Entertainment
മണിച്ചിത്രത്താഴിലേക്ക് ബാക്കി സംവിധായകര്‍ വന്നതിന് പിന്നിലൊരു കാരണമുണ്ട്: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാബു ഷാഹിര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 09, 04:17 pm
Sunday, 9th June 2024, 9:47 pm

മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാബു ഷാഹിര്‍. നടനും സംവിധായകനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന്റെ പിതാവാണ് ബാബു ഷാഹിര്‍. ഫാസിലിന്റെ ഹിറ്റ് ചിത്രങ്ങളുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ബാബു ഷാഹിര്‍. മണിച്ചിത്രത്താഴിലേക്ക് പ്രിയദര്‍ശനും, സിദ്ദിഖ്-ലാലും, സിബി മലയിലും എത്തിയതിനെക്കുറിച്ച് സംസാരിച്ചു.

ചിങ്ങം ഒന്നിന് ഷൂട്ട് തുടങ്ങി 60 ദിവസം കൊണ്ട് ഷൂട്ടിങ് തീര്‍ത്ത് ഡിസംബര്‍ 25ന് റിലീസ് ചെയ്യാനായിരുന്നു ആദ്യത്തെ പ്ലാനെന്നും എന്നാല്‍ ചിത്രീകരണം നീണ്ടുപോയി നവംബറില്‍ ഷൂട്ട് തുടങ്ങേണ്ടി വന്നെന്നും അതുകൊണ്ടാണ് ഫാസിലിനെ സഹായിക്കാന്‍ മറ്റ് സംവിധയകര്‍ വന്നതെന്നും ബാബു ഷാഹിര്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘ആ വര്‍ഷം ചിങ്ങം ഒന്നിന് മണിച്ചിത്രത്താഴിന്റെ ഷൂട്ട് തുടങ്ങാമെന്നായിരുന്നു ആദ്യം വിചാരിച്ചത്. ഫാസിലിന്റെ ഒരുവിധം എല്ലാ സിനിമകളും ആ ദിവസമാണ് ഷൂട്ട് തുടങ്ങാറുള്ളത്. പക്ഷേ വിചാരിച്ചത് പോലെ ചിങ്ങം ഒന്നിന് തുടങ്ങാന്‍ പറ്റിയില്ല. രണ്ടുമാസത്തോളം നീണ്ടുപോയി ഒടുവില്‍ നവംബറിലാണ് ഷൂട്ട് തുടങ്ങാന്‍ പറ്റിയത്. 40 ദിവസം കൊണ്ട് ഇത്രയും ആര്‍ട്ടിസ്റ്റുകളെ വെച്ച് പടം തീര്‍ത്ത് പോസ്റ്റ് പ്രൊഡക്ഷന്‍ തീര്‍ത്ത് ഇറക്കാന്‍ പറ്റില്ലെന്ന് ഉറപ്പാണ്.

അപ്പോഴാണ് ഫാസിലിന് ഈയൊരു ഐഡിയ വന്നത്. പുള്ളി വിളിച്ചാല്‍ സിദ്ദിഖ് ലാലും പ്രിയദര്‍ശനും വരുമെന്ന് ഉറപ്പാണ്. അങ്ങനെ അവര്‍ വന്നു, പിന്നീട് സിബി മലയിലും വന്നു. ഇവരെല്ലാവരും ചേര്‍ന്ന് പറഞ്ഞ ദിവസത്തിനുള്ളില്‍ പടം ചെയ്തുതീര്‍ത്തു. ഫാസില്‍ വിളിച്ചതുകൊണ്ടാണ് അവരെല്ലാം വന്നത്. അങ്ങനെയാണ് മണിച്ചിത്രത്താഴ് ഇന്ന് നമ്മള്‍ കാണുന്ന രീതിയില്‍ ഉണ്ടായത്,’ ബാബു ഷാഹിര്‍ പറഞ്ഞു.

Content Highlight: Babu Shahir explains the making of Manichithrathazhu movie