ബുൾഡോസറുകൾ മടങ്ങിയെത്തുന്നു; മോദിയുടെ മൂന്നാം വരവിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം വർധിക്കുന്നതായി റിപ്പോർട്ട്
details
ബുൾഡോസറുകൾ മടങ്ങിയെത്തുന്നു; മോദിയുടെ മൂന്നാം വരവിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം വർധിക്കുന്നതായി റിപ്പോർട്ട്
ജിൻസി വി ഡേവിഡ്
Sunday, 7th July 2024, 2:27 pm

2014 മുതലുള്ള പത്ത് വർഷത്തെ നരേന്ദ്ര മോദിയുടെ നേതൃത്വം ഇന്ത്യയെ വെറുപ്പിൻ്റെയും ഭയത്തിൻ്റെയും റിപ്പബ്ലിക്കായി രൂപാന്തരപ്പെടുത്തുകയായിരുന്നു ചെയ്തത്. ആൾക്കൂട്ടക്കൊലകളും വംശഹത്യയും വിദ്വേഷ പ്രസംഗങ്ങളും ബുൾഡോസറുകളും ഭരണകൂടത്തിൻ്റെ മുഖമുദ്രയായി മാറി. മുസ്‌ലിം പൗരന്മാർക്കെതിരെയുള്ള വിദ്വേഷം സാധാരണമായി മാറിയിരിക്കുകയാണ്. ഭയം അവരുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായി മാറിയിരിക്കുന്നു പ്രശസ്ത കോളമിസ്റ്റ് ഹർഷ് മന്ദറിന്റെ സ്ക്രോൾ പബ്ലിഷ് ചെയ്ത ലേഖനത്തിലുള്ള വാക്കുകളാണിവ.

ഹർഷ് മന്ദർ

നരേ ന്ദ്രമോദിക്ക് സ്വന്തമായി സർക്കാർ രൂപീകരിക്കാൻസാധിച്ചില്ല. മുസ്‌ലിം വിഭാഗത്തിന് തുല്യ പ്രാധാന്യം അർഹിക്കുന്ന രണ്ട് പാർട്ടികളുടെ സഹായം അദ്ദേഹത്തിന് തേടേണ്ടി വന്നു എന്നത് ഇന്ത്യൻ ജനതക്ക് ആശ്വാസം നല്കിയതായിരുന്നു. എന്നാൽ ആ ആശ്വാസം പാടെ ഇല്ലാതാക്കുന്ന വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞുകൊണ്ടിരിക്കുന്നത് ഹർഷ് മന്ദർ പറയുന്നു.

ജൂണ്‍ നാലിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇന്ത്യയില്‍ ഉടനീളം മുസ്‌ലിങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചെന്ന് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നുണ്ട്. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എ.പി.സി.ആര്‍)ന്റെതാണ് റിപ്പോര്‍ട്ട്.

മുസ്‌ലിം വിഭാഗത്തിന് നേരെയുള്ള ആക്രമണങ്ങൾ ദിനംപ്രതി വർധിച്ചു വരികയാണിപ്പോൾ. ലോക്സഭാ ഫലപ്രഖ്യാപനത്തിന് ശേഷം മാത്രം ഒമ്പത് കൊലപാതകങ്ങളും ആറ് ആൾക്കൂട്ട ആക്രമണങ്ങളുമാണ് നടന്നത്. കഴിഞ്ഞ ദിവസം നടന്ന കൊലപാതകമാണ് ഇതിൽ ഏറ്റവും പുതിയത്.

ഉത്തർപ്രദേശിലെ ജലാലാബാദിൽ നിന്നാണ് ഏറ്റവും ഒടുവിലെ ആൾക്കൂട്ട കൊലപാതകത്തെക്കുറിച്ചുള്ള റിപ്പോർട്ട് വന്നത്. ഗംഗ ആര്യനഗറിൽ ജോലിക്കായെത്തിയ ഫിറോസ് ഖുറേഷിയെന്ന യുവാവിനെ മോഷണമാരോപിച്ച് അടിച്ച് കൊല്ലുകയായിരുന്നു. ആക്രിക്കടക്കാരനായ ഇയാൾ മൂന്ന് കുട്ടികളുടെ പിതാവാണ്. സംഭവത്തിൽ ഏതാനും പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ് എടുത്തത്. ആൾക്കൂട്ടക്കൊലപാതകം സംബന്ധിച്ച ബി.എൻ.എസിലെ (ഭാരതീയ ന്യായ സംഹിത) വകുപ്പുകൾ ചേർത്തിട്ടില്ല.

ജൂണ്‍ 22ന് ഗുജറാത്തില്‍, ചിഖോദ്രയില്‍ ക്രിക്കറ്റ് മത്സരം കാണാന്‍ പോയ സല്‍മാന്‍ വോറ എന്ന 23 കാരനായ മുസ്‌ലിം യുവാവിനെ ഒരു സംഘം നിഷ്‌കരുണം മര്‍ദിച്ച് കൊലപ്പെടുത്തി.

സല്‍മാന്‍ വോറ

 

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് റായ്പൂരിലും മൂന്ന് മുസ്‌ലിം യുവാക്കളെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് മര്‍ദിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ രണ്ടുപേര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റൊരാൾ പത്ത് ദിവസങ്ങള്‍ക്ക് ശേഷവുമാണ് മരിച്ചത്.
35 കാരനായ ചാന്ദ് മിയ ഖാൻ, ഗുഡ്ഡു ഖാൻ (23), സദ്ദാം ഖുറേഷി (23) എന്നിവരാണ് കൊല്ലപ്പെട്ടത്. പശുക്കടത്ത് ആരോപിച്ച് ക്രൂരമായ ആക്രമണത്തിനിരയായാണവർ കൊല്ലപ്പെട്ടത്.

ബോധം നഷ്ടപ്പെടുന്നതിന് മുമ്പ്, അവർ അക്രമികളോട് കുടിക്കാൻ വെള്ളത്തിനായി അപേക്ഷിച്ചു, അവർ അത് നിഷേധിച്ചു. തുടർന്ന് ഗോരക്ഷാകർ ഇവരെ പാലത്തിൽ നിന്ന് താഴെ മഹാനദിയുടെ അടിത്തട്ടിലെ പാറക്കെട്ടുകളിലേക്ക് എറിയുകയായിരുന്നെന്നും ദി സ്ക്രോൾ റിപ്പോർട്ട് ചെയ്തു.

ഈ സംഭവം നടന്ന ഒരു ദിവസത്തിന് ശേഷം ഉത്തർപ്രദേശിലെ പ്രതാപ്ഗഡിലെ ഒരു ഗ്രാമത്തിൽ മൗലാന ഫാറൂഖ് എന്ന പുരോഹിതനെ അയാളുടെ വാടകക്കാരനായ ചന്ദ്രമണി തിവാരി കൊലപ്പെടുത്തി. തൻ്റെ വാടകക്കാരൻ ബുദ്ധിമുട്ടുകൾ നേരിട്ടപ്പോഴെല്ലാം തൻ്റെ പിതാവ് സാമ്പത്തികമായി സഹായിച്ചിരുന്നതായി പുരോഹിതൻ്റെ മകൻ പിന്നീട് പറഞ്ഞു. അവർക്കിടയിൽ ഒരിക്കലും ശത്രുത ഉണ്ടായിട്ടില്ല. തൻ്റെ പിതാവിനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്താനുള്ള അയാളുടെ പ്രേരണ എന്താണെന്ന് ആ മകന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

മൗലാന ഫാറൂഖ്

പിന്നാലെ ഉത്തർപ്രദേശിലെ മൊറാദാബാദിന്റെ പ്രാന്തപ്രദേശത്ത് മറ്റൊരു ഇമാം കൂടി കൊല്ലപ്പെട്ടു. വെടിയേറ്റായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്.

ഒരാഴ്‌ചയ്‌ക്കുള്ളിൽ, ഉത്തർപ്രദേശിലെ അലിഗഡിലെ തിരക്കേറിയ മാർക്കറ്റിൽ, ജൂൺ 18-ന് രാത്രി, 35 കാരനായ മൊഹമ്മദ് ഫരീദിനെ ജനക്കൂട്ടം തല്ലിക്കൊന്നു . ആള്‍ക്കൂട്ടക്കൊല നടന്ന് 10 ദിവസത്തിന് ശേഷം അലിഗഢ് പൊലീസ് ഫരീദിനെ പ്രതിചേര്‍ത്ത് കവര്‍ച്ചയ്ക്ക് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആള്‍ക്കൂട്ട കൊലപാതകത്തിന്റെ മേല്‍ അന്വേഷണം നടന്നിരുന്നില്ല.

 

ഫരീദിനെ 15 ഓളം പേർ, ചിലർ ലാത്തി ഉപയോഗിച്ച് അടിച്ച് കൊല്ലുകയായിരുന്നു. തന്നെ രക്ഷിക്കാൻ ജനക്കൂട്ടത്തോട് അയാൾ കരഞ്ഞ് പറഞ്ഞു . ഇയാൾ മുസ്‌ലിമാണെന്ന് സ്ഥിരീകരിക്കാൻ ജനക്കൂട്ടം ആദ്യം ഇയാളുടെ ട്രൗസർ വലിച്ചെറിഞ്ഞതായാണ് റിപ്പോർട്ട്. ‘അവൻ്റെ കാൽമുട്ടുകൾ ഒടിക്കൂ’ എന്ന് ആൾക്കൂട്ടം ആക്രോശിക്കുന്നുണ്ടായിരുന്നു.

സംഭവം നടന്നത് ഒരു തയ്യൽക്കടയുടെ മുന്നിലാണ്. കടയുടെ മുകളിലെ വീട്ടിലെ രണ്ടുപേർ ഫരീദിനെ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരുന്നെങ്കിലും . ഫരീദിനെ രക്ഷിക്കാൻ ശ്രമിച്ചതിന് അവരും മർദിക്കപ്പെട്ടു.

മൊഹമ്മദ് ഫരീദിനെതിരായുള്ള ആക്രമണം

ആൾക്കൂട്ട ആക്രമണത്തിന് ശേഷം ചിലർ അദ്ദേഹത്തെ മൽഖാൻ സിങ് ആശുപത്രിയിൽ എത്തിച്ചു. അവിടെ ഡോക്ടർമാരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച് ബാറ്റൺ കൊണ്ടുള്ള മർദനത്തിൽ 22 മുറിവുകൾ, മൂന്ന് ഒടിഞ്ഞ വാരിയെല്ലുകൾ, തുളഞ്ഞ ശ്വാസകോശം, തലയോട്ടി പൊട്ടിയത് തുടങ്ങിയ മാരകമായ മുറിവുകളാണ് ആ മനുഷ്യന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. അമിത രക്തസ്രാവം മൂലം അദ്ദേഹം താമസിയാതെ മരിച്ചു. എന്നിട്ടും ഫരീദ് കള്ളനാണെന്ന് പ്രാദേശിക ബജ്റംഗ്ദൾ പ്രവർത്തകർ അവകാശപ്പെട്ടു. വീട്ടിലെ ഏക വരുമാനമായിരുന്ന ഒരു ജീവനാണ് ഗോ രക്ഷകരുടെ കൈ കൊണ്ട് പൊലിഞ്ഞത്.

അതേ ദിവസം, ഹിമാചൽ പ്രദേശിലെ നഹാനിൽ, അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എ.ബി.വി.പി) പ്രവർത്തകരുടെ ഒരു കൂട്ടം പ്രവർത്തകർ പോലീസ് നോക്കിനിൽക്കെ ഉത്തർപ്രദേശിൽ നിന്ന് കുടിയേറിയ ജാവേദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വസ്ത്രക്കട കൊള്ളയടിച്ചു . ജാവേദ് തൻ്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്ത മൃഗബലിയുടെ ചിത്രമാണ് പ്രകോപനം സൃഷ്ടിച്ചത്. പെരുന്നാളിന് ബലിയർപ്പിച്ച മൃഗം പശുവല്ല, പോത്താണെന്നും സംസ്ഥാനത്ത് പോത്തുകളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിട്ടില്ലെന്നും പോലീസ് പിന്നീട് സ്ഥിരീകരിച്ചു.

ജനക്കൂട്ടം അദ്ദേഹത്തിന്റെ കട തല്ലി തകർത്തപ്പോൾ ഏക് ഹി നാര, ഏക് ഹി നാം ജയ് ശ്രീറാം എന്ന മുദ്രവാക്യം വിളിച്ച് പറയുകയായിരുന്നു.

മുസ്‌ലിങ്ങൾക്ക് തങ്ങളുടെ കടകളും മറ്റും വാടകക്ക് കൊടുക്കരുതെന്നും ഹിന്ദുത്വ ഗ്രൂപ്പുകൾ നാട്ടുകാരോട് ആഹ്വനം ചെയ്തതായും സ്ക്രോൾ റിപ്പോർട്ട് ചെയ്തു.

വീടുകള്‍ തകര്‍ത്തതിന്റെ വിവരങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പശു ഇറച്ചി സൂക്ഷിച്ചെന്ന് ആരോപിച്ച് മധ്യപ്രദേശിലെ മണ്ഡ്‌ല ജില്ലയില്‍ 11 മുസ്‌ലിം വീടുകളാണ് തകര്‍ത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അടുത്തതായി, ഛത്തീസ്ഗഡിലെ ഒരു ഗ്രാമത്തിൽ 22 കാരിയായ ബിന്ദു സോധി എന്ന ക്രിസ്ത്യൻ യുവതിയായിരുന്നു പിന്നീട് ഹിന്ദുത്വവാദികളുടെ ലക്ഷ്യം . അടുത്തിടെ ക്രിസ്ത്യൻ മതം സ്വീകരിച്ച അവൾ തന്റെ അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം അവരുടെ വയലിൽ നെൽവിത്തുകൾ വിതയ്ക്കുന്നതിനിടെ ജനക്കൂട്ടം അവളെ ആക്രമിക്കുകയായിരുന്നു.

കുഴഞ്ഞുവീണ കുടുംബത്തിന് പോലീസ് യാതൊരു സഹായവും നൽകിയില്ല. പകരം, ബിന്ദുവിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു, കാരണം ക്രിസ്ത്യൻ ആചാരപ്രകാരം അവളെ സംസ്‌കരിക്കണമെന്ന് കുടുംബം ആഗ്രഹിച്ചു, അതേസമയം ഗ്രാമവാസികൾ പോലീസിൻ്റെ നിശബ്ദ
പിന്തുണയോടെ ഹിന്ദു ശവസംസ്‌കാരത്തിന് നിർബന്ധിച്ചു. ബിന്ദുവിന് നേരെയുള്ള ആക്രമണം പ്രദേശത്ത് ആദ്യമായിരുന്നില്ല. അയൽ ഗ്രാമത്തിലെ ഏഴ് ക്രിസ്ത്യൻ കുടുംബങ്ങൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ജൂൺ 12 ന് ആക്രമിക്കപ്പെട്ടിരുന്നു.

കൊല്‍ക്കത്തയില്‍ നടന്ന ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് സിയാസത്തിന്റെ മറ്റൊരു റിപ്പോർട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ജൂണ്‍ 15ന് തെലങ്കാനയിലെ മേദക്കില്‍ മദ്രസക്ക് നേരെ വലതുപക്ഷ സംഘം നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പെരുന്നാളിന് ബലികൊടുക്കാന്‍ മദ്രസ അധികാരികള്‍ കന്നുകാലികളെ വാങ്ങിയിരുന്നു.

ബലിമൃഗങ്ങളെ കൊണ്ടുവന്നതിന് പിന്നാലെ വലതുപക്ഷ സംഘടനകളുടെ പ്രാദേശിക പ്രവര്‍ത്തകര്‍ മദ്രസയ്ക്ക് സമീപം പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.

ഒഡീഷയിലെ ബാലസോറിലും ഖോര്‍ധയിലും വര്‍ഗീയ സംഘര്‍ഷം ഉണ്ടായതിന് പിന്നാലെ ഒരാഴ്ചയിലേറെ സംസ്ഥാന ഭരണകൂടം സ്ഥലത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. പ്രദേശത്ത് മൃഗബലി എതിര്‍ത്ത് ഹിന്ദുത്വ പ്രവര്‍ത്തകര്‍ മുസ്‌ലിങ്ങളുടെ വീടുകള്‍ ആക്രമിക്കുകയായിരുന്നു.

ന്യൂനപക്ഷങ്ങളോടുള്ള ഭരണകൂടത്തിന്റെ പക്ഷപാതവും നിസ്സംഗതയുമാണിവിടെ വെളിവാകുന്നത്. ഇന്ത്യ മതേതര രാജ്യമാണെന്നും നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ മുഖമുദ്രയെന്നും എത്ര തവണ ഉരുവിട്ട് പഠിച്ചാലും ന്യൂനപക്ഷങ്ങളോടുള്ള അതിക്രമത്തിന്റെ കറ അവിടെ മായാതെ കിടക്കുക തന്നെ ചെയ്യും. വർധിച്ച് വരുന്ന ആക്രമങ്ങൾ അതിനുള്ള ഉദാഹരണങ്ങൾ മാത്രം

 

Content Highlight:  Harsh Mander: Optimism after poll results dims as bulldozers return, hate attacks target minorities

 

ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം