കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് മലയാളികള്‍ക്ക് സുപരിചിതനായ തെലുങ്ക് നടനാണ് നന്ദമൂരി ബാലകൃഷ്ണ. തെലുങ്ക് സൂപ്പര്‍താരം എന്‍.ടിആരിന്റെ മകനും സീനിയര്‍ നടനുമായ ബാലകൃഷ്ണയുടെ സിനിമകള്‍ ട്രോള്‍ പേജുകളിലൂടെയാണ് മലയാളികള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. ലോജിക്കില്ലാത്ത സീനുകളാല്‍ സമ്പന്നമായ ബാലകൃഷ്ണയുടെ മാസ് സിനിമകള്‍ പലര്‍ക്കും ചിരിക്കാനുള്ള വകയായി മാറി.
ആരാധകര്‍ ബഹുമാനത്തോടെ വിളിക്കുന്ന ബാലയ്യ എന്ന പേര് പോലും ട്രോളാനുള്ള പേരായി ഉപയോഗിച്ചു. എന്നാല്‍ തന്റെ ഏറ്റവും പുതിയ ചിത്രത്തിലൂടെ കളിയാക്കിയവരെയും ട്രോളിയവരെയും കൊണ്ട് കൈയടിപ്പിക്കുകയാണ് ബാലകൃഷ്ണ. ബോബി കൊല്ലി സംവിധാനം ചെയ്ത് സംക്രാന്തി റിലീസായെത്തിയ ഡാക്കു മഹാരാജ് ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ചയാകുന്നത്.
സ്ഥിരം തെലുങ്ക് സിനിമകളുടെ ഫോര്‍മുലയില്‍ തന്നെയാണ് ഡാക്കു മഹാരാജിന്റെയും കഥ. എന്നാല്‍ സംവിധായകന്റെ മികച്ച മേക്കിങ് കൊണ്ടും വൃത്തിയിലുള്ള പ്രസന്റേഷന്‍ കൊണ്ടും ചിത്രം ഈയടുത്ത് വന്ന മികച്ച മാസ് സിനിമാനുഭവമായി മാറുന്നുണ്ട്. ബാലകൃഷ്ണയുടെ മാസ് സൈഡിനെ കൃത്യമായി ഉപയോഗിക്കാന്‍ ബോബിക്ക് സാധിച്ചു.
തന്റെ പ്രായത്തിന് ചേര്‍ന്ന കഥാപാത്രം തെരഞ്ഞെടുത്തതിനോടൊപ്പം അനാവശ്യ റൊമാന്‍സിന് ഇടം കൊടുക്കാത്തതും മുന്‍ ചിത്രങ്ങളില്‍ നിന്ന് ഡാക്കു മഹാരാജിനെ വ്യത്യസ്തമാക്കുന്നുണ്ട്. ബാലകൃഷ്ണയുടെ സ്‌ക്രീന്‍ പ്രസന്‍സിനെ അതിന്റെ മാക്‌സിമത്തില്‍ അവതരിപ്പിക്കാന്‍ എസ്. തമന്റെ സംഗീതത്തിന് സാധിച്ചിട്ടുണ്ട്. ഇന്റര്‍വെല്‍ സീനിലെ ബി.ജി.എം ഇതിനോടകം പല എഡിറ്റ് വീഡിയോയിലും ഉപയോഗിച്ചത് വൈറലായി മാറിയിട്ടുണ്ട്.
ബോളിവുഡ് താരം ബോബി ഡിയോളാണ് ചിത്രത്തിലെ വില്ലനായി വേഷമിട്ടത്. നായകന് വെറുതെ എടുത്ത് ഇടിക്കാനുള്ള കഥാപാത്രമല്ല ബോബി ഡിയോളിന്റേത്. വില്ലനിസത്തിന്റെ മാക്‌സിമം സ്‌ക്രീനില്‍ കാണിക്കാനും നായകന് മികച്ച കോമ്പറ്റീഷന്‍ കൊടുക്കാനും ബോബിയുടെ കഥാപാത്രത്തിന് സാധിച്ചു. മലയാളി താരം ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഷൈനിന് അന്യഭാഷയില്‍ കിട്ടിയ മികച്ച വേഷമെന്ന് ഡാക്കു മഹാരാജിലെ സ്റ്റീഫന്‍ രാജിനെ പറയാം.
കൊവിഡിന് ശേഷം ബാലകൃഷ്ണയുടെ സിനിമകള്‍ക്ക് കേരളത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. 2021ല്‍ പുറത്തിറങ്ങിയ അഖണ്ഡ, 2023ല്‍ പുറത്തിറങ്ങിയ വീര സിംഹ റെഡ്ഡി, 2024ല്‍ റിലീസായ ഭഗവന്ത് കേസരി എന്നീ ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. ഡാക്കു മഹാരാജിലൂടെ തന്റെ സ്റ്റാര്‍ഡം ഉയര്‍ത്താന്‍ ബാലകൃഷ്ണക്ക് കഴിഞ്ഞുവെന്ന് സംശയമില്ലാതെ പറയാം.
Content Highlight: Balakrishna’s new movie Daaku Maharaaj discussed after its OTT release