ന്യൂദല്‍ഹി: വീണ്ടും വിവാദ പ്രസ്താവനയുമായി ബാബാ രാംദേവ്. തനിക്കെതിരെ പരാതിപ്പെട്ട ഡോക്ടര്‍മാരുടെ സംഘടന ധൈര്യമുണ്ടെങ്കില്‍ ബോളിവുഡ് നടന്‍ ആമിര്‍ ഖാനെതിരെയും പരാതിപ്പെടണമെന്നാണ് രാംദേവിന്റെ പുതിയ പ്രസ്താവന.
2012ല്‍ സ്റ്റാര്‍പ്ലസ് ചാനലില്‍ ആമിര്‍ ഖാന്‍ അവതരിപ്പിച്ച ‘സത്യമേവ ജയതേ’ എന്ന പരിപാടിയുടെ വീഡിയോയും ട്വീറ്റ് ചെയ്താണ് രാംദേവിന്റെ പരാമര്‍ശം.
മരുന്നുകളുടെ അമിത വിലയെപ്പറ്റി ഡോ. സമിത് ശര്‍മ്മ സംസാരിക്കുന്ന വീഡിയോയാണ് രാംദേവ് ട്വീറ്റ് ചെയ്തത്.
പല മരുന്നുകളുടെയും യഥാര്‍ഥ വില, ഈടാക്കുന്നതിലും എത്രയോ കുറവാണെന്നും 10 മുതല്‍ 50 ശതമാനം വരെ നികുതി മരുന്നുകള്‍ക്ക് മേല്‍ ഈടാക്കുന്നുവെന്നും ഡോക്ടര്‍ പറയുന്നുണ്ട്.
‘ കൂടിയ വില കാരണം ഒരുപാട് പേര്‍ക്ക് മരുന്നുകള്‍ വാങ്ങാന്‍ കഴിയുന്നില്ല എന്ന ആമിര്‍ ഖാന്റെ ചോദ്യത്തോട് അമിത വില കാരണം ഇന്ത്യയില്‍ 65 ശതമാനം ആളുകള്‍ക്കും അവശ്യ മരുന്നുകള്‍ വാങ്ങാനാവുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകളെന്ന് സമിത് പറയുന്നുമുണ്ട്.
ഈ ചര്‍ച്ച ചൂണ്ടിക്കാട്ടിയാണ് രാംദേവിന്റെ പുതിയ പ്രസ്താവന. തനിക്കെതിരെ കേസെടുക്കാന്‍ ഇറങ്ങിയവര്‍ ആമിര്‍ ഖാനെതിരെ പരാതി നല്‍കാന്‍ തയ്യാറാകുമോ എന്നാണ് രാംദേവ് ചോദിക്കുന്നത്.
इन मेडिकल माफियाओं में हिम्म्त है तो आमिर खान के खिलाफ मोर्चा खोलें-
നേരത്തെ, ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ രാംദേവ് അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തിയിരുന്നു. സംഭവം വിവാദമായതോടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി തന്നെ രംഗത്തുവന്നു. ഇതിന് പിന്നാലെ മാപ്പ് പറഞ്ഞ് രാംദേവ് തന്റെ പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.
രാംദേവിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ഉത്തരാഖണ്ഡ് ഐ.എം.എ രംഗത്തെത്തിയിരുന്നു. 1000 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഫയല്‍ ചെയ്തിരിക്കുന്നത്.
അലോപ്പതിയെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്ന് പറയുന്ന വീഡിയോ പോസ്റ്റ് ചെയ്യുകയോ രേഖാമൂലം ഖേദപ്രകടനം നടത്തുകയോ ചെയ്യണമെന്നാണ് ലീഗല്‍ നോട്ടീസില്‍ ഐ.എം.എ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനായി 15 ദിവസത്തെ സമയം അനുവദിക്കുമെന്നും അല്ലാത്തപക്ഷം 1000 കോടി രൂപ നല്‍കണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.
അതേസമയം, വാക്സിനേഷന്‍ സംബന്ധിച്ച് വ്യാജ പ്രചരണം നടത്തുന്ന ബാബ രാംദേവിനെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എ. പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. രാംദേവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ഐ.എം.എ കത്തില്‍ വ്യക്തമാക്കി.
കൊവിഡിനെതിരെ രണ്ട് വാക്സിനും സ്വീകരിച്ച 10000 ഡോക്ടര്‍മാര്‍ മരിച്ചുവെന്നും അലോപ്പതി ചികിത്സ കാരണം ലക്ഷക്കണക്കിന് രോഗികള്‍ക്ക് ജീവന്‍ നഷ്ടമായെന്ന രീതിയിലും രാംദേവ് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഐ.എം.എ കത്തില്‍ ആവശ്യപ്പെടുന്നു.