ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ട് കേന്ദ്രമന്ത്രിമാരടക്കമുള്ളവരുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയി. പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോയുടേയും വ്യവസായ സഹമന്ത്രി സോം പ്രകാശിന്റേയും അടക്കം അഞ്ച് പേരുടെ മൊബൈല്‍ ഫോണാണ് പോക്കറ്റടിച്ചത്.
‘അവിടെ വെള്ളം കയറിയ കുറച്ച് സ്ഥലമുണ്ടായിരുന്നു. അതിനാല്‍ നല്ല ജനത്തിരക്കുമുണ്ടായിരുന്നു. അവിടെ വെച്ചാണ് പോക്കറ്റടിക്കാര്‍ മോഷണം നടത്തിയതെന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്.’-ബാബുല്‍ സുപ്രിയോ പറഞ്ഞു.
‘ഞാന്‍ പൊലീസിനെ കുറ്റം പറയുന്നില്ല. കാരണം അവര്‍ക്ക് എല്ലാ പോക്കറ്റടിക്കാരെയും പിന്തുടരാന്‍ പറ്റില്ല. പക്ഷെ കുറച്ചധികം സി.സി.ടി.വികള്‍ സ്ഥാപിക്കുന്നത് ഇത് തടയാന്‍ സഹായകരമാകും’.
പോക്കറ്റടിക്കാരുടെ കലാവിരുത് ഒരു കലാകാരനെന്ന നിലയില്‍ അഭിനന്ദിക്കുന്നതായും അദ്ദേഹം തമാശരൂപേണ പറഞ്ഞു. അതേസമയം പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ദല്‍ഹി പൊലീസ് അറിയിച്ചു. നിലവില്‍ അഞ്ച് പേരാണ് പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.
മന്ത്രിമാരുടേത് കൂടാതെ ബാബുല്‍ സുപ്രിയോയുടെ സെക്രട്ടറി ധര്‍മേന്ദ്ര കൗശല്‍, വിനോദ് കുമാര്‍, രത്തന്‍ ദോഗ്ര എന്നിവരുടെ ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത്.