Cricket
അമേരിക്ക നാണംകെടുത്തിയ പരമ്പരയിലും ബംഗ്ലാദേശ് നേടിയത് ചരിത്രനേട്ടം; ടി-20 ചരിത്രത്തിലെ ആദ്യ ടീം...ബംഗ്ലാകടുവകൾ
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 26, 04:50 am
Sunday, 26th May 2024, 10:20 am

ബംഗ്ലാദേശ്-യു.എസ്.എ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിന് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. നേരത്തെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് അമേരിക്ക പരമ്പര സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 11.4 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ഒരു ടി-20 പരമ്പര പരാജയപ്പെടുകയും ആ സീരിസിലെ അവസാന മത്സരത്തില്‍ 10 വിക്കറ്റുകള്‍ക്ക് വിജയിക്കുകയും ചെയ്യുന്ന ആദ്യ ടീമായി മാറാനാണ് ബംഗ്ലാദേശിന് സാധിച്ചത്.

ബംഗ്ലാദേശ് ബൗളിങ്ങില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് മുസ്തഫിസുര്‍ റഹ്‌മാന്‍ നടത്തിയത്. നാല് ഓവറില്‍ ഒരു മെയ്ഡ്ന്‍ ഉള്‍പ്പെടെ 10 റണ്‍സ് വിട്ടുനല്‍കിയാണ് താരം ആറ് വിക്കറ്റുകള്‍ വീഴ്ത്തിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനുവേണ്ടി ടാൻസിദ് ഹസന്‍ 42 പന്തില്‍ 58 റണ്‍സും സൗമ്യ സര്‍ക്കാര്‍ 28 പന്തില്‍ 43 റണ്‍സും നേടി മിന്നും പ്രകടനം നടത്തിയപ്പോള്‍ ബംഗ്ലാദേശ് തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Bangladesh beat U.S.A in T20