മമ്മൂട്ടി ആള് കണിശക്കാരനാണെങ്കിലും നിഷ്‌കളങ്കനാണെന്ന് നടന്‍ ബാല. മമ്മൂട്ടിയുടെ വീട്ടില്‍ പോയപ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവെക്കവേയാണ് ബാല ഇത് പറഞ്ഞത്.
‘മമ്മൂക്കയെ കാണുമ്പോഴൊക്കെ ഭയങ്കര സ്ട്രിക്റ്റാണ്. പക്ഷേ സ്‌നേഹിക്കുമ്പോള്‍ ഭയങ്കര ഇന്നസെന്റാണ്. കുറെ ഇന്‍സിഡന്റ്‌സ് ഉണ്ട്. മമ്മൂക്ക പോലും അത് ഓര്‍ക്കില്ല. ഒരു ചടങ്ങിന് ക്ഷണിക്കാന്‍ ഞാന്‍ മമ്മൂക്കയുടെ വീട്ടില്‍ പോയിരുന്നു. മമ്മൂക്ക പാട്ട് പാടി ഡാന്‍സ് കളിച്ച് എന്റെ അടുത്തേക്ക് വന്നു. എന്റെ കൂടെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു. അയാളെ കണ്ടതോടെ കൈ താഴ്ത്തി. ഞാന്‍ മാത്രമാണ് വന്നതെന്ന് വിചാരിച്ചു,’ ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞു.
പുലിമുരുകന്റെ സെറ്റില്‍ വെച്ച് മോഹന്‍ലാലിനൊപ്പമുണ്ടായ അനുഭവവും ബാല പങ്കുവെച്ചു. ‘ബാല ഇപ്പോള്‍ പുലി വന്നാല്‍ എന്തു ചെയ്യുമെന്ന് ലാലേട്ടന്‍ ചോദിച്ചു. ഓടുമെന്ന് ഞാന്‍ പറഞ്ഞു. ഓടിയിട്ട് കാര്യമില്ല പുലിക്ക് റൂട്ടറിയാം, നിനക്ക് കാട്ടിലെ റൂട്ട് അറിയാമോ, അറിയില്ലല്ലോ, അപ്പോള്‍ വെറുതേയിരിക്കുക, പുലി തീരുമാനിച്ചോളുമെന്ന് പറഞ്ഞു,’ ചിരിച്ചുകൊണ്ട് ബാല പറഞ്ഞു.
ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ഷെഫീക്കിന്റെ സന്തോഷമാണ് റിലീസിനൊരുങ്ങുന്ന ബാലയുടെ പുതിയ ചിത്രം. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഷെഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം.
പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ റോളായിരിക്കും ചിത്രത്തില്‍ ബാല ചെയ്യുക എന്നതാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
മനോജ് കെ. ജയന്‍, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്‍, അരുണ്‍ ശങ്കരന്‍ പാവുമ്പ, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, കൃഷ്ണ പ്രസാദ്, ജോര്‍ഡി പൂഞ്ഞാര്‍, അനീഷ് രവി, ഗീതി സംഗീത, ഉണ്ണി നായര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നവംബര്‍ 25ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
Content Highlight: bala shares his funny experience with mammootty and mohanlal