'ചെക്കേല' എന്ന ഗാനം സ്വന്തം പാട്ട് എന്ന പോലെ പാടി പേരെടുത്ത ബാന്‍ഡുകള്‍ അതിന്റെ സൃഷ്ടാവിന്റെ പേര് ഒരിടത്തും പറഞ്ഞിട്ടില്ല
Entertainment news
'ചെക്കേല' എന്ന ഗാനം സ്വന്തം പാട്ട് എന്ന പോലെ പാടി പേരെടുത്ത ബാന്‍ഡുകള്‍ അതിന്റെ സൃഷ്ടാവിന്റെ പേര് ഒരിടത്തും പറഞ്ഞിട്ടില്ല
രാഹുല്‍ ഹമ്പിള്‍ സനല്‍
Thursday, 27th October 2022, 8:12 pm

തൈക്കുടം ബ്രിഡ്ജും അവിയല്‍ എന്ന ബാന്‍ഡും സ്ഥിരം പാടി നടന്ന പാട്ടാണ് ‘ചെക്കേലുദിക്കും മുമ്പേ തെയ്യംതാരാ… തക താര തകധിമി’ എന്ന ഗാനം. ഇതേ ഗാനം വരികള്‍ വ്യത്യസ്തമായി സഞ്ചാരം എന്ന സിനിമയിലും കേള്‍ക്കാം. ഐസക് തോമസ് കോട്ടുകപള്ളിയുടെ പേരാണ് സംഗീത സംവിധായകന്റെ സ്ഥാനത്ത് കാണിക്കുന്നത്.

മലയാളത്തില്‍ സംഗീത ആല്‍ബം ഇറങ്ങിയ സമയത്ത് ഏഷ്യാനെറ്റില്‍ കാണിച്ചിരുന്ന ഒരു ആല്‍ബം ആയിരുന്നു ജിഗ്‌സോ പസില്‍സ്(Jigsaw Puzzle) ന്റെ ‘തീക്കനല്‍ വാരി എറിയുന്നു സൂര്യന്‍ ‘ എന്ന ഗാനം. ഇതും താര തകധിമി എന്ന പാട്ടിന്റെ ട്യൂണില്‍ വരികള്‍ മാറ്റി പാടിയ പാട്ടായിരുന്നു. എന്നാല്‍ ശരിക്കും ഈ ‘താര തകധിമി ‘ എന്ന പാട്ട് അവിയല്‍ ബാന്‍ഡിന്റെയോ, തൈക്കുടം ബ്രിഡ്ജിന്റെയോ ജിഗ്‌സോ പസില്‍സിന്റെയോ അല്ല.

യഥാര്‍ത്ഥത്തില്‍ ഈ പാട്ടിന്റെ സൃഷ്ടാവ് എം.എന്‍. തങ്കപ്പന്‍ മാസ്റ്ററാണ്. പ്രത്യക്ഷ രക്ഷാ ദൈവ സഭ (PRDS) സ്ഥാപിച്ച പൊയ്കയില്‍ അപ്പച്ചന്റെ ചിന്താധാരയില്‍ വളരുകയും പ്രവര്‍ത്തിക്കുകയും ചെയ്ത അനുഗൃഹീത സാഹിത്യകാരനും കവിയും നാടകകാരനും കാഥികനുമായിരുന്ന, മണ്‍മറഞ്ഞ എം.എന്‍. തങ്കപ്പന്‍ എന്ന മനുഷ്യനാണ് ഈ പാട്ട് എഴുതിയത്. 1970 കളില്‍ ആകാശവാണിക്ക് വേണ്ടിയാണ് അദ്ദേഹം ഈ പാട്ട് എഴുതി പാടിയത്.

 

2010 ജൂലൈ 5 ന് അന്തരിച്ച തങ്കപ്പന്‍ മാസ്റ്ററുടെ പേര് ഒരിടത്തും അദ്ദേഹത്തിന്റെ ‘ചെക്കേല ‘ എന്ന ഗാനം സ്വന്തം പാട്ട് എന്ന പോലെ പാടി പേരെടുത്ത ബാന്‍ഡുകള്‍ പറഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇവരൊക്കെയാണ് പാട്ടുകളുടെ മൗലികതയെ കുറിച്ച് ഇപ്പോള്‍ മാധ്യമങ്ങളില്‍ സംസാരിക്കുന്നത്.

content highlight: Bands who have named Chekela as their own song have never mentioned the name of its creator