national news
മാര്‍ച്ച് 28ന് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കര്‍ഷകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Sunday, 23rd March 2025, 7:40 pm

ന്യൂദല്‍ഹി: മാര്‍ച്ച് 28ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ കര്‍ഷകരോട് ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച. കര്‍ഷകരെ അടിച്ചമര്‍ത്തിയ പഞ്ചാബ് പൊലീസിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം.

പഞ്ചാബിലെ കര്‍ഷക പ്രതിഷേധത്തിനെതിരെ പോലീസ് നടത്തിയ അടിച്ചമര്‍ത്തലിനെതിരെ മാര്‍ച്ച് 2ന് ഇന്ത്യയിലുടനീളമുള്ള ജില്ലകളിലെ കര്‍ഷകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ എസ്.കെ.എമ്മിന്റെ ദേശീയ ഏകോപന സമിതി ആഹ്വാനം ചെയ്യുന്നതായി ഇന്ന് പുറത്തിറക്കിയ കുറിപ്പില്‍ സംഘടന അറിയിച്ചു.

കിസാന്‍ മസ്ദൂര്‍ മോര്‍ച്ച, സംയുക്ത കിസാന്‍ മോര്‍ച്ച തുടങ്ങി എല്ലാ സംഘടനകളോടും പ്രതിഷേധത്തില്‍ പങ്കെടുക്കാനും അടിച്ചമര്‍ത്തലിനെതിരെ മുന്നോട്ട് വരാനും സംഘടന അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഭഗവത് മാന്റെ നിര്‍ദേശ പ്രകാരം പഞ്ചാബ് പൊലീസ് ജഗ്ജിത് സിങ് ദല്ലേവാള്‍, സര്‍വാന്‍ സിങ് പാന്ഥര്‍ എന്നിവരുള്‍പ്പെടെയുള്ള 350 കര്‍ഷക നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഡെപ്യൂട്ടി കമ്മീഷണര്‍ (ഡി.സി) ഓഫീസുകള്‍ക്ക് പുറത്ത് പ്രകടനം നടത്തിയവര്‍ ഉള്‍പ്പെടെയുള്ള കര്‍ഷകരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.

കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചണ്ഡീഗഡില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജഗത്പുരയില്‍ വെച്ചാണ് കര്‍ഷക നേതാക്കളെ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആംബുലന്‍സ് എത്തിച്ചാണ് ദല്ലേവാളിനെ കസ്റ്റഡിയിലെടുത്തത്.

ഖനൗരി, ശംഭു അതിര്‍ത്തികളില്‍ കര്‍ഷകരുടെ പ്രതിഷേധത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ടെന്റുകളും വേദികളും ഉള്‍പ്പെടെ പൊലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് മാറ്റുകയും ട്രാക്ടര്‍, ട്രോളികള്‍, ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

കര്‍ഷകരെ അടിച്ചമര്‍ത്താനുള്ള പൊലീസിന്റെ നടപടിക്ക് പിന്നാലെ സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത കര്‍ഷക നേതാക്കളുമായുള്ള യോഗം കര്‍ഷക സംഘടനകള്‍ ബഹിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ എല്ലാ കര്‍ഷകരെയും നേതാക്കളെയും വിട്ടയക്കണമെന്നും കണ്ടുകെട്ടിയ ട്രാക്ടറുകളും ട്രോളികളും തിരികെ നല്‍കണമെന്നും പൊലീസ് നശിപ്പിച്ച പ്രോപ്പര്‍ട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Content Highlight: Farmers prepare for nationwide protest on March 28th