പണര്‍ മഹ്മദുള്‍ ഹസന്‍ ജോയ് ആണ് ഡക്കുകളുടെ ഘോഷയാത്രയ്ക്ക് തുടക്കമിട്ടത്. നേരിട്ട ആദ്യ പന്തില്‍ തന്നെയായിരുന്നു ഹസന്‍ ജോയ്‌യുടെ മടക്കം.

പിന്നാലെയെത്തിയ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയാണ് അടുത്തതായി പുറത്തായത്. ആറ് പന്ത് നേരിട്ടായിരുന്നു താരം ഡക്കായി പുറത്തായത്.

ശേഷം മൊമ്‌നുല്‍ ഹഖ്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുറുല്‍ ഹസന്‍ മുസ്തഫിസുര്‍ റഹ്മാന്‍ ഖലീദ് അഹ്മദ് എന്നിവര്‍ ചേര്‍ന്ന് പട്ടിക പൂര്‍ത്തിയാക്കി.

ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ പിടിച്ചുനിന്നത്. 67 പന്തില്‍ നിന്നും 51 റണ്‍സായിരുന്നു ഹസന്റെ സമ്പാദ്യം. തമീം ഇഖ്ബാലും ലിട്ടണ്‍ ദാസുമാണ് കൂട്ടത്തില്‍ ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.

ഇതോടെയാണ് ആര്‍ക്കും വേണ്ടാത്ത റെക്കോഡ് ബംഗ്ലാദേശ് വീണ്ടും തലയിലെടുത്തുവെച്ചത്.

വിന്‍ഡീസ് നിരയില്‍ പന്തെറിഞ്ഞ ഒരാള്‍ക്കൊഴികെ എല്ലാവര്‍ക്കും വിക്കറ്റ് ലഭിച്ചിരുന്നു. കെമര്‍ റോച്ചും കൈല്‍ മയേഴ്‌സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജെയ്ഡന്‍ സീലേസ് അല്‍സാരി ജോസഫ് എന്നിവര്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.

32.5 ഓവറിലായിരുന്നു ബംഗ്ലാദേശിന്റെ അടിയറവ്.

കഴിഞ്ഞ മാസം ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലും ആറ് പേര്‍ ഇതേപോലെ ഡക്കായി പുറത്തായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇത് ഏഴാം തവണയാണ് ഒരു ഇന്നിങ്‌സില്‍ ആറ് താരങ്ങള്‍ പൂജ്യത്തിന് പുറത്താവുന്നത്. ഇതില്‍ മൂന്ന് തവണയും ബംഗ്ലാദേശ് തന്നെയായിരുന്നു നായകന്‍മാര്‍.

 

Content highlight: Bangladesh secures an unwanted record against West Indies in First Teat