യു.പിയില്‍ ബജ്‌രംഗ് ദളിന്റെ 'ലാന്‍ഡ് ജിഹാദ്' പ്രതിഷേധം; മുസ്‌ലിം സെറ്റില്‍മെന്റുകള്‍ തകര്‍ത്ത് അധികാരികള്‍
national news
യു.പിയില്‍ ബജ്‌രംഗ് ദളിന്റെ 'ലാന്‍ഡ് ജിഹാദ്' പ്രതിഷേധം; മുസ്‌ലിം സെറ്റില്‍മെന്റുകള്‍ തകര്‍ത്ത് അധികാരികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th December 2024, 1:56 pm

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ മുസ്‌ലിങ്ങളുടെ കെട്ടിടങ്ങള്‍ തകര്‍ത്ത് പ്രാദേശിക അധികാരികള്‍. പൊലീസിന്റെ സഹായത്തോടെയാണ് അധികാരികള്‍ മുസ്‌ലിങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ തകര്‍ത്തത്. ഡിസംബര്‍ മൂന്നിനാണ് സംഭവം നടന്നത്.

തീവ്ര ഹിന്ദുത്വ സംഘടനായ ബജ്‌രംഗ് ദളിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് പൊളിക്കല്‍ നടപടി. ‘ലാന്‍ഡ് ജിഹാദ്’ എന്ന് ആരോപിച്ചാണ് ബജ്‌രംഗ് ദള്‍ പ്രതിഷേധം നടത്തിയത്.

മുസ്‌ലിങ്ങള്‍ അനധികൃതമായി ഭൂമി കൈയേറിയെന്ന് ആരോപിച്ച് ബജ്‌രംഗ് ദള്‍ നേതാവ് മണിരാജ് സിങ്ങാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

ഇതിനെ തുടര്‍ന്നാണ് പ്രാദേശിക അധികാരികള്‍ മുസ്‌ലിങ്ങളുടെ സെറ്റില്‍മെന്റുകള്‍ തകര്‍ത്തത്. ശ്മശാനത്തിനായി നീക്കിവെച്ച ഭൂമിയിലാണ് സെറ്റില്‍മെന്റ് സ്ഥിതി ചെയ്യുന്നതെന്ന് അവകാശപ്പെട്ടാണ് നീക്കം.

നവംബറില്‍ നിയമത്തിന് കീഴില്‍ ബുള്‍ഡോസ് രാജിന് പ്രാധാന്യമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പരിഷ്‌കൃത സമൂഹത്തിന് കീഴില്‍ ബുള്‍ഡോസ് രാജിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.

നിയമവിരുദ്ധമായി കെട്ടിടങ്ങള്‍ പൊളിക്കുന്നത് പ്രതികാര നടപടികളായി കണക്കാക്കുമെന്നും ഇത്തരത്തിലുള്ള പ്രവൃത്തി ഗുരുതരമായ വീഴ്ചയാണെന്നും അപകടങ്ങളുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അനധികൃതമായ കയ്യേറ്റങ്ങളോ കെട്ടിടങ്ങളോ പൊളിച്ചുനീക്കുന്നതിന് മുമ്പ് സംസ്ഥാനം നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും കോടതി പറഞ്ഞിരുന്നു. ബുള്‍ഡോസ് നീതി നിയമവാഴ്ചയ്ക്ക് കീഴില്‍ സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കോടതി ഉത്തരവ് നിലനില്‍ക്കെ ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ ബുള്‍ഡോസ് രാജ് തുടര്‍ന്നിരുന്നു.

പിന്നാലെ ബുള്‍ഡോസ് രാജ് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ റോഡ് വികസനത്തിനായി വീട് പൊളിച്ചുനീക്കിയ സംഭവത്തില്‍ യു.പി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി നല്‍കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.

ഉത്തരവില്‍ ഒരു രാത്രി ബുള്‍ഡോസറുമായി വന്ന് കെട്ടിടങ്ങള്‍ പൊളിക്കാന്‍ പാടില്ലെന്നും കുടുംബങ്ങള്‍ക്ക് ഒഴിഞ്ഞുപോവാന്‍ പോലും സമയം നല്‍കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Bajrang Dal’s ‘Land Jihad’ Protest in UP; Muslim settlements were destroyed by the authorities