ബാബറി മസ്ജിദ് തകര്‍ത്ത കേസ്; യു.പി സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി
national news
ബാബറി മസ്ജിദ് തകര്‍ത്ത കേസ്; യു.പി സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th August 2022, 6:00 pm

ന്യൂദല്‍ഹി: 1992ല്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ കോടതിയലക്ഷ്യ കേസുകളിലെ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും എതിരായ ഹരജികള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഹരജിക്കാരനും മുന്‍ മുഖ്യമന്ത്രിയും മരിച്ചതും പരാതിക്ക് 30 വര്‍ഷത്തെ പഴക്കവും കണക്കിലെടുത്താണ് കോടതി കേസ് നടപടികള്‍ അവസാനിപ്പിച്ചത്. ഹരജിക്കാരന്‍ 2010ലാണ് മരിച്ചത്.

ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ്. എസ്, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ അന്തിമവിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ കോടതിയലക്ഷ്യകേസുകള്‍ നിലനില്‍ക്കില്ലെന്നാണ് സുപ്രീം കോടതി പറയുന്നത്. 2019ലെ സുപ്രീം കോടതി വിധി കണക്കിലെടുത്താണ് നീക്കം. മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ അനുവദിച്ചായിരുന്നു സുപ്രീം കോടതിയുടെ 2019ലെ വിധി.

സുപ്രീം കോടതിക്ക് യു.പി സര്‍ക്കാര്‍ സുരക്ഷയുടെ കാര്യത്തില്‍ ഉറപ്പുനല്‍കിയിട്ടും രഥയാത്രക്ക് അനുമതി നല്‍കിയതിലും ബാബരി മസ്ജിദ് തകര്‍ക്കുന്നത് തടയുന്നതില്‍ വീഴ്ചവരുത്തിയതിനുമാണ് അന്നത്തെ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിനും മറ്റുള്ളവര്‍ക്കുമെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. മസ്ജിദ് തകര്‍ത്തത് തടയുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരായ കോടതിയലക്ഷ്യ ഹരജികളിലെ നടപടികള്‍ക്കാണ് തീര്‍പ്പ് കല്‍പ്പിച്ചത്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബരി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തിലിധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട വിചാരണക്ക് ശേഷം ഇവരെ കോടതി വെറുതെവിടുകയും ചെയ്തിരുന്നു.