ലേലത്തിന് വെച്ച മറഡോണയുടെ 90 സ്വത്തുവകകള്‍ക്കാണ് വലിയ ലേലത്തുകകളൊന്നും ലഭിക്കാതെ പോയത്. മറഡോണ ഉപയോഗിച്ചിരുന്ന രണ്ട് ബി.എം.ഡബ്ല്യൂ കാറുകള്‍, സമുദ്രതീരത്തെ വില്ല തുടങ്ങിയവ ലേലത്തില്‍ വില്‍ക്കാനും സാധിച്ചിട്ടില്ല.
‘ഡിഗോയുടെ ആരാധകരാവും ലേലത്തില്‍ പങ്കെടുക്കുന്നത്. ഡിഗോ ഉപയോഗിച്ചിരുന്ന ഏതെങ്കിലും ഒരു വസ്തു സുവനീര്‍ എന്ന നിലയില്‍ സ്വന്തമാക്കുന്നത് അവരെ സംബന്ധിച്ച് വളരെ വലിയ കാര്യമാവും,’ എന്നായിരുന്നു ലേലം നടക്കുന്നതിന് മുമ്പ് ലേല ഉദ്യോഗസ്ഥനായ ഏഡ്രിയന്‍ മര്‍കാഡോ പ്രതികരിച്ചിരുന്നത്.
എന്നാല്‍ ലേലത്തിന് ലഭിക്കുന്ന പ്രതികരണം നേരെ മറിച്ചാണ്.
ഇറ്റലി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, റഷ്യ, ദുബായ്, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നായി 1500ലധികം പേര്‍ ലേലത്തില്‍ പങ്കെടുക്കാനായി താല്‍പര്യപ്പെട്ടിരുന്നു എന്നാണ് സംഘാടകര്‍ അറിയിച്ചത്.
ഞായറാഴ്ച 11 മണിക്ക് ഓണ്‍ലൈനായിട്ടായിരുന്നു ലേലം സംഘടിപ്പിച്ചത്. എന്നാല്‍ മൂന്ന് മണിക്കൂറോളം നീണ്ട ലേലത്തിന് ശേഷം ആകെ 26,000 ഡോളറിന്റെ സാധനങ്ങള്‍ മാത്രമാണ് വിറ്റുപോയത്.
1.4 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സ്വത്തുവകകള്‍ക്ക് ലേലത്തില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ പറ്റിയില്ല.
മറഡോണയുടെ ബാധ്യതകള്‍ തീര്‍ക്കാനായി ലേലം സംഘടിപ്പിക്കാന്‍ കോടതിയായിരുന്നു ഉത്തരവിട്ടത്. അതിനാല്‍ വില്‍ക്കാന്‍ പറ്റാത്ത സാധനങ്ങള്‍ ഇനി എന്ത് ചെയ്യണമെന്ന് കോടതിയായിരിക്കും തീരുമാനിക്കുക.
‘ദി ഓക്ഷന്‍ 10’ (ലേലം 10) എന്നായിരുന്നു ലേലത്തിന് പേരിട്ടത്. 1986ലെ മറഡോണയുടെ ലോകകപ്പ് വിജയത്തെ അനുസ്മരിപ്പിക്കുന്നതിനാണ് ലേലത്തിന് ഈ പേര് നല്‍കിയതെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
മറഡോണ തന്റെ മാതാപിതാക്കള്‍ക്ക് സമ്മാനമായി നല്‍കിയ ബ്യൂണസ് ഐറിസിലെ വില്ലയാണ് ലേലത്തിലെ ഏറ്റവും മൂല്യമേറിയ വസ്തുവായി കണക്കാന്നുത്. 9 ലക്ഷം ഡോളറാണ് ഇതിന് അടിസ്ഥാന വിലയിട്ടത്.
ഇതോടൊപ്പം അദ്ദേഹത്തിന്റെ ബി.എം.ഡബ്ല്യൂ അടക്കമുള്ള കാറുകളും ലേലത്തില്‍ വെച്ചിട്ടുണ്ട്. രണ്ടേ കാല്‍ ലക്ഷം ഡോളറാണ് ബി.എം.ഡബ്ല്യൂവിന്റെ അടിസ്ഥാന വില.
ക്യൂബന്‍ വിപ്ലവനേതാവ് ഫിദല്‍ കാസ്ട്രോയോടൊപ്പമുള്ള ചിത്രം, മറഡോണയുടെ തൊപ്പി, സോക്കര്‍ ബൂട്ട്, ടീഷര്‍ട്ടുകള്‍, ജിം ഉപകരണങ്ങള്‍, അദ്ദേഹത്തിന്റെ ഒപ്പുള്ള ഗിറ്റാര്‍, അദ്ദേഹം ഉപയോഗിച്ചിരുന്ന ഒരു പെട്ടി, സിഗാര്‍ എന്നിവയും ലേലത്തില്‍ വെച്ചിട്ടുണ്ട്.
ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 നവംബര്‍ 25ന് മറഡോണ മരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ലേലം നടക്കുന്നത്.
അന്താരാഷ്ട്ര ഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്. 1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി കളിച്ചിട്ടുണ്ട്.