സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ നാണംകെട്ട തോല്‍വി വഴങ്ങിയിരിക്കുകയാണ് ഇന്ത്യ. ഇന്നിങ്സിനും 32 റണ്‍സിനുമാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ തലകുനിച്ചത്.
ആദ്യ ഇന്നിങ്സില്‍ സൗത്ത് ആഫ്രിക്കെക്കെതിരെ ഇന്ത്യ 245 റണ്‍സ് നേടിയപ്പോള്‍ തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക 408 റണ്‍സ് നേടി 163 റണ്‍സിന്റെ ലീഡ് സ്വന്തമാക്കുകയായിരുന്നു.
എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ ഇറങ്ങിയ ഇന്ത്യക്ക് വെറും 131 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് ഇന്ത്യയെ തോല്‍വിയില്‍ എത്തിച്ചത്.
ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ പരാജയപ്പെട്ടതോടെ ഒരുപാട് വിമര്‍ശനങ്ങളും താരങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ഇപ്പോള്‍ ബൗളിങ് സ്‌ക്വാഡിലേക്ക് ഇന്ത്യന്‍ പേസര്‍ ആവേശ് ഖാനെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.
സൗത്ത് ആഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ പരിക്കേറ്റ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കു പകരം ആവേശ് ഖാനെ ഉള്‍പ്പെടുത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബി.സി.സി.ഐ.യാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തവര്‍ഷം ജനുവരി മൂന്ന് മുതല്‍ കേപ്ടൗണിലെ ന്യൂസിലാന്‍ഡിലാണ് രണ്ടാം ടെസ്റ്റ്.
പരിക്കുകാരണം ഷമിക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പങ്കെടുക്കാന്‍ ബി.സി.സി.ഐ. അനുമതി നല്‍കിയിരുന്നില്ല. ഫിറ്റ്നസ് ടെസ്റ്റിനുശേഷം മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഷമിയെ ഒഴിവാക്കിയത്. എന്നാല്‍, ഷമിക്ക് പകരക്കാരനെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ആവേശ് ഖാന്‍ ഉള്‍പ്പെട്ടിരുന്നു. പരമ്പരയില്‍ ആറ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ എ ടീമിനൊപ്പവും ആവേശ് ഖാന്‍ കളിച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെ എ ടീമിന് എതിരെയുള്ള മത്സരത്തില്‍ 54 റണ്‍സ് വിട്ടുനല്‍കി അഞ്ച് വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ആവേശ് ഖാന്‍.
രണ്ടാം ഇന്നിങ്‌സില്‍ യശ്വസി ജയ്സ്വാള്‍ അഞ്ച് റണ്‍സിന് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് എട്ട് പന്ത് കളിച്ച് പൂജ്യം റണ്‍സിന് പുറത്തായി ഏറെ നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്സിലും രോഹിത് വെറും അഞ്ച് റണ്‍സിനാണ് പുറത്തായത്.
സൗത്ത് ആഫ്രിക്കന്‍ ബൗളിങ്ങില്‍ നാന്ദ്രേ ബര്‍ഗര്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ കഗീസോ റബാദ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. വെറും ഏഴ് ഓവറില്‍ മാര്‍ക്കോ യാന്‍സണ്‍ മൂന്നു വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.
Content Highlight: Avesh Khan in the squad against South Africa