വിപണി കീഴടക്കാന്‍ ആകര്‍ഷകമായ നിറത്തില്‍ ബജാജിന്റെ ഡോമിനര്‍ 400 എത്തുന്നു
Autobeatz
വിപണി കീഴടക്കാന്‍ ആകര്‍ഷകമായ നിറത്തില്‍ ബജാജിന്റെ ഡോമിനര്‍ 400 എത്തുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th December 2017, 12:44 pm

ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ബജാജും പുതുവര്‍ഷത്തില്‍ കൂടുതല്‍ മോഡലുകള്‍ അവതരിപ്പിച്ച് വിപണി കീഴടക്കാന്‍ ഒരുങ്ങുന്നു. ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍ ഡോമിനാറിന്റെ പുത്തന്‍ പതിപ്പിലൂടെ വരും വര്‍ഷം വിപണിയില്‍ ശക്തമാകാനാണ് ബജാജ് ലക്ഷ്യമിടുന്നത്.

പുതു നിറത്തിലുള്ള 2018 ഡോമിനാര്‍ 400 ന്റെ ചകാന്‍ പ്ലാന്റില്‍ നിന്നുമുള്ള ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 2016 ഡിസംബര്‍ മാസമാണ് ഡോമിനാര്‍ 400 നെ ബജാജ് ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ബജാജിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് ഡോമിനാര്‍ 400.

പുതിയ റേസിംഗ് റെഡ് നിറമാണ് 2018 ഡോമിനാര്‍ 400 ന്റെ പ്രധാന ആകര്‍ഷണം. കൂടാതെ ഹാന്‍ഡില്‍ബാറിന് ലഭിച്ച സില്‍വര്‍ ടച്ച്, പെരിമീറ്റര്‍ ഫ്രെയിം, ഫൂട്ട്‌പെഗ് അസംബ്ലി, സ്വിംഗ്ആം, സ്പ്ലിറ്റ് ഗ്രാബ് റെയിലുകള്‍ എന്നിവ 2018 ഡോമിനാര്‍ 400 ന്റെ ഡിസൈന്‍ ഫീച്ചറുകള്‍.

അതേസമയം എഞ്ചിനില്‍ കാര്യമായ മാറ്റമിന്നെന്നാണ് വിവരം. നിലവിലുള്ള 373 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനിലാണ് 2018 ഡോമിനാര്‍ 400 ഉം വരിക. 34.5 ബി.എച്ച്.പി കരുത്തും 35 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

ഡോമിനറിന്റെ ആന്റി ലോക്ക് ബ്രേക്കില്ലാത്ത പതിപ്പിന് 1.36 ലക്ഷം രൂപയും എ.ബി.എസ് വകഭേദത്തിന് 1.50 ലക്ഷം രൂപയുമാണു ഡല്‍ഹി ഷോറൂമിലെ തുടക്കവില. പള്‍സര്‍ സീരിസില്‍ പുതിയ 400 സി.സി ബൈക്ക് പുറത്തിറക്കാനായിരുന്നു കമ്പനിയുടെ ആദ്യ തീരുമാനം. എന്നാല്‍ പുതിയ ബ്രാന്‍ഡ് നാമത്തില്‍ തന്നെ ബൈക്ക് പുറത്തിറക്കാന്‍ ബജാജ് പിന്നീട് തീരുമാനിക്കുകയായിരുന്നു.

റോയല്‍ എന്‍ഫീല്‍ഡുകള്‍, മഹീന്ദ്ര മോജോ, കെ.ടി.എം ഡ്യൂക്ക് 390 എന്നിവരാണ് പുതിയ ഡോമിനാര്‍ 400 ന്റെ പ്രധാന എതിരാളികള്‍.