ആവളപ്പാണ്ടി പാടശേഖരത്തില്‍ മണ്ണിട്ട് നികത്തി റോഡ് നിര്‍മിക്കാനുള്ള ഗെയ്ല്‍ അധികൃതരുടെ തീരുമാനത്തിനെതിരെ ജനകീയ കൂട്ടായ്മ. എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ കര്‍ഷക സംഘടനകളെയും യുവജനകൂട്ടായ്മകളെയും പങ്കെടുപ്പിച്ച് കൊണ്ട് സെപ്റ്റംബര്‍ 29ന് വൈകുന്നേരം നാലുമണിക്കാണ് പരിപാടി. ഭാവി നടപടികള്‍ തീരുമാനിക്കുന്നതിന്റെ ഭാഗമായി ജനകീയ സംഘടിപ്പിക്കുന്നതെന്ന് എ.ഐ.എസ്.എഫ്ജില്ലാ കമ്മിറ്റി അംഗം അശ്വിന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
3000 ഹെക്ടര്‍ വ്യാപിച്ച് കിടക്കുന്ന വയലിന് നടുവിലൂടെയാണ് ഗെയ്ല്‍ അധികൃതര്‍ ഇവിടെ റോഡു നിര്‍മ്മാണം ആരംഭിച്ചിരുന്നത്. പത്തു മീറ്റര്‍ വീതിയില്‍ മൂന്നടിയോളം ഉയരത്തില്‍ ഇതിനകം തന്നെ അധികൃതര്‍ മണ്ണിട്ടിട്ടുണ്ട്.
മെയ് മാസം ആദ്യമാണ് നികത്തല്‍ നടപടികള്‍ ആരംഭിച്ചത്. അന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. ഇപ്പോള്‍ പ്രളയശേഷം വീണ്ടും റോഡുനിര്‍മ്മാണം പുനരാരംഭിച്ചതോടെയാണ് വീണ്ടും മണ്ണിടല്‍ ആരംഭിച്ചത്. വീട് നിര്‍മ്മിക്കാനെന്ന പേരില്‍ കിട്ടിയ അനുമതി ഉപയോഗിച്ചായിരുന്നു ഈ ശ്രമം. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ഇതിപ്പോള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. എന്നാല്‍ താത്ക്കാലികമായി മാത്രമാണ് ഗെയ്‌ലിന്റെ ഈ പിന്മാറ്റമെന്നാണ് വിലയിരുത്തല്‍.
ഗെയ്ല്‍ പദ്ധതിക്കായി പ്രദേശത്തെ കര്‍ഷകര്‍ പാടത്തിന്റെ ഒരുവശം വിട്ടുനല്‍കിയിരുന്നു. എന്നാല്‍ ഇതിന് പുറമെയാണ് വീണ്ടും വയല്‍ നികത്തിയുള്ള റോഡു നിര്‍മ്മാണം. ഗെയ്ല്‍ പൈപ്പ് ലൈന്‍ നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടു പോകാനാണെന്നാണ് ഇതിന് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പാടശേഖരത്തിലൂടെ പത്തുകിലോമീറ്റര്‍ നീളത്തില്‍ റോഡ്‌നിര്‍മ്മാണത്തിന് ഗെയില്‍ ശ്രമിക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. മണ്ണിടല്‍ താത്ക്കാലികമാണെന്ന് പറയുന്നുണ്ടെങ്കിലും പണി പൂര്‍ത്തിയായാല്‍ നീക്കം ചെയ്യുമെന്ന് ഗെയ്്ല്‍ അധികൃതര്‍ക്കോ ജില്ലാ ഭരണകൂടത്തിനോ ഉറപ്പ് നല്‍കാന്‍ കഴിയുന്നില്ല.
സമീപത്തുള്ള പൂവാലോറകുന്ന് ഇടിച്ചാണ് വയല്‍ നികത്താനായുള്ള മണ്ണ് അധികൃതര്‍ കണ്ടെത്തുന്നതെന്ന് അശ്വിന്‍ പറയുന്നു.
വാസ്തവത്തില്‍ കൃഷിഭൂമി പിടിച്ചെടുത്തു കൊണ്ടാണ് ഈ മണ്ണിടല്‍ നടക്കുന്നത്. വലിയൊരു മലയുടെ അടിഭാഗം തുരന്നാണ് മണ്ണെടുക്കുന്നത് അനുമതി കിട്ടിയതിലധികം മണ്ണ് ഈ മേഖലയില്‍ നിന്ന ഖനനം ചെയ്ത് കൊണ്ടുപോയിട്ടുണ്ട്. വാട്ടര്‍ടാങ്ക്, ശ്മശാനം, ക്ഷേത്രം എന്നിവയെല്ലാം ഈ കുന്നിന് മുകളില്‍ നിലനില്‍ക്കുന്നുണ്ട്. പാടശേഖരത്തിനടുത്തുള്ള തോടിന്റെ ഒഴുക്ക് ഇല്ലാതാക്കി കൊണ്ട് കുറുകെയാണ് ഈ റോഡ് നിര്‍മ്മിക്കുന്നത്. അലൈന്‍മെന്റും മണ്ണടിക്കലുമൊക്കെ കഴിഞ്ഞാല്‍ കര്‍ഷകന് ഭൂമി പൂര്‍ണ്ണമായും ഇല്ലാതാവുന്ന സാഹചര്യമാണുള്ളതെന്നും അശ്വിന്‍ പറയുന്നു.
വയല്‍ നികത്തുന്നതിന് പുറമെയാണ് പ്രദേശത്തെ വില്ലേജ് സ്റ്റോപ്പ് മെമ്മോ നല്‍കിയ ഈ കുന്നിടിക്കലും. സംസ്ഥാനത്തെ പ്രളയക്കെടുതി അവസാനിക്കുന്നതിന് മുമ്പ് തന്നെയാണ് പരിസ്ഥിതി വിരുദ്ധമായ ഈ നടപടികള്‍.
മൂന്നു പതിറ്റാണ്ട് തരിശായി കിടന്ന ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ആവളപ്പാണ്ടിയിലെ ഈ പാടശേഖരത്തില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ കൃഷിയിറക്കിയിരുന്നു. ഇതോടനുബന്ധിച്ച് കഴിഞ്ഞ ഡിസംബറില്‍ പാടശേഖരത്ത് വിത്തുവിതയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്ന് ആവളപ്പാണ്ടിയില്‍ സംസ്ഥാനതല ഞാറുനടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തത്.
2016 ഡിസംബറില്‍ ആണ് ആവളപ്പാണ്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇത്തവണ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലും ഇത്തരത്തില്‍ മൂടപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് ജില്ലയുടെ നെല്ലറ എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന പാടശേഖരമാണ് ആവളപാണ്ടി. ഇപ്പോള്‍ വികസനത്തിന്റെ പേരില്‍ പരിസ്ഥിതി നശിപ്പിക്കുമ്പോള്‍ ഇവിടത്തെ കൃഷി ഇല്ലാതാവുകയാണ് സംഭവിക്കുക. ഇതിന് പുറമെ കുറ്റ്യാടിപ്പുഴയുടെ കൈവഴിയായ ഗുളികപ്പുഴയുടെ ഒഴുക്ക് നിലയ്ക്കുമെന്നും പ്രദേശത്ത് കുടിവെള്ള ക്ഷാമമുണ്ടാവുമെന്നും ആശങ്ക നിലനില്‍ക്കുന്നു.