IPL
ജയിച്ചാല്‍ തിരുത്തിയെഴുതുക ഐ.പി.എല്ലിന്റെ ചരിത്രം; ഒരു റണ്‍സിന് സണ്‍റൈസേഴ്‌സ് നഷ്ടപ്പെടുത്തിയത് രാജസ്ഥാന്‍ നേടുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
2 days ago
Sunday, 23rd March 2025, 6:15 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 286 റണ്‍സിന്റെ ടോട്ടലുമായാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സീസണിലെ ആദ്യ മത്സരത്തില്‍ തിളങ്ങിയത്. സ്വന്തം തട്ടകമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇഷാന്‍ കിഷന്റെ സെഞ്ച്വറി കരുത്തിലാണ് സണ്‍റൈസേഴ്‌സ് റണ്‍മല പടുത്തുയര്‍ത്തിയത്.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത് ടീം ടോട്ടലിന്റെ റെക്കോഡും ഈ മത്സരത്തിന് പിന്നാലെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. വെറും ഒരു റണ്‍സിനാണ് ഒന്നാം സ്ഥാനത്തുള്ള സ്വന്തം റെക്കോഡ് ഓറഞ്ച് ആര്‍മിക്ക് നഷ്ടമായത്.

അതേസമയം, സണ്‍റൈസേഴ്‌സിനെതിരെ വിജയിക്കാന്‍ സാധിച്ചാല്‍ ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടലിന്റെ റെക്കോഡ് തങ്ങളുടെ പേരിലാക്കാന്‍ രാജസ്ഥാന് സാധിക്കും.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍

(ടീം – എതിരാളികള്‍ – സ്‌കോര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 287/3 – 2024

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – രാജസ്ഥാന്‍ റോയല്‍സ് – 286/6 – 2025*

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – മുംബൈ ഇന്ത്യന്‍സ് – 277/3 – 2024

കൊല്‍ക്കത്ത നൈറ്റ് റൈഡേ്‌സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 272/7 – 2024

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 266/7 – 2024

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരന്നു. രാജസ്ഥാന്‍ ബൗളര്‍മാരെ തല്ലിയൊതുക്കിയാണ് സണ്‍റൈസേഴ്സ് സീസണിലെ ആദ്യ മത്സരം ആരംഭിച്ചത്. ഹൈദരാബാദിനെ ബാറ്റിങ് പറുദീസയാക്കി ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് വെടിക്കെട്ട് നടത്തി.

ആദ്യ വിക്കറ്റില്‍ 45 റണ്‍സാണ് ട്രവിഷേക് സഖ്യം അടിച്ചെടുത്തത്. നാലാം ഓവറിലെ ആദ്യ പന്തില്‍ അഭിഷേകിനെ പുറത്താക്കി മഹീഷ് തീക്ഷണയാണ് രാജസ്ഥാന് ബ്രേക് ത്രൂ നല്‍കിയത്. 11 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറിയുടെ അകമ്പടിയോടെ 24 റണ്‍സാണ് താരം നേടിയത്.

വണ്‍ ഡൗണായെത്തിയ ഇഷാന്‍ കിഷനെ ഒപ്പം കൂട്ടിയും ഹെഡ് തന്റെ നാച്ചുറല്‍ അറ്റാക്കിങ് ഗെയിം പുറത്തെടുത്തു. ജോഫ്രാ ആര്‍ച്ചര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ നാല് ഫോറടക്കം 23 റണ്‍സാണ് ഹെഡ് അടിച്ചെടുത്തത്. ആറാം ഓവറില്‍ 16 റണ്‍സും പിറന്നതോടെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 94 എന്ന നിലയിലാണ് സണ്‍റൈസേഴ്സ് പവര്‍പ്ലേ അവസാനിപ്പിച്ചത്.

ടീം സ്‌കോര്‍ 130ല്‍ നില്‍ക്കവെ ഹെഡിനെ സണ്‍റൈസേഴ്‌സിന് നഷ്ടമായി. 31 പന്തില്‍ 67 റണ്‍സ് നേടി നില്‍ക്കവെയാണ് ഹെഡ് മടങ്ങിയത്.

ട്രാവിസ് ഹെഡിനെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയെയും ഹെന്‌റിക് ക്ലാസനെയും ഒപ്പം കൂട്ടി ഇഷാന്‍ കിഷന്‍ സ്‌കോര്‍ ഉയര്‍ത്തി. റെഡ്ഡി 15 പന്തില്‍ 30 റണ്‍സും ക്ലാസന്‍ 14 പന്തില്‍ 34 റണ്‍സുമായി തങ്ങളുടെ റോള്‍ ഗംഭീരമാക്കിയപ്പോള്‍ മറുവശത്ത് നിന്നും ഇഷാന്‍ കിഷന്‍ ബൗളര്‍മാരെ പ്രഹരിച്ചുകൊണ്ടിരുന്നു.

ഇതിനിടെ താരം തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. സണ്‍റൈസേഴ്‌സിനൊപ്പമുള്ള ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയതിന്റെ ആവേശത്തിലാണ് കിഷന്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 എന്ന നിലയില്‍ സണ്‍റൈസേഴ്‌സ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

രാജസ്ഥാനായി തുഷാര്‍ ദേശ്പാണ്ഡേ മൂന്ന് വിക്കറ്റ് നേടി. മഹീഷ് തീക്ഷണ രണ്ട് വിക്കറ്റെടുത്തപ്പോള്‍ സന്ദീപ് ശര്‍മ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കം പിഴച്ചു. സിമര്‍ജീത് സിങ്ങെറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ യശസ്വി ജെയ്‌സ്വാളിനെയും ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെയും ടീമിന് നഷ്ടമായി. ജെയ്‌സ്വാള്‍ അഞ്ച് പന്തില്‍ ഒരു രണ്‍സ് നേടിയപ്പോള്‍ നാല് റണ്ണാണ് ക്യാപ്റ്റന് നേടാനായത്.

നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എന്ന നിലയിലാണ് രാജസ്ഥാന്‍. 10 28 റണ്‍സുമായി ഇംപാക്ട് പ്ലെയറായെത്തിയ സഞ്ജു സാംസണും ഏഴ് പന്തില്‍ 11 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസില്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, ശുഭം ദുബെ, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, ജോഫ്രാ ആര്‍ച്ചര്‍, തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ, ഫസല്‍ഹഖ് ഫാറൂഖി, സന്ദീപ് ശര്‍മ.

സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‌റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സിമര്‍ജീത് സിങ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി.

 

 

Content Highlight: IPL 2025: RR vs SRH: If Rajasthan Royals can win the match, they will hold the record of highest team total in IPL history