Advertisement
Entertainment
ആയുര്‍വേദ ചികിത്സക്കിടെയാണ് ലാലേട്ടന്‍ ആറാട്ടിന്റെ കഥ കേട്ടത്, പിന്നീട് പറഞ്ഞതിങ്ങനെ; ബി.ഉണ്ണികൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 14, 01:43 pm
Monday, 14th December 2020, 7:13 pm

മോഹന്‍ലാലും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം ആറാട്ട് ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കേ സിനിമയുടെ കഥ മോഹന്‍ലാല്‍ കേട്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബി. ഉണ്ണികൃഷ്ണന്‍. കൂറ്റനാടുള്ള ആയുര്‍വേദ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കേയാണ് മോഹന്‍ലാല്‍ ആറാട്ടിന്റെ കഥ കേട്ടതെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു.

ഫോണിലൂടെയാണ് കഥ പറഞ്ഞതെന്നും കഥ കേട്ടയുടന്‍ ഇനി ഒന്നും ആലോചിക്കണ്ട ഇങ്ങു പോരെ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

പിന്നീടാണ് തിരക്കഥാകൃത്തായ ബി. ഉദയകൃഷ്ണയും താനും മോഹന്‍ലാലിനെ പോയി കണ്ടതെന്നും സംവിധായകന്‍ പറയുന്നു. മോഹന്‍ലാലിനെ കഥ മുഴുവന്‍ പറഞ്ഞു കേള്‍പ്പിക്കുന്നത് ദൃശ്യം 2 വിന്റെ ലൊക്കേഷനില്‍ വെച്ചാണെന്നും ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

പുലി മുരുകന് ശേഷം ഉദയ്കൃഷ്ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇത്. ഒരു പ്രത്യേക ലക്ഷ്യത്തോടെ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട് എത്തുന്ന ഗോപന്റെ കഥയാണ് ആറാട്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും അതിന്റെ നമ്പറും വൈറലായിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. ഒരു ഐ.എ.എസ് ഓഫിസറായിട്ടാണ് ശ്രദ്ധ എത്തുന്നത്. ബി. ഉണ്ണികൃഷ്ണനുവേണ്ടി ആദ്യമായിട്ടാണ് ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്നത്. മോഹന്‍ലാലിനെ വെച്ച് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്.

വില്ലനാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് ആറാട്ടിലെ മറ്റു താരങ്ങള്‍.

ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റര്‍: സമീര്‍ മുഹമ്മദ്. സംഗീതം: രാഹുല്‍ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍. പാലക്കാട്, ഹൈദരാബാദ് എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: B Unnikrishnan about Mohanlal