Entertainment news
ഷൈന്റെ പിറകെ ഓടുന്നത് ഇപ്പോള്‍ നിങ്ങള്‍ക്ക് രസമായിട്ട് തോന്നും; അബദ്ധമായിരുന്നെന്ന് കുറച്ച് കഴിയുമ്പോള്‍ മനസിലാകും: ബാബുരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 30, 10:27 am
Friday, 30th December 2022, 3:57 pm

ഷൈന്‍ ടോം ചാക്കോയുടെ പിന്നാലെയാണ് ഒരുസമയത്ത് മാധ്യമങ്ങള്‍ മുഴുവന്‍ ഓടിയിരുന്നതെന്ന് നടന്‍ ബാബുരാജ്. മാധ്യമങ്ങള്‍ അവരുടെ ആവശ്യത്തിന് വേണ്ടിയായിരിക്കാം അങ്ങനെ ചെയ്യുന്നതെന്നും എന്നാല്‍ അത് ഷൈന് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെന്നും താരം പറഞ്ഞു. ‘തേര്’എന്ന തന്റെ പുതിയ സിനിമയുടെ റിലീസിന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ ഷൈനും ഇതൊക്കെ ആസ്വദിക്കുന്നണ്ടെന്നാണ് താന്‍ കരുതുന്നതെന്നും അതൊക്കെ ആഘോഷിക്കുകയാണ് എന്നാണ് തോന്നുന്നതെന്നും താരം പറഞ്ഞു. ഷൈന്‍ മാധ്യമങ്ങളെ പേടിച്ചിട്ടാണ് അന്ന് ഓടിയതെന്നും എന്നിട്ടും മാധ്യമങ്ങള്‍ അവന്റെ പിന്നാലെ ഓടിയെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു.

‘കുറേ നാള്‍ കണ്ടില്ലേ ആ പാവം ഷൈന്‍ ടോം ചാക്കോയുടെ പുറകെയാണ് എല്ലാവരും ഓടിയത്. ഷൈന്‍ അങ്ങോട്ട് ഒടുമ്പോള്‍ അങ്ങോട്ട് ഓടും, അവന്‍ ഇങ്ങോട്ട് ഓടുമ്പോള്‍ ഇങ്ങോട്ട് ഓടും അങ്ങനെയാണല്ലോ നിങ്ങള്‍ പെരുമാറിയിരുന്നത്. നിങ്ങളുടെ ആവശ്യത്തിന് വേണ്ടിയായിരിക്കാം ഇങ്ങനെയൊക്കെ ചെയ്യുന്നത്. എന്നാലിപ്പോള്‍ വന്ന് വന്ന് അതിനെ ആളുകള്‍ ആ രീതിയില്‍ കാണാന്‍ തുടങ്ങി.

എനിക്ക് തോന്നുന്നു ഷൈനും ഇതൊക്കെ ആഘോഷിക്കുകയാണെന്ന്. ഷൈന്‍ അത് നന്നായി ആസ്വദിക്കുകയാണെന്ന് തോന്നുന്നു. അയാള്‍ എന്റെ വലിയ സുഹൃത്തൊക്കെയാണ്. ഇതെല്ലാം നിങ്ങള്‍ തന്നെയുണ്ടാക്കുന്ന കാര്യങ്ങളായിട്ടാണ് എനിക്ക് തോന്നുന്നത്. പാവം അവന്‍ നിങ്ങളെ കണ്ടപ്പോള്‍ പേടിച്ചിട്ട് ഓടിയതാണെന്ന് തോന്നുന്നു.

എന്നിട്ട് എന്തായി അതിന്റെ പിറകെ ഒരു കൂട്ടമോടി. വെല്ല ട്രാന്‍സ്‌ഫോമര്‍ ആയിരുന്നെങ്കില്‍ അതിന്റെയുള്ളിലേക്കും എടുത്ത് ചാടുമായിരുന്നു. അങ്ങനെയൊക്കെ പോകുന്ന ചില സമൂഹമുണ്ടല്ലോ നമ്മള്‍ ആ രീതിയിലേക്ക് പോകരുത്. നിങ്ങള്‍ എപ്പോഴും നല്ലതിന്റെ കൂടെ മാത്രം നില്‍ക്കുക. ഇപ്പോള്‍ അത് കാണുമ്പോള്‍ രസമൊക്കെ തോന്നും. എന്നാല്‍ കുറച്ച് കഴിയുമ്പോള്‍ അതൊക്കെ അബദ്ധങ്ങളായിട്ട് തോന്നും,’ ബാബുരാജ് പറഞ്ഞു.

അതേസമയം എസ്.ജെ. വിനു സംവിധാനം ചെയ്യുന്ന സിനിമയാണ് തേര്. ബാബുരാജിന് പുറമെ അമിത്, സ്മിനു സിജോ, നില്‍ജ.കെ.ബേബി, സഞ്ജു, വിജയരാഘവന്‍ തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ജോബി.പി.സാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

content highlight: baburaj talks about shine tom chacko and new media