Film News
ഒരു വണ്‍ലൈനില്‍ നിന്ന് 'വല്ല്യേട്ടന്‍' സിനിമയിലേക്ക്; ആ മോഹന്‍ലാല്‍ സിനിമക്ക് ശേഷം വന്ന മമ്മൂട്ടി സിനിമ: ബൈജു അമ്പലക്കര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 31, 03:19 pm
Tuesday, 31st October 2023, 8:49 pm

ഷാജി കൈലാസ് സംവിധാനം ചെയ്ത് രഞ്ജിത്ത് തിരക്കഥയെഴുതി 2000ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ‘വല്ല്യേട്ടന്‍’. മമ്മൂട്ടി, ശോഭന, സായ് കുമാര്‍, എന്‍.എഫ്. വര്‍ഗീസ്, സിദ്ദിഖ്, മനോജ് കെ.ജയന്‍ എന്നിവരായിരുന്നു ഇതിലെ പ്രധാന താരങ്ങള്‍. ഈ സിനിമ വാണിജ്യപരമായി വിജയിക്കുകയും 2000ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ മലയാളം സിനിമയായി മാറുകയും ചെയ്തിരുന്നു. ഇപ്പോള്‍ രഞ്ജിത്ത് ‘വല്ല്യേട്ടന്‍’ സിനിമയുടെ തിരകഥയെഴുതിയത് എങ്ങനെയാണെന്ന് പറയുകയാണ് നിര്‍മാതാവ് ബൈജു അമ്പലക്കര. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഷാജി കൈലാസും രഞ്ജിത്തും ചേര്‍ന്ന് മോഹന്‍ലാലിനെ നായകനാക്കിയെടുത്ത നരസിംഹം വലിയ ഹിറ്റായിരുന്നു. അത് കഴിഞ്ഞ് ഞങ്ങള്‍ ഒരുമിച്ച് മമ്മൂട്ടിയെ നായകനാക്കി മുമ്പ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചു. എത്രയും പെട്ടെന്ന് സിനിമ ചെയ്യാനായി കാര്യങ്ങളൊക്കെ പെട്ടെന്ന് നടത്തുകയായിരുന്നു.

അങ്ങനെ ഈ സിനിമക്കായി രഞ്ജിത്ത് കഥ എഴുതാന്‍ തുടങ്ങി. ഒന്നും രണ്ടും മൂന്നും സബ്ജെക്റ്റുകള്‍ എഴുതിയിട്ടും രഞ്ജിത്തിന് അതൊന്നും തൃപ്തി ആവുന്നുണ്ടായിരുന്നില്ല. രഞ്ജിത്തിന് എന്തുകൊണ്ടോ ആ കഥകള്‍ ശരിയാവാത്തത് പോലെ തോന്നിയിരിക്കണം.

ആറാം തമ്പുരാനും, നരസിംഹവും അതിഗംഭീരമായി ഹിറ്റായി നില്‍ക്കുന്ന സമയത്താണ് അടുത്ത സിനിമയുടെ കഥ എഴുതേണ്ടത്. അതും മമ്മൂക്കയെ നായകനാക്കിയാണ് ആ സിനിമ. അവനെ സംബന്ധിച്ചിടത്തോളം ഈ സിനിമയും ഹിറ്റാവണം. രഞ്ജിത്ത് അതിന് വേണ്ടി ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ അവന് നല്ല സബ്‌ജെക്ട് കിട്ടിയിരുന്നില്ല. അവന്‍ എഴുതുന്നതൊക്കെ വലിച്ചു കീറികളഞ്ഞു.

അതേസമയം ഷാജിക്ക് എന്റെ വീടിനെ പറ്റി നന്നായി അറിയാം. ഷാജിക്ക് മാത്രമല്ല സായ് കുമാറിനും അറിയാമായിരുന്നു. എനിക്ക് ഒരു മൂത്ത സഹോദരനുണ്ട്. അദ്ദേഹം ബിസിനസുക്കാരനാണെങ്കില്‍ പോലും കോളേജിലൊക്കെ പോകുന്ന സമയത്ത്, മുണ്ടും മടക്കി കുത്തി പാര്‍ട്ടിക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരു സ്വഭാവക്കാരനായിരുന്നു. അദ്ദേഹം ആളൊരു പ്രത്യേക കാരക്ടറാണ്. ഇത് ഷാജിക്ക് അറിയാവുന്ന കാര്യമാണ്.

രഞ്ജിത്തിനോട് ഷാജി ഒരു സബ്‌ജെക്ട് തരാമെന്ന് പറഞ്ഞു. ഷാജി പറഞ്ഞത് എന്റെ മൂത്ത സഹോദരനെ പറ്റിയാണ്. ഒരു വണ്‍ലൈന്‍ മാത്രമായിരുന്നു ഞങ്ങളുടെ കഥ വെച്ച് പറഞ്ഞു കൊടുത്തിരുന്നത്. സിനിമക്ക് അങ്ങനെ ചെറിയ ഒരു ത്രെഡ് പോരല്ലോ. എങ്കിലും രഞ്ജിത്ത് അതുവെച്ച് കഥയെഴുതി. അങ്ങനെയാണ് ‘വല്ല്യേട്ടന്‍’ സിനിമയുണ്ടാകുന്നത്. എന്റെ മൂത്ത സഹോദരനാണ് ‘വല്ല്യേട്ടന്‍’ സിനിമയിലെ ആ വല്ല്യേട്ടന്‍,’ ബൈജു അമ്പലക്കര പറഞ്ഞു.

Content Highlight: Baiju Ambalakkara Talks About Vallyettan Movie