[]തിരുവനന്തപുരം: എ.ഡി.ജി.പി ബി. സന്ധ്യക്ക് ചീഫ് സെക്രട്ടറിയുടെ താക്കീത്. വിവാദ കവിതയുടെ പേരിലാണ് താക്കീത്. കവിതയെഴുത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം.
സാഹിത്യ രചന തുടരാമെന്നും എന്നാല്‍ മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തരുതെന്നും ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തില്‍ പറയുന്നു. രാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരേയും ആക്ഷേപിച്ച് ബി. സന്ധ്യ എഴുതിയ കവിത വിവാദമായിരുന്നു.[]
ഒരു വാരികയില്‍ “എനിക്ക് ഇങ്ങനെയേ ആവാന്‍ കഴിയൂ” എന്ന പേരിലാണ് ബി. സന്ധ്യ കവിത എഴുതിയത്. വിവാദ കവിതയില്‍ സന്ധ്യയോട് പോലീസ് മേധാവി വിശദീകരണം തേടിയിരുന്നു.
പത്താമത്തെ വയസ് മുതല്‍ കവിത എഴുതി തുടങ്ങിയയാളാണ് താനെന്നും അതിനാല്‍ സാഹിത്യസൃഷ്ടിക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥയായതുകൊണ്ട് മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്നുമായിരുന്നു സന്ധ്യ നല്‍കിയ വിശദീകരണം.
കവിതയെഴുതുന്നതിനെ ചോദ്യം ചെയ്യാനാവില്ലെന്നും അടിയന്തരാവസ്ഥക്കാലത്തുപോലും അധികാരികള്‍ ഇതിന് തുനിഞ്ഞിട്ടില്ലെന്നും പോലീസ് മേധാവി കെ.എസ്.ബാലസുബ്രമണ്യത്തിന് നല്‍കിയ വിശദീകരണത്തില്‍ സന്ധ്യ പറഞ്ഞിരുന്നു.
ഒരു നാവുണ്ടെന്ന് കരുതി ആര്‍ക്കെതിരെയും ഇല്ലാത്തത് ചൊല്ലി പൂരപ്പാട്ട് പാടാന്‍ നീയെന്താ പത്രമെഴുത്ത് തൊഴിലാളിയോ എന്ന് ചോദിച്ചാണ് എ.ഡി.ജി.പി കവിത തുടങ്ങിയത്.
തുടര്‍ന്നങ്ങോട്ട് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി രാഷ്ട്രീയക്കാര്‍ വരെ താന്‍ നിരന്തരം ബന്ധപ്പെടുന്ന ഓരോ വിഭാഗത്തിനും എതിരെ ആക്ഷേപം ചൊരിഞ്ഞിട്ടുണ്ട്.
രണ്ടു കാലുണ്ടെന്നു കരുതി ആരെയും കാലുവാരാന്‍, കുതികാല്‍ വെട്ടാന്‍ നീയെന്താ രാഷ്ട്രീയക്കാരനോ എന്നാണ് രാഷ്ട്രിയ നേതൃത്വത്തെ പരാമര്‍ശിച്ചുള്ള വരികള്‍. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് വിവരം ശ്രദ്ധയില്‍പ്പെട്ട ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം ഇടപെട്ടത്.
രണ്ടു കണ്ണുകളുണ്ടെന്നുകരുതി എന്തുമേതും ഒളിഞ്ഞുമാത്രം നോക്കാന്‍, അതു കാഴ്ചപ്പൂരമാക്കാന്‍, നീയെന്താ ദൃശ്യമാധ്യമക്കൂലിക്കാരനോ?” എന്നും ചോദിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും എ.ഡി.ജി.പി വെറുതെവിട്ടില്ല.
പല തട്ടിലുമുള്ള മൂല്യശോഷണത്തെക്കുറിച്ച് പരിതപിക്കുന്ന കവയത്രി പറഞ്ഞവസാനിപ്പിക്കുന്നത് വെറുമൊരു പൗരന്‍ മാത്രമായ തനിക്ക് ഇങ്ങനെയേ ആവാന്‍ കഴിയൂ എന്നാണ്.