ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവിലെന്ന് പൊലീസ്
Kerala News
ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവിലെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th October 2020, 10:39 am

തിരുവനന്തപുരം: യൂട്യൂബില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങിളിട്ട അശ്ലീല യൂട്യൂബര്‍ വിജയ്.പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ഒളിവിലെന്ന് പൊലീസ്. ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും വീടുകളിലില്ലെന്നും ഇവര്‍ക്കായി അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച്ച ഭാഗ്യലക്ഷ്മിയുടെയും കൂടെയുണ്ടായിരുന്നവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഭാഗ്യലക്ഷ്മി, ദിയ സനാ, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയിരുന്ന കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയായിരുന്നു കോടതി തള്ളിയത്.

നേരത്തെ ഭാഗ്യലക്ഷ്മിയും സംഘവും സമര്‍പ്പിച്ച ജാമ്യാപേക്ഷയെ കേരള സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. നിയമം കയ്യിലെടുക്കാനുള്ള തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചത്.

പ്രതികള്‍ അതിക്രമിച്ചുകയറി മോഷണം ഉള്‍പ്പെടെ നടത്തിയെന്നും ജാമ്യം നല്‍കിയാല്‍ നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമായ തെറ്റായ സന്ദേശമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിക്കൊണ്ടുള്ള യൂട്യൂബ് ചാനല്‍ നടത്തിയ വിജയ് പി നായരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സാമൂഹ്യപ്രവര്‍ത്തകരായ ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഇയാളുടെ മുഖത്ത് കരിമഷി ഒഴിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ചാനലിനെതിരെ പൊലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടും നടപടിയൊന്നും എടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇവര്‍ നേരിട്ട് പ്രതിഷേധവുമായെത്തിയത്.

തുടര്‍ന്ന് ഇയാള്‍ക്കെതിരെയും ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെയും കേസുകള്‍ ചുമത്തിയിരുന്നു. ഭാഗ്യലക്ഷ്മിയടക്കമുള്ളവര്‍ക്കെതിര ഗുരുതര വകുപ്പുകള്‍ ചുമത്തുകയും വിജയ് പി നായര്‍ക്കെതിരെ ലഘുവായ വകുപ്പുള്‍ ചുമത്തുകയും ചെയ്തതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തുകയായിരുന്നു.

അതേസമയം ഭാഗ്യലക്ഷ്മിയുടെയും സംഘത്തിന്റെയും നടപടിയെ പ്രശംസിച്ചുക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും രംഗത്തുവന്നിരുന്നു. സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനായി പുതിയ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bagyalakshmi, Sreelakshmi Arackkal, Diya sana abscounded says kerala Police