Kerala News
മൂന്നാമതും ദുര്‍ഭൂതം വരുമെന്നാണോ?; മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷപരിഹാസവുമായി കെ.സി വേണുഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Sunday, 23rd March 2025, 6:25 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ.സി. വേണുഗോപാല്‍ എം.പി. പിണറായി 3.O വരുമെന്ന് ചിലര്‍ പ്രചാരണം നടത്തുന്നുവെന്നും മൂന്നാമതും ദുര്‍ഭൂതം വരുമെന്നാണോ പ്രചരിപ്പിക്കുന്നതെന്നുമാണ് കെ.സി വേണുഗോപാലിന്റെ പരിഹാസം. കോണ്‍ഗ്രസിന്റെ വാര്‍ഡ് മെമ്പര്‍മാരുടെ സമ്പൂര്‍ണ നേതൃയോഗത്തിലാണ് കെ.സി വേണുഗോപാലിന്റെ പരാമര്‍ശം.

സി.പി.ഐ.എമ്മിന്റെ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ ചിലര്‍ പിണറായി മൂന്നാം തവണയും അധികാരത്തില്‍ വരുമെന്ന് പ്രചരണം നടത്തിയെന്നും അതില്‍ ചില മാധ്യമങ്ങളും പി.ആര്‍ വര്‍ക്കുകളുമുണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

പിണറായി 3.0 എന്നായിരുന്നു പ്രചരണമെന്നും ദുര്‍ഭൂതം വരുമെന്നാണോ മാധ്യമങ്ങള്‍ കരുതുന്നതെന്നടക്കം രൂക്ഷ വിമര്‍ശനങ്ങളാണ് കെ.സി വേണുഗോപാല്‍ ചര്‍ച്ചയിലുടനീളം നടത്തിയത്.

‘ചില അല്‍പ്പസ്വല്‍പം മാധ്യമങ്ങളടക്കമുള്ളവര്‍ ഇറങ്ങിയിരിക്കുകയാണ്, ചില പി.ആര്‍ വര്‍ക്കുകളുമുണ്ട് മൂന്നാമതും വരാന്‍ പോവുകയാണെന്ന്. ആരാ മൂന്നാമതും, ദുര്‍ഭൂതം വരാന്‍ പോവുകയാണോ? ,’കെ.സി വേണുഗോപാല്‍ ചോദിച്ചു.

സി.പി.ഐ.എം അധപതിച്ച് പോയെന്നും കേരളത്തിലെ ജനങ്ങള്‍ ഭരണം മാറാന്‍ കാത്തിരിക്കുകയാണെന്നും അതിനുള്ള അവസരം തേടുകയാണ് ജനങ്ങളെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

Content Highlight:  KC Venugopal slams CM for mocking him as evil spirit