മഹാരാജാസ് കോളേജിലെ മരം മുറിച്ച് കടത്താന്‍ ശ്രമം; ലോറി തടഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍
Kerala News
മഹാരാജാസ് കോളേജിലെ മരം മുറിച്ച് കടത്താന്‍ ശ്രമം; ലോറി തടഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th October 2021, 5:58 pm

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ മരം മുറിച്ചു കടത്താന്‍ ശ്രമെന്ന് ആരോപണം. മുറിച്ചിട്ട മരം കയറ്റി കൊണ്ടുപോകാനെത്തിയ ലോറി എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തടഞ്ഞു.

കോളെജിലെ ലൈബ്രറിക്ക് സമീപമുണ്ടായിരുന്ന മുറിച്ചിട്ട മരമായിരുന്നു കടത്താന്‍ ശ്രമിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിക്ക് എതിര്‍വശത്ത് പുതിയ ലൈബ്രറി ബ്ലോക്കിനടുത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ലോറിയില്‍ മരം കയറ്റുന്നത് കണ്ട എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വാഹനം തടയുകയായിരുന്നു.

കൃത്യമായ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് മരം മുറിച്ചതെന്നും കോളേജ് അധികൃതരുടെ പിന്തുണയോടെയാണ് ഇത് കടത്തുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളില്ലാത്ത നേരത്ത് ഇത്തരത്തില്‍ മരം കടത്തിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.എന്നാല്‍ മരം മുറിച്ചു മാറ്റാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും ആരാണ് മരം കൊണ്ടുപോകുന്നതെന്ന് അറിയില്ലെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

ലൈബ്രറി കെട്ടിടത്തിന് പിന്നിലായി ജല അതോറിറ്റിയുടെ മുറ്റത്തേക്ക് ചരിഞ്ഞുപോയ ആല്‍മരം അടക്കമുള്ളവ മുറിച്ചിട്ടിരുന്നു. ഇത് നീക്കണമെങ്കില്‍ വനംവകുപ്പിന്റെ വിലനിര്‍ണയം, അതിന്റെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണം. ഇതൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്താണുണ്ടായതെന്ന് പരിശോധിച്ച് പൊലീസില്‍ പരാതി നല്‍കുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Attempt to smuggle wood from Maharaja’s College; SFI Members block the lorry