വാക്കുപാലിച്ച് കമ്മിന്‍സ്; 2007ന് പിന്നാലെ 2003ഉം ആവര്‍ത്തിച്ചു; ആറാം കിരീടമണിഞ്ഞ് ഓസീസ്
icc world cup
വാക്കുപാലിച്ച് കമ്മിന്‍സ്; 2007ന് പിന്നാലെ 2003ഉം ആവര്‍ത്തിച്ചു; ആറാം കിരീടമണിഞ്ഞ് ഓസീസ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 19th November 2023, 9:30 pm

2023 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് കീഴടക്കി ഓസ്‌ട്രേലിയ. ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് നാല് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രോഹിത് ശര്‍മ – ശുഭ്മന്‍ ഗില്‍ കോംബോയുടെ മറ്റൊരു വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകര്‍ക്ക് പിഴച്ചു. നാല് പന്തില്‍ മൂന്ന് റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കിന് വിക്കറ്റ് നല്‍കി ഗില്‍ പുറത്തായി.

ഗില്‍ പുറത്തായെങ്കിലും തന്റെ പതിവ് രീതികളില്‍ ഒരു മാറ്റവും വരുത്താതെ രോഹിത് ശര്‍മ തകര്‍ത്തടിച്ചു. ഫിയര്‍ലെസ് ക്രിക്കറ്റിങ് ഷോട്ടുകള്‍ ഹിറ്റ്മാന്റെ ബാറ്റില്‍ നിന്നും പിറവിയെടുത്തപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗത്തില്‍ ചലിച്ചു. ഒടുവില്‍ ടീം സ്‌കോര്‍ 76ല്‍ നില്‍ക്കവെ രോഹിത് പുറത്തായി.

107 പന്തില്‍ 66 റണ്‍സ് നേടിയ കെ.എല്‍. രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിരാട് കോഹ്‌ലി 63 പന്തില്‍ 54 റണ്‍സ് നടിയപ്പോള്‍ 31 പന്തില്‍ 47 റണ്‍സാണ് രോഹിത് നേടിയത്.

എന്നാല്‍ പ്രതീക്ഷവെച്ച പല താരങ്ങള്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയതോടെയാണ് ഇന്ത്യ 240 റണ്‍സിലൊതുങ്ങിയത്. ശുഭ്മന്‍ ഗില്‍ (ഏഴ് പന്തില്‍ മൂന്ന്), ശ്രേയസ് അയ്യര്‍ (മൂന്ന് പന്തില്‍ നാല്) എന്നിവര്‍ക്ക് സ്‌കോറിങ്ങില്‍ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല.

ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്സല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദം സാംപയും ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രലിയക്ക് ഡേവിഡ് വാര്‍ണറിനെ തുടക്കത്തിലേ നഷ്ടമായിരുന്നു. ടീം സ്‌കോര്‍ 50 കടക്കും മുമ്പേ മൂന്ന് വിക്കറ്റ് വീണ ഓസീസ് പതറിയിരുന്നു.

എന്നാല്‍ ഓപ്പണറായി കളത്തിലെത്തിയ ട്രാവിസ് ഹെഡിന്റെ അപരാജിത സെഞ്ച്വറിക്ക് പിന്നാലെ ഓസീസ് വിജയത്തിലേക്ക് നടന്നുകയറി. 120 പന്തില്‍ 137 റണ്‍സാണ് ഹെഡ് സ്വന്തമാക്കിയത്.

ഹെഡിന് മികച്ച പിന്തുണയുമായി കളത്തില്‍ ഉറച്ചുനിന്ന മാര്‍നസ് ലബുഷാനും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.

ഒടുവില്‍ ഏഴ് ഓവര്‍ ബാക്കി നില്‍ക്കവെ ഓസീസ് വിജയമാഘോഷിച്ചു.

2003 ലോകകപ്പിന്റെ തനിപ്പകര്‍പ്പെന്നോണമായിരുന്നു ഓസീസിന്റെ വിജയം. അന്ന് സൗരവ് ഗാംഗുലി നയിച്ച ഇന്ത്യയെ പരാജയപ്പെടുത്തിയായിരുന്നു പോണ്ടിങ് കങ്കാരുക്കളെ മൂന്നാം കിരീടം ചൂടിച്ചതെങ്കില്‍ ഇന്ന് രോഹിത്തിന്റെ ഇന്ത്യയെ കമ്മിന്‍സും സംഘവും തോല്‍പിക്കുകയായിരുന്നു.

 

സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയായിരുന്നു ഓസീസ് ഫൈനലില്‍ പ്രവേശിച്ചത്. 2007 ലോകകപ്പിന്റെ സെമി ഫൈനലിലും സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഓസീസ് ഫൈനലില്‍ പ്രവേശിച്ചതും ലങ്കയെ പരാജയപ്പെടുത്തി ഹാട്രിക് കിരീടം നേടിയതും.

1987, 1999, 2003, 2007, 2015, 2023 വര്‍ഷങ്ങളിലാണ് ഓസീസ് ലോകത്തിന്റെ നെറുകയിലെത്തിയത്. 2023ല്‍ ഓസ്‌ട്രേലിയയുടെ രണ്ടാം ഐ.സി.സി കിരീട ജയമാണിത്. 2023 ജൂലൈയില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കിയിരുന്നു.

Content highlight: Australia defeated India to lift the World cup