Entertainment
ഇപ്പോള്‍ പലരുടെയും മീം ടെംപ്ലേറ്റായി ഞാന്‍ മാറാന്‍ കാരണം ആ മലയാളനടന്‍: വിക്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 23, 02:03 pm
Sunday, 23rd March 2025, 7:33 pm

 

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് വിക്രം. സഹനടനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും കരിയര്‍ ആരംഭിച്ച നടനാണ് വിക്രം. ബാല സംവിധാനം ചെയ്ത സേതുവാണ് വിക്രമിന്റെ കരിയര്‍ മാറ്റിമറിച്ചത്. കൊമേഴ്‌സ്യല്‍ സിനിമകളിലൂടെയും കണ്ടന്റ് വാല്യൂവുള്ള സിനിമകളിലൂടെയും തമിഴിലെ മുന്‍നിരയിലേക്ക് അതിവേഗം നടന്നുകയറുന്ന വിക്രമിനെയാണ് പിന്നീട് കാണാന്‍ സാധിച്ചത്. ബാലയുമായി രണ്ടാമത് ഒന്നിച്ച പിതാമകനിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ചിയാന്‍ സ്വന്തമാക്കി.

വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വീര ധീര സൂരന്‍. ചിത്താ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എസ്.ജെ. സൂര്യ വില്ലനായെത്തുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തെപ്പറ്റി സംസാരിക്കുകയാണ് വിക്രം.

ആ ഇന്റര്‍വ്യൂവില്‍ ഏറ്റവുമധികം സ്‌കോര്‍ ചെയ്തത് സുരാജ് വെഞ്ഞാറമൂടായിരുന്നെന്ന് വിക്രം പറഞ്ഞു. കൗണ്ടറുകളും മിമിക്രിയുമായി ആ ഇന്റര്‍വ്യൂ സുരാജ് കൊണ്ടുപോയെന്നും വിക്രം കൂട്ടിച്ചേര്‍ത്തു. ആ അഭിമുഖത്തില്‍ സുരാജ് തന്നെ ഇമിറ്റേറ്റ് ചെയ്യുന്നത് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ മീം ടെംപ്ലേറ്റായി മാറിയെന്നും വിക്രം പറഞ്ഞു.

അസാധ്യ ടാലന്റുള്ള നടനാണ് സുരാജെന്നും എത്ര പേജുള്ള ഡയലോഗ് കൊടുത്താലും അത് കൃത്യമായി പഠിച്ച് മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യുന്ന നടനാണെന്നും വിക്രം കൂട്ടിച്ചേര്‍ത്തു. ആദ്യത്തെ തമിഴ് സിനിമയാണെന്നുള്ള യാതൊരു ടെന്‍ഷനുമില്ലാതെയാണ് സുരാജ് വീര ധീര സൂരനില്‍ അഭിനയിച്ചതെന്നും വിക്രം പറഞ്ഞു. വീര ധീര സൂരന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു വിക്രം.

‘ഈ പടത്തെപ്പറ്റി പറയുമ്പോള്‍ ഒരു നടനെക്കുറിച്ച് സംസാരിക്കാതെ പൂര്‍ത്തിയാകില്ല. സുരാജ് വെഞ്ഞാറമൂട്, എന്തൊരു മനുഷ്യനാണ് അദ്ദേഹം. ഈ പടത്തിന്റെ പ്രൊമോഷന്‍ സമയത്ത് ഒരു ഇന്റര്‍വ്യൂ നടത്തിയിരുന്നു. ഞങ്ങളെല്ലാവരെയും സൈഡാക്കിയായിരുന്നു സുരാജ് അതില്‍ പങ്കെടുത്തത്. എന്നെ ഇമിറ്റേറ്റ് ചെയ്ത ഡയലോഗ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ മീം മെറ്റീരിയലാണ്.

അത് മാത്രമല്ല, ആദ്യ തമിഴ് സിനിമയായിട്ട് കൂടി അതിന്റെ യാതൊരു ടെന്‍ഷനും സുരാജിന് ഉണ്ടായിരുന്നില്ല. എത്ര പേജുള്ള ഡയലോഗ് കൊടുത്താലും ഈസിയായിട്ട് പഠിക്കും. അത് നല്ല അസാധ്യമായി ഡെലിവര്‍ ചെയ്യുകയും ചെയ്യും. അപാരമായ ടാലന്റുള്ളയാളാണ് സുരാജ്. ഈ ഒരൊറ്റ സിനിമയിലൂടെ എനിക്കത് മനസിലായി,’ വിക്രം പറയുന്നു.

Content Highlight: Chiyaan Vikram says Suraj Venjaramoodu gave wonderful performance in Veera Dheera Sooran movie